അമൃത്സർ: നാല് മണിക്കൂറിലേറെ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ ഗായകൻ സിദ്ധു മൂസേവാല കൊലപാതക കേസിലെ രണ്ട് പ്രതികളെ പഞ്ചാബ് പൊലീസിന്റെ പ്രത്യേക കർമസേന വധിച്ചു. പ്രതികളും പൊലീസുമായി നടന്ന വെടിവെപ്പിൽ മൂന്ന് പൊലീസുകാർക്കും ഒരു മാധ്യമ പ്രവർത്തകനും പരിക്കേറ്റു. സംസ്ഥാന പൊലീസ് മോവി ഗൗരവ് യാദവും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

അധോലോക സംഘാംഗങ്ങളായ ജഗ്രൂപ് സിങ് രൂപ, മന്നു കുസ്സ എന്ന മൻപ്രീത് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. നാല് മണിക്കൂറിലേറെയാണ് ഏറ്റുമുട്ടൽ നീണ്ടുനിന്നത്. മൂസേവാലയ്ക്കു നേരെ വെടിയുതിർത്തവരിൽ ഒരാളാണ് കൊല്ലപ്പെട്ട മൻപ്രീത് സിങ് എന്നാണ് പൊലീസ് പറയുന്നത്. ഉച്ചയോടെ ആരംഭിച്ച ഏറ്റുമുട്ടൽ നാലുമണിയോടെയാണ് അവസാനിച്ചത്.

അമൃത്സറിൽ നിന്ന് 20 കിലോമീറ്റർ അകലെ ഭക്‌ന ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. പ്രത്യേക കർമസേനയാണ് പ്രതികളെ പിടികൂടുന്നതിന് ഗ്രാമത്തിലെത്തിയത്. ഒളിച്ചിരുന്ന പ്രതികൾ പൊലീസിനു നേരെ വെടിയുതിർക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. ജഗ്രൂപ് സിങ് ആണ് ആദ്യം കൊല്ലപ്പെട്ടത്. ഇതിന് ശേഷം ഒരു മണിക്കൂറോളം മൻപ്രീത് സിങ് പൊലീസിന് നേരെ വെടിയുതിർത്തതായി പൊലീസ് അറിയിച്ചു. നാല് മണിയോടെയാണ് ഇയാളും കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ ഒരു ചാനൽ ക്യാമറാമാനും കാലിൽ വെടിയേറ്റു.

വെടിവെപ്പ് നടന്ന ഗ്രാമത്തിൽ നിന്ന് പാക്കിസ്ഥാൻ അതിർത്തിയിലേക്ക് പത്തു കിലോമീറ്റർ മാത്രമാണ് ദൂരം. ഏറ്റുമുട്ടൽ ആരംഭിക്കുന്നതിന് മുൻപ് തന്നെ ഗ്രാമവാസികളോട് പുറത്തിറങ്ങരുതെന്ന് നിർദ്ദേശം നൽകിയിരുന്നു.

ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ധു മൂസേവാല 2022 മെയ്‌ 29ന് ആണ് കൊല്ലപ്പെട്ടത്. അധോലോക സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് മൂസേവാലയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

കാനഡ ആസ്ഥാനമായുള്ള ഗുണ്ടാതലവൻ ഗോൾഡി ബ്രാർ (സതീന്ദർജിത് സിങ്) ഫേസ്‌ബുക് പോസ്റ്റിലൂടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. തിഹാർ ജയിലിൽ കഴിഞ്ഞിരുന്ന ലോറൻസ് ബിഷ്ണോയി വഴിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കഴിഞ്ഞ വർഷം അകാലി നേതാവ് വിക്കി മിദ്ദുഃഖേരയെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായാണ് സിദ്ദുവിന്റെ കൊലപാതകമെന്നും വ്യക്തമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബ്, ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിൽനിന്നായി അറസ്റ്റുകൾ നടന്നിരുന്നു.