സെലിബ്രിറ്റികൾക്ക് പോലും പൊതുസമൂഹത്തിൽ നിന്നും ലൈംഗിക ചൂഷണങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്ന് പല സംഭവങ്ങളും ഇതിന് മുമ്പ് തെളിയിച്ചിട്ടുണ്ട്. ഇപ്പോളിതാ ബോളിവുഡ് സുന്ദരി സുസ്മിതാ സെൻ തനിക്ക് നേരിട്ട അനുഭവം വിവരിച്ചതോടെ സിനിമ ലോകമുൾപ്പെടെ അല്പം ഞെട്ടലിലാണ്.

പുരസ്‌കാരദാന ചടങ്ങിൽ പങ്കെടുക്കാൻ വന്ന തനിക്ക് 15 വയസുകാരനിൽ നിന്നും മോശമായ അനുഭവമുണ്ടായെന്നാണ് താരം വെളിപ്പെടുത്തിയത്.ആറുമാസം മുമ്പായിരുന്നു സംഭവം.അമ്പതോളം പേർ അവിടെ ഉണ്ടായിരുന്ന സ്ഥലമായിരുന്നു അത്. തെറ്റായ രീതിയിൽ ഒരാൾ സ്പർശിച്ചുവെന്ന് മനസിലായതോടെ പിന്നിൽ നിന്ന അയാളുടെ കൈയിൽ പിടിച്ച് വലിച്ച് ഞാൻ മുന്നിലെത്തിച്ചു. അപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്.15 വയസുള്ള കുട്ടി.

അത് മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ഞാൻ വേണ്ട നടപടികൾ ചെയ്യുമായിരുന്നു. ഞാൻ അവന്റെ കഴുത്ത് പിടിച്ച് അവനോട് ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് പോലെ കാണിച്ചു. മറ്റുള്ളവർ വിചാരിച്ചത് താൻ അവനുമായി സംസാരിക്കുകയായിരുന്നു എന്നാണ്. താൻ ബഹളം വച്ചാൽ നിന്റെ ജീവിതം തകരുമെന്ന് താൻ അവനോട് പറഞ്ഞു.

പക്ഷേ തെറ്റ് ചെയ്തുവെന്ന് സമ്മതിക്കാൻ ആദ്യം അവൻ വിസമ്മതിച്ചു. പിന്നീട് തെറ്റ് സമ്മതിക്കണമെന്ന് നിലപാട് താൻ ആവർത്തിച്ചതോടെ കുട്ടിക്ക് തെറ്റ് മനസിലായി. അവൻ തന്നോട് ക്ഷമ ചോദിച്ചു. ഇനി ഇങ്ങനെ ആരോടും ചെയ്യില്ലെന്ന് തന്നോട് സത്യം ചെയ്തുവെന്നും താരം വെളിപ്പെടുത്തി.മുതിർന്ന പുരുഷന്മാർ കൂട്ടബലാത്സംഗങ്ങളിലും മറ്റുമാണ് ആനന്ദം കണ്ടെത്തുന്നത്. അത്തരം ആളുകളെ തൂക്കികൊല്ലണമെന്നും സുസ്മിത കൂട്ടിച്ചേർത്തു.

25 വർഷത്തിലധികമായി പൊതുസമൂഹത്തിന് മുന്നിൽ നിൽക്കുന്ന വ്യക്തിയാണ് താൻ. ജനങ്ങൾ വിശ്വസിക്കുന്നത് ബോഡിഗാർഡും മറ്റ് സുരക്ഷയുമുള്ളതിനാൽ താരങ്ങൾ സുരക്ഷിതരാണെന്നാണ്. പക്ഷേ അത് ശരിയല്ല. പത്ത് ബോഡിഗാർഡുകൾ ഉണ്ടെങ്കിലും ചില സാഹചര്യങ്ങൾ സ്ത്രീകൾക്ക് പൊതുസമൂഹത്തിൽ നിന്നും മോശം അനുഭവം നേരിടുന്നുണ്ട്.