- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്തെ അദ്ധ്യാപികയായി ചമഞ്ഞ് 'ടീച്ചറായി' സിനിമാക്കാരിലെ ലഹരിക്കാരുടെ വിശ്വസ്തയായി; റേവ് പാർട്ടികളിൽ 'അക്ക'യായി നിറഞ്ഞ് കച്ചവടം കൊഴുപ്പിച്ചു; സുസ്മിത ടീച്ചറുടെ മൊഴിയിൽ നിറയുന്നത് മോളിവുഡ് ബന്ധങ്ങൾ; കൊച്ചിയിൽ ലഹരി റാക്കറ്റിനെ നിയന്ത്രിക്കുന്നത് ഒന്നിലേറെ സംഘങ്ങൾ; സിരീയലുകാരും നിരീക്ഷണത്തിൽ
കൊച്ചി: കൊച്ചിയിലെ ലഹരി കടത്ത് അന്വേഷണം എത്തുന്നത് സിനിമയിലേക്ക്. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിൽ രാസലഹരി വിതരണം ചെയ്യുന്ന റാക്കറ്റിനെ കുറിച്ചു വ്യക്തമായ സൂചന എക്സൈസിന് കിട്ടുമ്പോൾ മോളിവുഡും സംശയ നിഴലിലാണ്. കാക്കനാട് എംഡിഎംഎ കേസിൽ അറസ്റ്റിലായ 'ടീച്ചർ' സുസ്മിത ഫിലിപ്പിന്റെ മൊഴിയാണ് സിനിമാ-സീരിയൽ ബന്ധങ്ങളിലേക്ക് വിരൽ ചൂണ്ടുന്നത്. കൊച്ചിയിൽ റേവ് പാർട്ടികൾ സജീവമാണെന്നും കണ്ടെത്തി. മയക്കുമരുന്നിനെ നിയന്ത്രിക്കുന്ന നിരവധി ടീമുകൾ കൊച്ചിയിൽ സജീവമാണ്. ഈ ഗ്രൂപ്പുകൾക്കിടയിൽ മത്സരവും ശക്തം.
കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ സുസ്മിതയെ 13 വരെ കോടതി റിമാൻഡ് ചെയ്തു. സുസ്മിതയുടെ ഫോൺ രേഖകൾ, മൊഴികൾ എന്നിവയിലൂടെ തിരിച്ചറിഞ്ഞ ലഹരിമരുന്നു വിൽപനയിലെ കൂട്ടാളികൾ, ഇടപാടുകാർ എന്നിവരെ വരും ദിവസങ്ങളിൽ എക്സൈസ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഇത് കേസിൽ നിർണ്ണായകമാകും. കേസിൽ ഇനിയും അറസ്റ്റ് ഉണ്ടാകുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. ഓഗസ്റ്റ് 19നു വാഴക്കാലയിലെ ഫ്ളാറ്റിൽ നിന്നു 11 കിലോ എംഡിഎംഎ കണ്ടെടുത്തതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണു സുസ്മിത ഫിലിപ് അറസ്റ്റിലായത്.
'ടീച്ചർ' എന്ന് അറിയപ്പെടുന്ന സുസ്മിതയാണു ലഹരി റാക്കറ്റിന്റെ മുഖ്യകണ്ണിയെന്നാണ് എക്സൈസിന്റെ നിഗമനം. ഫോർട്ട്കൊച്ചി പാണ്ടിക്കുടി സ്വദേശിനിയായ സുസ്മിതയെ ആദ്യം ചോദ്യം ചെയ്തു വിട്ടയച്ചെങ്കിലും കൂടുതൽ തെളിവുകൾ ലഭിച്ചതിനെ തുടർന്നു എക്സൈസ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. സിനിമാക്കാരിലേക്ക് ലഹരി എത്തിച്ച സംഘത്തിലെ പ്രധാനിയാണ് സുസ്മിത. സുസ്മിതയുടെ ബന്ധങ്ങൾ പൊലീസിനൊപ്പം എക്സൈസും പരിശോധിക്കുന്നുണ്ട്.
സുസ്മിത ഫിലിപ്പ് സിനിമാ മേഖലയിലെ ചിലരുമായി അടുത്തബന്ധം സൂക്ഷിച്ചിരുന്നതായാണ് എക്സൈസിന് ലഭിച്ച വിവരം. ഇടപാടുകൾക്ക് ഇടനിലക്കാരിയായത് സുസ്മിതയാണെന്നും സംശയിക്കുന്നു. നഗരത്തിൽ പ്രതികൾ നടത്തിയ മയക്കുമരുന്നുപാർട്ടികളിൽ (റേവ് പാർട്ടി) സുസ്മിതയുടെ പങ്കാളിത്തമുണ്ടായിരുന്നു. സുസ്മിത സ്വന്തം അക്കൗണ്ടിൽനിന്നും മറ്റു ചില അക്കൗണ്ടുകളിൽനിന്നും പ്രതികളുടെ അക്കൗണ്ടിലേക്ക് പണം നൽകിയിട്ടുണ്ട്. ഇത് മയക്കുമരുന്ന് വാങ്ങാനാണ്. പ്രതികളുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് ഇവരാണെന്നാണ് കരുതുന്നത്. ടീച്ചർ എന്നറിയപ്പെട്ടിരുന്ന സുസ്മിത ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് നേരത്തേതന്നെ എക്സൈസിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നു.
സുസ്മിത ഫിലിപ്പ് വഴി ഫ് ളാറ്റുകൾ, ഹോട്ടലുകൾ, ക്ലബുകൾ എന്നിവ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടന്നിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഫവസ്, ഷബ്ന എന്നിവരുമായി വളരെ നാളത്തെ സൗഹൃദമുണ്ട്. വിലപിടിപ്പുള്ള വിദേശ ഇനം നായ്ക്കളെ വളർത്തുന്നതായിരുന്നു ഹോബി. സുസ്മിതയുടെ നായ്ക്കളെ മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കാമെന്ന് ഇവർ തീരുമാനിക്കുകയായിരുന്നു. ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന ഇവർക്ക് അയൽപക്കവുമായി വലിയ അടുപ്പമില്ല.
റേവ് പാർട്ടി നടത്തുന്നതിന്റെ ഭാഗമായി സുസ്മിതയും മറ്റ് പ്രതികളും എറണാകുളം എംജി റോഡിലെ ഹോട്ടലിൽ താമസിച്ചിരുന്നതായി കണ്ടെത്തി. റേവ് പാർട്ടിയിൽ പങ്കെടുത്ത ചിലരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഇവരെ കണ്ടെത്താനുള്ള ശ്രമം അന്വേഷണ സംഘം ആരംഭിച്ചു ഇതിൽ സിനിമാക്കാരും ഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 19 നാണ് കാക്കനാട്ടെ ഫ്ളാറ്റിൽ നിന്ന് എംഡിഎംഎയുമായി അഞ്ച് പേരെ എക്സൈസും കസ്റ്റംസും ചേർന്ന് അറസ്റ്റ് ചെയ്തത്. അന്നുതന്നെ സുസ്മിതയെ പിടികൂടിയെങ്കിലും നായ്ക്കളുടെ സംരംക്ഷക എന്ന് അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നീടാണ് ഇവർക്കെതിരെ കൂടുതൽ തെളിവുകൾ ലഭിക്കുന്നതും അറസ്റ്റ് ചെയ്യുന്നതും.
11 കോടിയുടെ ലഹരിമരുന്ന് കേസിൽ പിടിയിലായ സുസ്മിത ഫിലിപ്പിനെ ചോദ്യം ചെയ്യുമ്പോൾ എക്സൈസ് ക്രൈംബ്രാഞ്ചിന് ലഭിക്കുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. കൊച്ചി നഗരത്തിലെ ഭൂരിഭാഗം ലഹരി പാർട്ടികളും നടന്നിരുന്നത് ടീച്ചർ എന്നും അക്കയെന്നും വിളിപ്പേരുള്ള ഇവരുടെ മുഖ്യ പങ്കാളിത്തത്തോടെയാണെന്ന് വ്യക്തമായി. കേസിലെ 12-ാം പ്രതിയായ സുസ്മിത ഫിലിപ്പ് മയക്കുമരുന്ന് സംഘത്തിനിടയിൽ അറിയപ്പെട്ടത് ടീച്ചർ എന്ന പേരിലാണ്. കോട്ടയത്തെ ഒരു സ്കൂളിൽ കുറച്ചുനാൾ ഇവർ ജോലി ചെയ്തിരുന്നു.
ലഹരി പാർട്ടികൾ സംഘടിപ്പിക്കാനും സാമ്പത്തികം ഉൾപ്പെടെയുള്ള സഹായങ്ങൾ ഒരുക്കാനും മുന്നിൽ നിന്നത് സുസ്മിതയായിരുന്നു. വൻകിട ഹോട്ടലുകളിലും ക്ലബ്ബുകളിലും നടന്ന റേവ് പാർട്ടികളിൽ ഇവർ പങ്കെടുത്തിട്ടുണ്ട്. പ്രതികളിൽ ചിലർക്കൊപ്പം ഒട്ടേറെ ഹോട്ടലുകളിൽ ഇവർ താമസിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. സിനിമാ രംഗത്തെ ചിലരുമായി ബന്ധം സൂക്ഷിക്കുന്ന ഇവരാണ് പല ഡീലുകളിലും ഇടനിലക്കാരിയെന്നാണ് കരുതുന്നത്. ഇത്രയൊക്കെ ബന്ധം ഇവർക്ക് ലഹരിമരുന്ന് ഇടപാടുകാരുമായി ഉണ്ടായിട്ടും ചോദ്യം ചെയ്യലിന്റെ ഒരുഘട്ടത്തിലും പ്രതികൾ ഇവരെ കുറിച്ച് ഒരു സൂചനയും നൽകിയിരുന്നില്ല.
ഇവർ പുറത്ത് ഉണ്ടെങ്കിൽ തങ്ങൾ സംരക്ഷിതരാണ് എന്ന ബോധം ഉള്ളതുകൊണ്ട് തന്നെയാണ് പ്രതികൾ ഇവരെക്കുറിച്ച് മൊഴി നൽകാതിരുന്നത് എന്നാണ് കരുതുന്നത്. പിന്നീട് എക്സൈസ് നടത്തിയ അന്വേഷണത്തിൽ ഫോൺ വിവരങ്ങളും ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങളും ഉപയോഗിച്ചാണ് സുസ്മിതയിലേക്ക് എത്തുന്നത് .
മറുനാടന് മലയാളി ബ്യൂറോ