ന്യൂഡൽഹി: ലളിത് മോദി ബന്ധത്തിന്റെ പേരിൽ തന്റെ രാജിആവശ്യം ശക്തമാക്കുന്ന കോൺഗ്രസ് പാർട്ടിക്ക് മറുപടി നൽകാൻ സുഷമ സ്വരാജ് നേരിട്ട് രംഗത്ത്. കോൺഗ്രസ് നേതാക്കളുടെ കേസുകൾ കുത്തിപ്പൊക്കി പ്രതിരോധിക്കാനാണ് ബിജെപിയുടെ പ്രധാന ശ്രമം. ഇതിന്റെ ഭാഗമായി ട്വിറ്ററിലൂടെ കോൺഗ്രസിനെതിരെ സുഷമ സ്വരാജ് രംഗത്തെത്തി. കൽക്കരിക്കേസ് പ്രതി സന്തോഷ് ബഗ്‌രോദിയക്ക് പാസ്‌പോർട്ട് അനുവദിക്കാൻ മുതിർന്ന കോൺഗ്രസ് നേതാവ് സമ്മർദ്ദം ചെലുത്തിയെന്നാണ് സുഷമയുടെ ആരോപണം.

നേതാവിന്റെ പേര് പാർലമെന്റിൽ വെളിപ്പെടുത്തുമെന്നാണ് സുഷമ സ്വരാജ് ട്വിറ്റർ സന്ദേശത്തിൽ വ്യക്തമാക്കിയത്. അതിനിടെ തിരിച്ചടി ഭയന്ന് സുഷമയുടെ രാജിക്കുവേണ്ടി പാർലമെന്റിനു മുന്നിൽ ധർണ നടത്താൻ കോൺഗ്രസ് തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ഇത് വേണ്ടെന്നു വച്ചു. വർഷകാല സമ്മേളനത്തിന്റെ ആദ്യദിവസമായ ചൊവ്വാഴ്ച ഈ വിഷയത്തിൽ ലോക്‌സഭ പ്രക്ഷോഭത്തേത്തുടർന്ന് ഉടൻ പിരിഞ്ഞു. രാജ്യസഭയിലും ബഹളം വച്ച പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സുഷമ വിഷയത്തിൽ ചർച്ചക്ക് തയ്യാറാണെന്ന് രാജ്യസഭയിൽ അരുൺ ജെയ്റ്റ്‌ലി പറഞ്ഞിരുന്നെങ്കിലും പ്രതിപക്ഷം ചെവിക്കൊണ്ടില്ല. രാജിയില്ലാതെ ചർച്ചയില്ലെന്നായിരുന്നു പ്രതിപക്ഷ തീരുമാനം.

2008-2009 ൽ മന്മോഹൻ സിങ് സർക്കാരിന്റെ കാലത്ത് കൽക്കരി വകുപ്പ് സഹമന്ത്രിയായിരുന്നു സന്തോഷ് ബഗ്‌രോദിയ. മഹാരാഷ്ട്രയിലെ സ്വകാര്യ കമ്പനിക്ക് കൽക്കരിപ്പാടം അനുവദിച്ചതിൽ ക്രമക്കേടു നടന്നുവെന്നാണ് അന്വേഷണ ഏജൻസി കണ്ടെത്തിയത്. കേസിൽ പ്രത്യേക സിബിഐ കോടതി ഇദ്ദേഹത്തെ ചൊവ്വാഴ്ച വിളിച്ചുവരുത്തിയിരുന്നു. ഐ.പി.എൽ വിവാദനായകൻ ലളിത് മോദിക്ക് യാത്രാരേഖകൾ സമ്പാദിക്കാൻ വഴിവിട്ട് സഹായിച്ചുവെന്നാണ് സുഷമക്കെതിരെയുള്ള ആരോപണം.

അതേസമയം ഈ വിഷയം മാത്രമല്ല, മറ്റ് കോൺഗ്രസ് മന്ത്രിമാരുടെ അഴിമതിയും എടുത്ത് പ്രതിയോഗികളെ നേരിടാനാണ് ബിജെപിയുടെ ശ്രമം. കോൺഗ്രസിനെ പ്രതിരോധിക്കാൻ കേരളത്തിൽ കത്തി നിൽക്കുന്ന സോളാർ തട്ടിപ്പു കേസ് എടുത്തു പയറ്റാനാണു ബിജെപി നീക്കം. കേരളത്തിലെ യു.ഡി.എഫ് സർക്കാരിനെ പിടിച്ചു കുലുക്കിയ ഒന്നാണു സോളാർ തട്ടിപ്പു കേസ്. ഇതെക്കുറിച്ചുള്ള വിവാദം ഉയർത്തി തിരിച്ചടിക്കാനാണ് ബിജെപി. സോളാർ ആരോപണം ഉയർന്നപ്പോൾ ഉമ്മൻ ചാണ്ടിയോട് കോൺഗ്രസ് ഹൈക്കമാൻഡ് എന്തുകൊണ്ട് രാജി ആവശ്യപ്പെട്ടില്ലെന്നാകും ബിജെപി കോൺഗ്രസ് നേതാക്കളോട് ചോദിക്കുക. സോളാർ വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ ബിജെപി നേതാക്കൾക്കിടയിൽ ഇതിനകംതന്നെ ധാരണയായിട്ടുണ്ട്.

മാത്രമല്ല, ഈ വിഷയം ശക്തമായി ഉന്നയിച്ചാൽ കേരളത്തിലും തങ്ങൾക്കു മൈലേജ് കൂട്ടാനാകുമെന്ന പ്രതീക്ഷയും ബിജെപി കേന്ദ്രനേതൃത്വത്തിനുണ്ട്. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞതു വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ആവർത്തിക്കാമെന്ന പ്രതീക്ഷ ബിജെപിക്കുണ്ട്. ഇതിനൊപ്പം കേന്ദ്രം കൂടി ഏറ്റെടുക്കുന്ന സോളാർ കേസും ആയുധമാക്കാമെന്നും സംസ്ഥാന നേതൃത്വം കരുതുന്നു.