ന്യൂഡൽഹി: ലളിത് മോദി വിഷയത്തിൽ തുടർച്ചയായി പാർലമെന്റ് സ്തംഭിപ്പിക്കുന്ന കോൺഗ്രസിനും പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കും രൂക്ഷമായ ഭാഷയിൽ മറുപടി നൽകി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രംഗത്തെത്തി. തന്റെ രാജി ആവശ്യപ്പെട്ട് ബഹളം വച്ച കോൺഗ്രസിനെ ശക്തമായ പ്രത്യാക്രമണം കൊണ്ടാണ് ഇന്ന് സുഷമ നേരിട്ടത്. ഇതിനായി കോൺഗ്രസിന്റെ പൂർവകാല ചരിത്രം സുഷമ എടുത്തിട്ടു. കോൺഗ്രസ് തനിക്ക് നീതി നിഷേധിക്കുകയാണെന്നും സുഷമ പറഞ്ഞു.

തന്റെ മകളും ഭർത്താവും ലളിത് മോദിയിൽനിന്നു പണം വാങ്ങിയിട്ടില്ലെന്ന് ആവർത്തിച്ച ശേഷമാണ് സുഷമ രാഹുലിനും സോണിയക്കും എതിരെ തിരിഞ്ഞത്. ലളിത് മോദി വിഷയത്തിൽ പാർലമെന്റിൽ പ്രസ്താവന നടത്തുകയായിരുന്നു അവർ. കഴിഞ്ഞ നാലു വർഷത്തിനിടെ ലളിത് മോദിയെ ഇന്ത്യയിലെത്തിക്കാൻ ഒരു കത്തുപോലും കോൺഗ്രസ് എഴുതിയില്ലെന്നും സുഷമ കുറ്റപ്പെടുത്തി. പ്രസ്താവനയിൽ കോൺഗ്രസിനെതിരേ രൂക്ഷമായ വിമർശനമാണു സുഷമാ സ്വരാജ് ഉയർത്തിയത്. ശാരദാ ചിട്ടി തട്ടിപ്പു കേസിൽ പി. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം പണം വാങ്ങിയെന്നും സുഷമ ആരോപിച്ചു.

ഭോപ്പാൽ ദുരന്ത കേസിൽ വാറൻ ആൻഡേഴ്‌സനെ രാജീവ് ഗാന്ധി സഹായിച്ചു. ക്വത്‌റോച്ചിയെ രാജ്യം വിടാൻ സഹായിച്ചതും രാജീവ് ഗാന്ധിയാണ്. ഇവരിൽനിന്ന് എത്ര പണം വാങ്ങിയെന്ന് രാഹുൽ അമ്മയോടു ചോദിക്കണം. കുടുംബ സഹൃത്തിനെ രക്ഷിക്കാൻ രാജീവ് രഹസ്യമായി അമേരിക്കയിലെത്തിയെന്നും സുഷമ പാർലമെന്റിൽ പറഞ്ഞു. ഇടയ്ക്കിടയ്ക്ക് അവധി ആഘോഷിക്കാൻ വിദേശത്തേയ്ക്ക് പോകുന്ന രാഹുൽ അടുത്ത തവണ അവധിക്ക് പോയി തനിച്ചിരിക്കുമ്പോൾ സ്വന്തം കുടുംബത്തിന്റെ ചരിത്രം പഠിക്കാൻ കൂടി സമയം കണ്ടെത്തണം-സുഷമ പറഞ്ഞു.

സുഷമയുടെ പ്രസംഗം കോൺഗ്രസ് അംഗങ്ങൾ ബഹളം വച്ച് തടസ്സപ്പെടുത്തുന്നുണ്ടായിരുന്നു. ലളിത് മോദിയെ ഭാര്യയോടൊപ്പം പോർച്ചുഗലിലേക്ക് പോവാൻ അനുവദിക്കുന്നത് ഇന്ത്യ, ബ്രിട്ടൻ ബന്ധത്തെ ബാധിക്കില്ലെന്ന് പറയുന്നത് മോദിയെ സഹായിക്കുന്ന നടപടിയല്ലേയെന്ന് കോൺഗ്രസ് ചോദിച്ചു.

പാർലമെന്റ് സമ്മേളനം അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയായിരുന്നു ലളിത് മോദി വിഷത്തിൽ പാർലമെന്റിൽ കോൺഗ്രസും ബിജെപിയും ഇന്നും കൊമ്പുകോർത്തത്. ഉച്ചയ്ക്ക് 2.30നാണ് ചർച്ച തുടങ്ങിയത്. രാവിലെ സഭ സമ്മേളിച്ചപ്പോൾ, താൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് ആവർത്തിച്ച കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഏത് വിഷയത്തിലും ചർച്ചയ്ക്ക് തയ്യാറാണെന്നും വ്യക്തമാക്കി. തുടർന്ന് ലളിത് മോദി വിവാദം, വ്യാപം കേസ് എന്നിവ അടിയന്തര പ്രമേയമായി ചർച്ച ചെയ്യാൻ കോൺഗ്രസ് നോട്ടീസ് നൽകി. സമ്മേളനം ആരംഭിച്ച ശേഷം ഇതുവരെ സുഗമമായി നടക്കാതിരുന്ന സഭ വിഷയം ചർച്ച ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

കോൺഗ്രസ് കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെയാണ് ചർച്ച തുടങ്ങി വച്ചത്. ബിജെപിക്കും സുഷമയ്ക്കുമെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഖാർഗെ ഉന്നയിച്ചത്. സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് ലളിത് മോദിയെ സുഷമ സഹായിച്ചതെന്ന് ഖാർഗെ ആരോപിച്ചു. എന്നാൽ, തുടർന്ന് സംസാരിച്ച സുഷമാ സ്വരാജ് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം അഴിച്ചുവിടുകയായിരുന്നു.