ന്യൂഡൽഹി: ഗുരുതരരോഗം ബാധിച്ച് ജീവൻ അപകടത്തിലായ പാക് ശിശുവിന് ഇന്ത്യയിൽ വിദഗ്ദ ചികിത്സയ്ക്ക് അവസരം ഒരുക്കി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. അതിർത്തിയിലെ സംഘർഷങ്ങളും കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ അടക്കമുള്ള വിഷയങ്ങളും പാക്കിസ്ഥാനുമായുള്ള സംഘർഷം വർധിപ്പിച്ചിരിക്കുന്നതിനിടിയിലാണ് സുഷമയുടെ നന്മപ്രവർത്തി.

കുഞ്ഞിന്റെ അച്ഛൻ സോഷ്യൽ മീഡിയിൽ പങ്കുവച്ച ഫോട്ടോ സഹിതമുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെയാണ് സുഷമ കുഞ്ഞിന് ചികിത്സാ സൗകര്യം ഒരുക്കാൻ അനുവദിച്ചത്. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ സംഭവിക്കുന്നതിനെക്കുറിച്ച് രോഗിയായ തന്റെ മകന് ഒന്നും അറിയില്ലെന്നായിരുന്നു ്അച്ഛൻ കെൻ സയീദിന്റെ പോസ്റ്റ്.

ഹൃദ്രോഹം ബാധിച്ച തന്റെ രണ്ടുവയസുള്ള കുഞ്ഞിന് പാക്കിസ്ഥാനിൽ വിദഗ്ധ ചികിത്സ ലഭ്യമല്ലാത്തതിനെ തുടർന്നാണ് കെൻ സയീദ് ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചത്. ഹൃദ്രോഗത്താൽ കുഞ്ഞിന്റെ ജീവൻ തന്നെ അപകടത്തിലായിരിക്കുകയാണ്. അവസാന പ്രതീക്ഷയെന്ന നിലയിലാണ് സുഷമയെ കെൻ സയീദ് സമീപിച്ചത്.

സാധാരണക്കാർക്കും നയതന്ത്ര സഹായം ലഭ്യമാക്കുന്നതിനായി സുഷമ സൃഷ്ടിച്ച ട്വിറ്റർ പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു സയീദിന്റെ സഹായാഭ്യർഥനയും.
ട്വിറ്ററിൽ മകന്റെ ചിത്രത്തിനൊപ്പം സയീദ് കുറിച്ച വാക്കുകളിങ്ങനെ:

''ഇവൻ എന്റെ മകനാണ്. അവന്റെ രോഗത്തെക്കുറിച്ചോ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ സംഭവിക്കുന്നതിനെക്കുറിച്ചോ ഇവനറിയില്ല.''

സയീദിന്റെ പോസ്റ്റിനു കീഴിൽ അദ്ദേഹത്തിന്റെ കുഞ്ഞിന് സഹായം ഉറപ്പാക്കണമെന്ന അഭ്യർത്ഥനയുമായി ഒട്ടേറെ ഇന്ത്യക്കാരുമെത്തിയതോടെ പോസ്റ്റ് വൈറലായി. കുഞ്ഞിന്റെ ആയുരാരോഗ്യത്തിനായി പ്രാർത്ഥനയും ആശംസകളും നേർന്ന് കമന്റുകൾ കുമിഞ്ഞുകൂടുന്നതിനിടെ, സാക്ഷാൽ ഇന്ത്യൻ വിദേശകാര്യമന്ത്രിയിൽനിന്നും മറുപടിയെത്തി. അതിങ്ങനെ:

''ഇല്ല. ഈ കുഞ്ഞ് സഹിക്കേണ്ടി വരില്ല. പാക്കിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തെ ബന്ധപ്പെടുക. ഞങ്ങൾ മെഡിക്കൽ വീസ ലഭ്യമാക്കാം.''

സുഷമയുടെ നിർദ്ദേശപ്രകാരം ഇന്ത്യൻ എംബസിയെ സമീപിച്ച സയീദിനും കുടുംബത്തിനും നിരാശപ്പെടേണ്ടി വന്നില്ല. മൂന്നു മാസത്തെ വീസയ്ക്കായി ശ്രമിച്ചുവന്ന സയീദിനും കുടുംബത്തിനും നാലു മാസത്തേയ്ക്കുള്ള വീസയാണ് വിദേശകാര്യ മന്ത്രാലയം അനുവദിച്ചത്. എന്തായാലും, ഇനിയും അണഞ്ഞിട്ടില്ലാത്ത മാനുഷികതയുടെ ഓർമ്മപ്പെടുത്തലുമായെത്തിയ സുഷമയുടെ മറുപടിക്ക് ട്വിറ്ററിൽ അഭിനന്ദന പ്രവാഹമാണ്.

സുഷമ സ്വരാജിന്റെ നല്ല മനസ്സിന് നന്ദിയറിയിച്ച് സയീദിന്റെ ട്വീറ്റും പിന്നാലെയെത്തി. പ്രകടമായ അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും മനുഷ്യത്വം നിലനിൽക്കുന്ന കാഴ്ച ഏറ്റവും ഹൃദ്യമായ ഒന്നാണ്. നിങ്ങളുടെ എല്ലാ ശ്രമങ്ങൾക്കും നന്ദി. മനുഷ്യത്വം ഇപ്പോഴും നിലനിൽക്കുന്നു. എല്ലാവരെയും സർവശക്തൻ അനുഗ്രഹിക്കട്ടെ.