- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വാക്സിൻ കമ്പനികളെ ലക്ഷ്യമിട്ട് സൈബർ ആക്രമണം; പിന്നിൽ ഉത്തര കൊറിയൻ ഹാക്കർമാർ എന്ന് ദക്ഷിണ കൊറിയ; കമ്പനികളുടെ സംവിധാനങ്ങളിൽ കടന്നുകയറാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്നും ദക്ഷിണ കൊറിയയുടെ ദേശീയ രഹസ്യാന്വേഷണ ഏജൻസി; കോവിഡ് വാക്സിന്റെ പേരിലും കൊറിയൻ തർക്കം മുറുകുന്നു
സോൾ: ഉത്തര കൊറിയൻ ഹാക്കർമാർ കോവിഡ് വാക്സിൻ കമ്പനികളെ ലക്ഷ്യമിട്ട് സൈബർ ആക്രമണം നടത്തിയിരുന്നതായി റിപ്പോർട്ട്. ബ്രിട്ടീഷ് കോവിഡ് വാക്സിൻ നിർമ്മാതാക്കളായ ആസ്ട്ര സനേകയുടെ സംവിധാനങ്ങളിൽ നുഴഞ്ഞുകയറാനാണ് ഹാക്കർമാർ ശ്രമിച്ചത്. വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇക്കഴിഞ്ഞ ആഴ്ചകളിലായിരുന്നു ഹാക്കിങ് ശ്രമം നടന്നത്. അതേസമയം, ഐക്യരാഷ്ട്ര സംഘടനയിലേക്കുള്ള ഉത്തര കൊറിയയുടെ പ്രതിനിധി സംഘവും ആസ്ട്ര സനേകയും വിഷയത്തെ കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാർ ഉൾപ്പെടെ വലിയൊരു വിഭാഗം ആളുകളെ ഹാക്കർമാർ ലക്ഷ്യംവെച്ചിരുന്നുവെന്നാണ് വിവരം. എന്നാൽ ഹാക്കർമാരുടെ ശ്രമം വിജയംകണ്ടില്ലെന്നാണ് നിഗമനം. ലിങ്ക്ഡ്ഇനിലും വാട്ട്സ്ആപ്പിലും റിക്രൂട്ടർമാർ ചമഞ്ഞ്, ആസ്ട്ര സനേകയിലെ ജീവനക്കാരെ വ്യാജ തൊഴിൽ വാഗ്ദാനങ്ങളുമായി സമീപിക്കുകയായിരുന്നു ഇവർ ചെയ്തത്. ശേഷം ജോലിയെക്കുറിച്ചുള്ള വിവരണം എന്ന പേരിൽ ചില രേഖകൾ അയക്കും. ഇരയാക്കപ്പെടേണ്ടവരുടെ കമ്പ്യൂട്ടറിന്റെ നിയന്ത്രണം ഹാക്കർമാർക്ക് ലഭിക്കുംവിധത്തിലുള്ള കോഡുകൾ ഉൾപ്പെടുത്തിയാണ് ഈ രേഖകൾ അയക്കുന്നത്.
അതേസമയം, കൊറോണ വൈറസ് വാക്സിൻ നിർമ്മിക്കുന്ന ദക്ഷിണ കൊറിയൻ കമ്പനികളെ ഹാക്ക് ചെയ്യാനുള്ള ഉത്തര കൊറിയയുടെ ശ്രമം പരാജയപ്പെടുത്തിയതായി ദക്ഷിണ കൊറിയ വ്യക്തമാക്കി. സൈബർ ആക്രമണം നടന്നതായി ദക്ഷിണ കൊറിയയുടെ ദേശീയ രഹസ്യാന്വേഷണ ഏജൻസി(എൻ.ഐ.എസ്.) അറിയിച്ചതായി പാർലമെന്ററി ഇന്റലിജൻസ് കമ്മിറ്റി അംഗം ഹാ തായി കിയുങ് പറഞ്ഞു. എത്ര കമ്പനികളെ ഉത്തര കൊറിയ ലക്ഷ്യംവെച്ചുവെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഹാക്കിങ് നടന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
റഷ്യ, ഉത്തര കൊറിയ സർക്കാരുകൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഹാക്കർമാർ ഇന്ത്യ, കാനഡ, ഫ്രാൻസ്, ദക്ഷിണ കൊറിയ, യുഎസ് എന്നീ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഏഴ് കോവിഡ് വാക്സീൻ നിർമ്മാണ കമ്പനികളെയും ഗവേഷകരെയും ലക്ഷ്യമിട്ട് സൈബറാക്രമണം നടത്താൻ സാധ്യതയുണ്ടെന്ന മൈക്രോസോഫ്റ്റ് മുന്നറിയിപ്പു നൽകിയതിനു പിന്നാലെയാണ് ഉത്തര കൊറിയയ്ക്കെതിരെ ഗുരുതര ആരോപണവുമായി ദക്ഷിണ കൊറിയ രംഗത്തെത്തുന്നത്.
റഷ്യയുടെയും ഉത്തര കൊറിയയുടെയും സർക്കാരുകൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഹാക്കർമാർ ഏഴ് കോവിഡ് വാക്സിൻ നിർമ്മാണ കമ്പനികളുടെ നെറ്റ്വർക്കുകളിൽ കടക്കാൻ ശ്രമിച്ചിരുന്നതായി ഈ മാസം ആദ്യം മൈക്രോ സോഫ്റ്റ് വെളിപ്പെടുത്തിയിരുന്നു. കാനഡ, ഫ്രാൻസ്, ഇന്ത്യ, ദക്ഷിണ കൊറിയ, യു.എസ്. എന്നീ രാജ്യങ്ങളിലെ കമ്പനികളെയാണ് ഈ ഹാക്കർമാർ ലക്ഷ്യമാക്കിയിരുന്നത്. ഇതിനു പിന്നാലെയാണ് ദക്ഷിണ കൊറിയ തങ്ങൾക്കു നേരെയുണ്ടായ ഹാക്കിങ് ശ്രമത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
ഉത്തര കൊറിയയിൽ കോവിഡ് കേസുകൾ ഇല്ലെന്നാണ് ജനുവരി മുതൽ ഭരണാധികാരി കിം ജോങ് ഉൻ ആവർത്തിക്കുന്നത്. കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ അസാധാരണവും സാമാന്യ ബുദ്ധിക്കു നിരക്കാത്തതുമായ കാര്യങ്ങളാണ് ഉത്തര കൊറിയയിൽ കിം നടപ്പാക്കുന്നതെന്നു ദക്ഷിണ കൊറിയ ആരോപിച്ചിരുന്നു.
അയൽരാജ്യമായ ചൈനയിൽനിന്നുള്ള ശക്തമായ പൊടിക്കാറ്റ് ‘യെല്ലോ ഡെസ്റ്റ്' കൊറോണ വൈറസിനെ വഹിച്ചെത്തുമെന്ന ഭയത്തിൽ ജനങ്ങൾ യാതൊരു കാരണവശാലും പുറത്തിറങ്ങരുതെന്നും വീടിനുള്ളിൽത്തന്നെ കഴിയണമെന്നും കിം ഉത്തരവിട്ടിരുന്നു. ചൈനയിലെയും മംഗോളിയയിലെയും മരുഭൂമികളിൽനിന്നു പ്രത്യേക ഋതുക്കളിൽ എല്ലാ വർഷവും വീശിയടിക്കുന്ന മണൽക്കാറ്റാണ് ‘യെല്ലാ ഡെസ്റ്റ്'.
സമുദ്രജലത്തിലൂടെ കോവിഡ് പടരുമെന്ന വിശ്വാസത്തിൽ മീൻപിടുത്തതിനും ഉപ്പ് ഉൽപാദത്തിനും കിം ജോങ് ഉൻ നിയന്ത്രണം ഏർപ്പെടുത്തിയെന്നും ദക്ഷിണ കൊറിയ ചൂണ്ടിക്കാണിക്കുന്നു. ഈ കാരണം ചൂണ്ടിക്കാട്ടി ചൈനയിൽനിന്ന് ഇറക്കുമതി ചെയ്ത 110,000 അരി വിതരണത്തിനെത്തിക്കാതെ നശിപ്പിച്ചുവെന്നും റിപ്പോർട്ടുണ്ടായിരുന്നു.
മറുനാടന് ഡെസ്ക്