തിരുവനന്തപുരം: കേരളത്തിലെ സ്‌കൂൾ അധികൃതരുടെ നേതൃത്വത്തിൽ നടന്ന സദാചാര പൊലീസിങ് ദേശീയ തലത്തിലും കേരളത്തെ നാണം കെടുത്തുന്നു. സഹപാഠിയായ പെൺകുട്ടിയ ആലിംഗനം ചെയ്തതിന്റെ പേരിൽ രണ്ട് പേരെയും അപമാനിച്ചു കൊണ്ടാണ് സ്‌കൂൾ അധികൃതർ പുറത്താക്കിയത്. സൗഹൃദത്തിന്റെ പേരിൽ നടത്തിയ കെട്ടിപ്പിടുത്തത്തിന്റെ പേരിൽ നടപടി സ്വീകരിച്ച സ്‌കൂൾ അധികൃതരുടെ നടപടി ദേശീയ തലത്തിലും മാധ്യമങ്ങളിൽ വാർത്തയായി. സ്‌കൂൾ അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടായ സദാചാര പൊലീസിങ് എന്നാണ് ഈ നടപടിയെ ദേശീയ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.

മാർത്തോമ സഭയുടെ കീഴിലുള്ള സെന്റ് തോമസ് സെൻട്രൽ സ്‌കൂളാണ് ദേശീയ തലത്തിൽ പുതിയ വിവാദത്തിന്റെ കേന്ദ്രമായിരിക്കുന്നത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ പോയിട്ടും കുട്ടികളുടെ പഠനം തുടരാനും പരീക്ഷ എഴുതാനും അവസരം നിഷേധിച്ച സാഹചര്യത്തിൽ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ ഒരുങ്ങുകയാണ് സ്‌കൂൾ അധികൃകരുടെ പ്രതികാര നടപടിക്ക് വിധേയനായ വിദ്യാർത്ഥിയുടെ ശ്രമം. എനിക്ക് പഠിക്കാനുള്ള അവകാശത്തിനായി താൻ പോരാടുമെന്ന് വിദ്യാർത്ഥി ഒരു ദേശീയ മാധ്യമത്തോടെ പ്രതികരിച്ചു. തനിക്ക് പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കണമെന്നാണ് ആൺകുട്ടി ആവശ്യപ്പെട്ടത്. തന്റെ നിരപരാധിത്തം തെളിയിക്കാൻ കുടുംബവും ഒപ്പമുണ്ടെന്ന് 16കാരനായ വിദ്യാർത്ഥി പറയുന്നു.

അതേസമയം മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ സന്തോഷത്തിൽ സുഹൃത്ത് ആലിംഗനം ചെയ്ത് അഭിനന്ദിക്കുക മാത്രമാണ് താൻ ചെയ്തതെന്നും ആൺകുട്ടി പറയുന്നു. എന്നാൽ ഈ നിഷ്‌ക്കളങ്കമായ ആലിംഗനമാണ് ആഗോളപ്രശ്‌നമാക്കി അദ്ധ്യാപകർ വളർത്തിയത്. സെന്റ് തോമസ് സെൻട്രൽ സ്‌കൂളും അദ്ധ്യാപകരും ശത്രുപക്ഷത്ത് നിലയുറപ്പിച്ചതോടെ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് ഈ പെൺകുട്ടിയും. സ്റ്റേജിൽ നിന്ന് പരിപാടി കഴിഞ്ഞ് ഇറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥിനിയെ സുഹൃത്തായ പ്ലസ് ടു വിദ്യാർത്ഥി കെട്ടിപ്പിടിച്ചതിന് ഇരുവരേയും സ്‌കൂളിൽ നിന്ന് പുറത്താക്കിയിരുന്നു.

സ്‌കൂൾ അധികൃതർ തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും മറ്റ് സ്‌കൂളിലേക്ക് പ്രവേശനം നേടുന്നത് തടഞ്ഞെന്നും വിദ്യാർത്ഥിനി വ്യക്തമാക്കി. അത് ഒരു സൗഹൃദ ആലിംഗനം മാത്രമായിരുന്നെന്നും എന്നാൽ ടീച്ചർമാർ തെറ്റിദ്ധരിക്കുകയായിരുന്നെന്നും കുട്ടി പറഞ്ഞു. അദ്ധ്യാപിക പരാതി പറഞ്ഞതിന് പിന്നാലെ അമ്മയോടൊപ്പം എത്തിയപ്പോൾ അശ്ലീലമായ വാക്കുകളാണ് അധികൃതർ ഉപയോഗിച്ചത്. പഠനം തുടരണമെങ്കിൽ തന്നെ കെട്ടിപ്പിടിച്ച ആൺകുട്ടിക്കെതിരേ പരാതി എഴുതി നൽകണമെന്ന് നിർബന്ധിച്ചതായും പെൺകുട്ടി വ്യക്തമാക്കി.

സ്‌കൂളിൽ നിന്ന് പുറത്താക്കിയതിനൊപ്പം മറ്റ് സ്‌കൂളിൽ പ്രവേശനം ലഭിക്കുന്നത് വരെ തടഞ്ഞതോടെ കഴിഞ്ഞ അഞ്ച് മാസമായി കുട്ടിയുടെ പഠനം മുടങ്ങിയിരിക്കുകയാണ്. ആൺകുട്ടിയുടേയും പഠനം മുടങ്ങിയ അവസ്ഥയിലാണ്. സ്‌കൂളിന്റെ വാശികാരണം ഈ കുട്ടികളുടെ ഒരു വർഷം നഷ്ടപ്പെട്ടിരിക്കുകയാണ്. താൻ ക്ഷമാപണം നടത്തിയിട്ടും വളരെ മോശമായാണ് സ്‌കൂൾ അധികൃതർ പെരുമാറിയതെന്നും മറ്റൊരു കുട്ടിക്ക് ഇതുപോലൊരും അനുഭവം ഉണ്ടായിട്ടുണ്ടാവില്ലെന്നും കുട്ടി പറഞ്ഞു.

സ്‌കൂളിൽ നിന്ന് പുറത്താക്കിയതിന് എതിരേ പെൺകുട്ടിയുടെ രക്ഷിതാക്കൾ നിയമനടപടിക്കൊന്നും നിൽക്കാതെ മറ്റൊരു സ്‌കൂളിൽ കുട്ടിക്ക് പ്രവേശനം നേടാനാണ് ശ്രമിച്ചത്. എന്നാൽ പെൺകുട്ടിക്ക് സ്‌കൂളിൽ പ്രവേശനം കിട്ടിയില്ല. പഴയ സ്‌കൂളുമായി ബന്ധപ്പെട്ടവരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് കുട്ടി ആരോപിക്കുന്നത്.

എന്നാൽ മാർ തോമസ് ചർച്ച് അജ്യുക്കേഷണൽ സൊസൈറ്റിയുടെ സെക്രട്ടറിയായ രാജൻ വർഗീസ് എല്ലാ ആരോപണങ്ങളും തള്ളി. മറ്റൊരു സ്‌കൂളിൽ പെൺകുട്ടി പ്രവേശനം നേടാൻ ശ്രമിച്ചത് അറിഞ്ഞില്ലെന്നാണ് അദ്ദേഹം പറയുന്നത്. അന്വേഷണ കമ്മീഷന് മുന്നിലോ ഹൈക്കോടതിക്ക് മുന്നിലോ വ്യക്തമാക്കാത്ത ആരോപണങ്ങളാണ് പെൺകുട്ടി പറയുന്നതെന്ന് രാജൻ പറഞ്ഞു. കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലെ ചിത്രങ്ങൾ വരെ എടുത്ത് തെളിവു ശേഖരിച്ചാണ് കുട്ടികളെ സ്‌കൂളിൽ നിന്ന് പുറത്താക്കിയത്. ഇതിന് ഹൈക്കോടതി അംഗീകാരം നൽകുകയും ചെയ്തിരുന്നു. ഈ തീരുമാനത്തിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ ഒരുങ്ങുകയാണ് വിദ്യാർത്ഥിയുടെ മാതാപിതാക്കൾ.