ന്യൂഡൽഹി: പാക്കിസ്ഥാനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കുൽഭൂഷൺ യാദവിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെടുന്ന പ്രസ്താവന തയാറാക്കാൻ കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ സഹായിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. തന്റെ മന്ത്രാലയത്തിൽ കഴിവുള്ളവർക്ക് ക്ഷാമമില്ലെന്നും പ്രാഗൽഭ്യമുള്ള സെക്രട്ടറിമാർ സഹായത്തിനുണ്ടെന്നുമാണ് ഇതുമായി ബന്ധപ്പെട്ട വാർത്തയ്ക്ക് മന്ത്രി ട്വിറ്ററിലൂടെ മറുപടി നൽകിയത്.

കുൽഭൂഷൻ സംഭവത്തിൽ പ്രതിഷേധിച്ച് പാർലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിക്കാനുള്ള പ്രമേയത്തിന്റെ കരട് തയാറാക്കാനാണ് സുഷമ സ്വരാജ് മുൻ യുഎൻ അണ്ടർ സെക്രട്ടറി ജനറൽ ആയിരുന്ന ശശി തരൂരിന്റെ സഹായം തേടിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. പാക്കിസ്ഥാന്റെ നടപടിക്കെതിരേ പാർലമെന്റിന്റെ ഇരു സഭകളും ഭരണ-പ്രതിപക്ഷ ഭേദമെന്യേ ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു.

ജാദവിന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും പ്രസ്താവന നടത്തിയ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, അതിനുപിന്നാലെ ഇക്കാര്യത്തിൽ പ്രസ്താവന തയാറാക്കാൻ തരൂരിനോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കേന്ദ്രസർക്കാർ സഹായം തേടിയ സാഹചര്യത്തിൽ, ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയുടെ അനുമതിയോടെയാണ് പ്രസ്താവന തയാറാക്കാൻ തരൂർ മുന്നിട്ടിറങ്ങിയതെന്നുമായിരുന്നു റിപ്പോർട്ടുകൾ.

കുൽഭൂഷൺ ജാദവിന് വധശിക്ഷ വിധിച്ച പാക്ക് സൈനിക കോടതിയുടെ നടപടിയെ അപലപിക്കാനും ഇക്കാര്യത്തിൽ രാജ്യാന്തര സമൂഹത്തിന്റെ ശ്രദ്ധ തേടാനുമുള്ളതാണ് കേന്ദ്രത്തിന്റെ പ്രസ്താവന. എല്ലാ ഇന്ത്യക്കാരെയും ബാധിക്കുന്ന വിഷയമാണ് ഇതെന്ന് തരൂർ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ നടപടി ഇന്ത്യയ്ക്കു മാത്രമുള്ള അപമാനല്ല. രാജ്യാന്തര നിയമങ്ങളുടെ ലംഘനവും അതിനോടുള്ള വെല്ലുവിളിയുമാണ് ജാദവനെ വധശിക്ഷയ്ക്കു വിധിച്ച നടപടിയെന്നും തരൂർ പറഞ്ഞു.

മുൻപ്, മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സാക്കിയൂർ റഹ്മാൻ ലഖ്വിയ്‌ക്കെതിരായ കേന്ദ്ര സർക്കാരിന്റെ പ്രസ്താവന തയാറാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശശി തരൂരിന്റെ സഹായം തേടിയിരുന്നു.