വിശ്വസുന്ദരിപ്പട്ടത്തിലൂടെ ആരാധകരുടെ മനംകവർന്ന താരമാണ് നടി സുസ്മിത സെൻ. മക്കൾക്കൊപ്പമുള്ള വിശേഷങ്ങളും സുസ്മിത നിരന്തരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താൻ ഒരു സർജറിയിലൂടെ കടന്നുപോയതിനെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് സുസ്മിത.കഴിഞ്ഞ ദിവസമായിരുന്നു സുസ്മിതയുടെ നാൽപത്തിയാറാം പിറന്നാൾ. ഇതിനോട് അനുബന്ധിച്ച് പങ്കുവെച്ച ഇൻസ്റ്റഗ്രാം ലൈവിലാണ് സുസ്മിത സർജറിയെക്കുറിച്ച് പങ്കുവെച്ചത്. പിറന്നാളാശംസകൾ നേർന്ന എല്ലാവർക്കും നന്ദി പറഞ്ഞാണ് സുസ്മിത വീഡിയോ ആരംഭിച്ചത്.

പലകാര്യങ്ങളെക്കുറിച്ചും ആരാധകരുമായി പങ്കുവെക്കാനുണ്ട്. സർജറിയെക്കുറിച്ച് പോസ്റ്റ് ചെയ്തപ്പോൾ പലരും ആശങ്കപ്പെട്ടിരുന്നു. താനിപ്പോൾ സുഖമായിരിക്കുന്നു. അറിയിക്കേണ്ടതുണ്ടെന്നു തോന്നുന്ന കാര്യങ്ങൾ താൻ ഉറപ്പായും പങ്കുവെച്ചിരിക്കും. അതേക്കുറിച്ച് ആശങ്കപ്പെടരുത്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് എല്ലാം നല്ലപടിയിൽ അവസാനിച്ചു. സുഖം പ്രാപിച്ചു വരികയാണ്. - സുസ്മിത പറഞ്ഞു.

 
 
 
View this post on Instagram

A post shared by Sushmita Sen (@sushmitasen47)

ഒപ്പം പിന്തുണ നൽകുന്ന എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് ഒരു കുറിപ്പും താരം പങ്കുവെച്ചിരുന്നു. ഈ ജന്മദിനത്തിൽ രണ്ടാംജന്മം ലഭിച്ചതുപോലെയാണ് തോന്നുന്നത് എന്നതിൽ കവിഞ്ഞ് ഒന്നും പറയാൻ കഴിയുന്നില്ല. ഒപ്പം നിങ്ങളോട് ഒരു ചെറിയ രഹസ്യം പങ്കുവെക്കുന്നു. ആര്യ ടുവിന്റെ ഷൂട്ടിനുശേഷം നവംബർ പതിനാറിന് ഒരു സർജറിക്ക് വിധേയയായി. ഓരോദിനം കഴിയുമ്പോഴും അത്ഭുതകരമായി സുഖംപ്രാപിച്ചുവരുന്നു.- സുസ്മിത കുറിച്ചു.

നാൽപത്തിയാറാം ജന്മദിനം ആരോഗ്യകരമായ പുതിയൊരു തുടക്കം കുറിക്കുകയാണ്, ഒപ്പം പുതിയ ലുക്കും. നിരവധി കാര്യങ്ങൾ മുന്നിലുണ്ട്. എല്ലാത്തിലുമുപരി ജീവിച്ചിരിക്കുന്നു എന്നതു തന്നെയാണ് ഏറ്റവും വലിയ സമ്മാനമെന്നും അവർ കുറിച്ചു.

 
 
 
View this post on Instagram

A post shared by Sushmita Sen (@sushmitasen47)