ന്യൂഡൽഹി: ചോർച്ചയുള്ള കപ്പലിൽനിന്ന് രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ചുള്ള കടലിൽ കുടുങ്ങിയവരുടെ സന്ദേശം ഫലം കാണുന്നു. വിഷയത്തിൽ അടിയന്തര ഇടപെടലിന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നീക്കം തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും 41 ഇന്ത്യക്കാരുടെ ട്വിറ്റർ സന്ദേശമെത്തിയതോടെയാണ് ഈ പ്രശ്‌നം പുറംലോകം അറിയുന്നത്. യു.എ.ഇയിലെ അജ്മാനിൽ നങ്കൂരമിട്ടിരിക്കുന്ന നാലു കപ്പലുകളിലെ ജീവനക്കാരാണ് ദുരിതമനുഭവിക്കുന്നത്.

ഉടമസ്ഥർ ഉപേക്ഷിച്ചുപോയ കപ്പലുകളിൽ ചോർച്ചയുണ്ടായതോടെ മരണത്തെ മുഖാമുഖം കാണുകയാണെന്നു ട്വിറ്റർ സന്ദേശത്തിൽ പറയുന്നു. പാസ്പോർട്ടുകൾ ഉടമസ്ഥരുടെ പക്കലായതിനാൽ കരയിലിറങ്ങാനും കഴിയുന്നില്ല. പലർക്കും 15 മാസത്തിലേറെയായി ശമ്പളം ലഭിച്ചിട്ട്. ഈ സാഹചര്യത്തിൽ ജീവൻ രക്ഷിക്കാൻ ഇടപെടണമെന്നാണ് അപേക്ഷ. വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലാണെങ്കിലും വിദേശ കാര്യമന്ത്രി ഇപ്പോഴും പ്രവർത്തന നിരതയാണ്. അതുകൊണ്ട് തന്നെ പതിവ് പോലെ രോഗക്കിടക്കിയിൽ കിടന്നും പ്രവാസികളുടെ പരാതിയിൽ അടിയന്തര ഇപടെലുകൾക്ക് സുഷമാ നിർദ്ദേശം നൽകി.

ജീവനക്കാരുടെ ബന്ധുക്കളും മന്ത്രിമാർക്കു ട്വിറ്ററിൽ സന്ദേശമയച്ചിരുന്നു. സഹായാഭ്യർഥന ശ്രദ്ധയിൽപ്പെട്ടെന്നും അടിയന്തര നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിനെ സമീപിക്കാൻ കപ്പൽ ജീവനക്കാർക്ക് റിയാദ് ഇന്ത്യൻ എംബസി വഴി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സുഷമാ സ്വരാജ് അറിയിച്ചു. കപ്പലിൽ കുടുങ്ങിയവരെ ക്ഷിക്കാൻ വേണ്ടത് ചെയ്യാൻ കോൺസുലേറ്റിനും നിർദ്ദേശം നൽകിയിട്ടുണ്ട്. യുഎഇ സർക്കാരുമായി ആശയ വിനിമയം നടത്തി ഇവരെ കരയ്ക്ക് എത്തിക്കാനാണ് നീക്കം. ശമ്പള കുടിശിഖ വാങ്ങി കൊടുക്കാനും വേണ്ട ഇടപെടൽ നടത്തും.

ആശുപത്രിയിൽ ചികിത്സയിലാണ്, എന്നാൽ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് തനിക്ക് അസുഖമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രിയിൽ വിശ്രമത്തിൽ കഴിയുന്ന സുഷമാ സ്വരാജ്, ട്വിറ്ററിലൂടെ സുഖാന്വേഷണം നടത്തിയ ആൾക്കാണ് ഇങ്ങനെ മറുപടി നൽകിയത്. ഇത് ശരി വയ്ക്കുന്ന തരത്തിലാമ് വിദേശകാര്യമന്ത്രാലയത്തിന്റെ ഓരോ നടപടിയും. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഏതാനും നാളുകളായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് സുഷമ. എന്നാൽ ആശുപത്രിയിൽ കിടന്നുകൊണ്ടുതന്നെ തന്റെ ജോലിയിൽ മുഴുകുകയാണ് മന്ത്രി.

കഴിഞ്ഞ മാസമാണ് സുഷമാ ശസ്ത്രക്രിയയ്ക്ക് വിധേയായത്. എന്നാൽ ശസ്ത്രക്രിയയ്ക്കു മുൻപും ശേഷവും വിദേശകാര്യ മന്ത്രി എന്ന നിലയിൽ ആവശ്യമുള്ളവർക്ക് സഹായങ്ങൾ നൽകുന്നതിൽ അവർ വ്യാപൃതയായിരുന്നു. ട്വിറ്ററിലൂടെയും അല്ലാതെയും തനിക്കു ലഭിക്കുന്ന പരാതികളിൽ, സ്വദേശത്തും വിദേശത്തുമുള്ള ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സുഷമാ സ്വരാജ് കാട്ടുന്ന ശുഷ്‌കാന്തി ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

തുർക്കിയിലെ ഇസ്താംബൂളിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ ബന്ധുക്കൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിന് നടത്തിയ ഇടപെടലും ഏവരുടേയും കൈയടി നേടി. കുടുംബാംഗങ്ങൾക്ക് ഇസ്താംബൂളിലേയ്ക്കു പോകുന്നതിനുള്ള വിസ ഏർപ്പെടുത്തി നൽകുന്നതിനും മറ്റുമായി തുർക്കിയിലെ ഇന്ത്യൻ സ്ഥാനപതിയുമായി അവർ ആശുപത്രിയിൽ വച്ച് ആശയവിനിമയവും നടത്തി കാര്യങ്ങൾ ശരിയാക്കി. ഖത്തറിൽ രണ്ട് ഇന്ത്യക്കാർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സംഭവത്തിൽ റിപ്പോർട്ട് തേടി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ഖത്തറിലെ ജയിലിൽ കഴിയുന്ന സുബ്രഹ്മണ്യൻ അളഗപ്പ, ചെല്ലദുരൈ പെരുമാൾ എന്നീ രണ്ട് ഇന്ത്യക്കാരെ രക്ഷപെടുത്താൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്ത ആൾക്ക് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

തമിഴ്‌നാട്ടിലെ എംഎൽഎ ആയ എച്ച്. വസന്തകുമാർ ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും അപേക്ഷ നൽകിയിരുന്നു. കഴിഞ്ഞ വർഷമാണ് ഖത്തർ സുപ്രീം കോടതി ഇവർക്ക് വധശിക്ഷ വിധിച്ചത്. ശിവകുമാർ അർജുനൻ എന്നയാൾക്ക് ലഭിച്ച വധശിക്ഷ പിന്നീട് കോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു. അങ്ങനെ തനിക്ക് കിട്ടുന്ന ട്വീറ്റുകളിലെല്ലാം അടിയന്തര നടപടിയെടുക്കുകയാണ് സുഷമാ സ്വരാജ്. ഇതു തന്നെയാണ് കപ്പലിൽ കുടുങ്ങിയ ഇന്ത്യാക്കാർക്കും സന്ദേശമയക്കാൻ പ്രതീക്ഷ നൽകിയത്. അത് ഉടൻ ഫലം കാണുമെന്നാണ് വിദേശകാര്യമന്ത്രാലയം പറയുന്നത്. സുഷമയോട് കപ്പലിലുള്ളവർ സഹായം അഭ്യർത്ഥിക്കുന്ന പോസ്റ്ററുമായുള്ള ചിത്രവും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.