കൊച്ചി : കൊച്ചിയിലെ ലഹരി മാഫിയയെ നിയന്ത്രിക്കുന്നത് തമിഴ് പുലികളോ? കാക്കനാട് എം.ഡി.എം.എ. കേസിലെ പ്രതികൾക്കു കൃത്രിമ ലഹരി വസ്തുക്കൾ കൈമാറിയതു ശ്രീലങ്കൻ വംശജരായ രണ്ടു പേർ എന്ന വസ്തുതയാണ് ഈ സംശയത്തിന് കാരണം. ചെന്നൈ, പോണ്ടിച്ചേരി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇവർക്കു കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വൻതോതിൽ ഇടപാടുകാരുണ്ട്.ചെന്നൈയിൽ ശ്രീലങ്കൻ അഭയാർത്ഥികൾ തിങ്ങിപ്പാർക്കുന്ന ചേരിയിലാണു ഇവർ താമസിക്കുന്നത്.

വർഷങ്ങളായി തമിഴ്‌നാട്ടിൽ താമസിക്കുന്ന ഇരുവരുടെയും ഭാര്യമാർ തമിഴ്‌നാട്ടുകാരാണെന്നും എക്സൈസ് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇവരുടെ താമസസ്ഥലം അടഞ്ഞു കിടക്കുകയാണ്. 40-45 വയസിനിടയിൽ പ്രായമുള്ള ഇവരെ കണ്ടെത്തുന്നതിനു ചെന്നൈ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ സഹായം തേടി. ഇവർക്ക് തമിഴ് പുലികളുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചന.

വിദേശത്തുനിന്നു ചെന്നൈ വിമാനത്താവളവം തുറമുഖവും വഴിയെത്തുന്ന കാർഗോയിൽ ഒളിപ്പിച്ചാണ് എം.ഡി.എം.എ. പോലുള്ള കൃത്രിമ ലഹരി എത്തിക്കുന്നത്. ചെന്നൈയിൽ നിന്നു മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്കു ഹാഷിഷ് ഓയിൽ കടത്തുന്നുണ്ട്. ഇതിനെല്ലാം പിന്നിൽ പുലികളുടെ ഇടപെടലാണ്. ശ്രീലങ്കയിൽ ഇരുന്നാണു എല്ലാം നിയന്ത്രിക്കുന്നത്.

സംശയ നിഴലിലുള്ളവരുടെ ബന്ധുക്കളും കള്ളക്കടത്ത് പതിവാക്കിയവരാണ്. സ്വർണം, പുരാവസ്തുക്കൾ തുടങ്ങി നിരോധനമുള്ള പലതും കടത്തുന്നുണ്ട്. ഹവാല, മനുഷ്യക്കടത്ത് ഇടപാടുകളിലും ഇവർക്കു ബന്ധമുണ്ട്. യൂറോപ്പ്, റഷ്യ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നു വാങ്ങുന്ന കൃത്രിമ ലഹരികൾ ഇന്ത്യയിൽ ഒരു കിലോയ്ക്കു 15 ലക്ഷം രൂപ മുതലാണ് ഇവർ ഈടാക്കുന്നത്.

കേസിൽ അറസ്റ്റിലായ സുസ്മിതയാണു കേരളത്തിലെ സംഘത്തെ നിയന്ത്രിക്കുന്നത്. പ്രതികൾക്കു ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾപേ വഴിയും വലിയ തോതിൽ പണം നൽകിയിരുന്നു ഇവർ. വാഴക്കാലയിലെ ഫ്ളാറ്റിൽ നിന്നു ലഹരി പിടിച്ചകേസിൽ ഇതുവരെ 21 പേർ അറസ്റ്റിലായിട്ടുണ്ട്. ഫ്ളാറ്റിന്റെ സ്റ്റെയർകേസിൽ വച്ചിരുന്ന 1.85 കിലോ എം.ഡി.എം.എ. പിടിച്ച മറ്റൊരു കേസിൽ ആറുപേരെയാണു പ്രതിചേർത്തത്. ഈ കേസിലാണു ശ്രീലങ്കൻ വംശജരെ പിടികൂടാനുള്ളത്.

കാക്കനാട് ലഹരിക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്ന കൊച്ചി സ്വദേശിനി സുസ്മിത ഫിലിപ്പിനെതിരെ എക്സൈസ് ക്രൈംബ്രാഞ്ചിന് ലഭിച്ചത് ശക്തമായ തെളിവുകളാണ്. നഗരത്തിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ച് ഇവർ ലഹരി ഇടപാടുകൾ നടത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ലഹരി സംഘങ്ങളിൽ ടീച്ചർ എന്ന പേരിലാണ് സുസ്മിത അറിയപ്പെട്ടിരുന്നത്. 11 കോടിയുടെ ലഹരിമരുന്ന് കേസിൽ 12-ാം പ്രതിയാണ് സുസ്മിത ഫിലിപ്പ്.

ഹോട്ടലുകളിൽ ലഹരിപ്പാർട്ടികൾ സംഘടിപ്പിക്കാനും പ്രതികൾക്ക് സാമ്പത്തിക സഹായം നൽകാനും മുമ്പിൽ നിന്നത് സുസ്മിതയാണ് എന്നാണ് അന്വേഷണ സംഘം പറയുന്നത്. വൻകിട ഹോട്ടലുകളിലും ക്ലബുകളിലും നടന്ന റേവ് പാർട്ടികൾ ഇവർ പങ്കെടുത്തിരുന്നു. ചില പ്രതികൾക്കൊപ്പം ഹോട്ടലുകളിൽ ഇവർ താമസിച്ചിരുന്നതായും സൂചനയുണ്ട്.