നിധീഷ് കുമാറിനെ സെക്യുലർ അലയൻസിന്റെ ബിഹാറിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി ഉയർത്തിക്കാട്ടാൻ ലാലുപ്രസാദ് യാദവ് തീരുമാനിച്ചത് ഇക്കാര്യത്തിൽ ബിജെപിയെ സമ്മർദത്തിലാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ താൽപര്യപ്പെടാതിരുന്ന ബിജെപി ഇപ്പോൾ പുനർ വിചിന്തനം ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ്. മുൻ ഉപമുഖ്യമന്ത്രിയായ സുശീൽ കുമാർ മോദിയെ മുഖ്യമന്ത്രിസ്ഥാനാർത്ഥിയാക്കാനാണ് ബിജെപി താൽപര്യപ്പെടുന്നത്. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കേണ്ടത് ബിജെപിയുടെ പാർലിമെന്ററി ബോർഡാണെന്നാണ് ഒരു ബിജെപി നേതാവ് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞിരിക്കുന്നത്. നിതീഷ്‌കുമാറിനെതിരെ മുഖ്യമന്ത്രിസ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടാതെ ബിജെപി മുന്നോട്ട് പോകരുതെന്നാണ് മറ്റ് ചില ബിജെപി നേതാക്കന്മാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരാളെ മുഖ്യമന്ത്രിസ്ഥാനാർത്ഥിയാക്കി ഉയർത്തിക്കാട്ടിയാൽ ഈ സ്ഥാനം കൊതിക്കുന്ന പാർട്ടിയിലെ മറ്റുള്ളവരുടെ അസംതൃപ്തിക്ക് അത് കാരണമാവുകയും അത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ദോഷം ചെയ്യുമെന്നുമാണ നേതൃത്വം ഭയപ്പെടുന്നത്. അതിനാലാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ ബിജെപി മടിക്കുന്നത്.

തെരഞ്ഞെടുപ്പിൽ ഭൂരപക്ഷം ലഭിക്കുകയാണെങ്കിൽ അതിൽ നിന്ന് ഒരു നേതാവിനെ തെരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നാണ് ഒരു ബിജെപി നേതാവ് പറയുന്നത്. ഹരിയാനയിലും മഹാരാഷ്ട്രയിലും ജാർഖഡിലും പാർട്ടി ഈ വിഷയത്തിൽ യാതൊരു ബുദ്ധിമുട്ടും അഭിമുഖീകരിച്ചിരുന്നില്ല്.അവിടങ്ങളിൽ ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടിയല്ല തങ്ങൾ തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും ബിജെപി നേതാവ് ചൂണ്ടിക്കാട്ടി.

ബിജെപി ഭൂരിപക്ഷം നേടുകയാണെങ്കില് സുശീൽ മോദി തന്നെയായിരിക്കും മുഖ്യമന്ത്രിയെന്നാണ് ഒരു പാർട്ടി ഉറവിടം സൂചിപ്പിക്കുന്നത്.മുഖ്യമന്ത്രിസ്ഥാനാർത്ഥിയെന്ന നിലയിലുള്ള നീക്കങ്ങൾ സുശീൽ നടത്തുന്നുമുണ്ട്. നിതീഷ്‌കുമാർ നടത്തുന്നത് പോലുള്ള ജനതാ ദർബാറുകൾ ബിജെപിക്ക് വേണ്ടി നടത്തുന്നത് ഇദ്ദേഹമാണ്. പാർട്ടി അധികാരത്തിൽ വരുകയാണെങ്കിൽ കാർഷികലോണുകൾക്കുള്ള പലിശനിരക്ക് കുറയ്ക്കുമെന്ന വാഗ്ദാനവും അദ്ദേഹം പുറപ്പെടുവിച്ചിരുന്നു.