മലപ്പുറം: കാഴ്ചക്കുറവുള്ള വയോധികയുടെ കാൽവിരൽ മുറിക്കുന്ന ശസ്ത്രക്രിയക്ക് ആയിരംരൂപ കൈക്കൂലി വാങ്ങി പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഡോക്ടറെ സർവ്വീസിൽനിന്നും സസ്പെൻഡ് ചെയ്തു.പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ജൂനിയർ കൺസൾട്ടന്റ് ഡോ. കെ ടി രാജേഷിനെയാണ് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദ്ദേശത്തെ തുടർന്ന് സസ്‌പെൻഡ് ചെയ്തത്.

രോഗിയുടെ ബന്ധുവിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ രാജേഷിനെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് മന്ത്രിയുടെ നിർദ്ദേശമനുസരിച്ച് അന്വേഷണവിധേയമായി സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്ത് ഉത്തരവായത്.രോഗികളിൽനിന്ന് ചികിത്സയ്ക്കായി പണം ആവശ്യപ്പെടുന്ന ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സേവനങ്ങൾക്ക് പണമോ പാരിതോഷികമോ ആവശ്യപ്പെടുന്നവർക്കെതിരെ ജനങ്ങൾ പരാതി നൽകാൻ മടിക്കരുതെന്നും മന്ത്രി പറഞ്ഞു.

ഡോ. കെ ടി രാജേഷിനെ കോഴിക്കോട് വിജിലൻസ് കോടതി റിമാൻഡ്ചെയ്തു. ശസ്ത്രക്രിയക്കുവേണ്ടി പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആലിപ്പറമ്പ് തച്ചൻകുന്നൻ ഖദീജ (60)യ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ശനിയാഴ്ചയും ശസ്ത്രക്രിയ നടന്നില്ല. കോവിഡ് മാറി ആരോഗ്യം വീണ്ടെടുത്താൽ എപ്പോൾ വേണമെങ്കിലും ശസ്ത്രക്രിയ നടത്താമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി ഖദീജയുടെ മകൻ ഷമീം പറഞ്ഞു.

അതേസമയം, ഡോക്ടർ വിജിലൻസ് പിടിയിലായതിന്റെ വിശദാംശങ്ങൾ ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി സന്ദർശിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ തിങ്കൾ പകൽ 12.30-ന് ആശുപത്രിയിലെ ഡോക്ടർമാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു.

കാഴ്ചക്കുറവുള്ള വയോധികയുടെ കാൽവിരൽ മുറിക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്തുന്നതിന് പണം വാങ്ങുന്നതിനിടെ സർജനെ വിജിലൻസ് കയ്യോടെ പിടികൂടിയത്. മലപ്പുറം വിജിലൻസ് ഡിവൈഎസ് പി. ഫിറോസ് എം. ഷെഫീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്. ഡോക്ടറുടെ പരിശോധനാ മുറിയിൽ നിന്ന് 15,000 രൂപയോളം കണ്ടെടുത്തിരുന്നു.ജില്ലാ ആശുപത്രിക്ക് സമീപം രോഗികളെ പരിശോധിച്ചിരുന്ന മുറിയിൽ നിന്നാണ് അറസ്റ്റു ചെയ്തത്.

ആലിപ്പറമ്പ് സ്വദേശി തച്ചൻകുന്നൻ ഖദീജ(60)യുടെ ശസ്ത്രക്രിയയ്ക്കായി മകൻ മുഹമ്മദ് ഷമീം(30) നൽകിയ ആയിരം രൂപ വാങ്ങിയയുടൻ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. ഇതേസമയം ഡോക്ടറുടെ പാതായ്ക്കര കാർഗിലിലെ വീട്ടിൽ സിഐ ജ്യോതീന്ദ്രകുമാറിന്റെയും ജില്ലാആശുപത്രിയിൽ സിഐ എം. ഗംഗാധരന്റെയും നേതൃത്വത്തിലും പരിശോധന നടത്തി.

കഴിഞ്ഞ ജനുവരി പത്തിനാണ് മാതാവിനെ ആദ്യം ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂടെ അഡ്‌മിറ്റ് ചെയ്ത നാലുപേരുടെ ശസ്ത്രക്രിയ നടത്തിയെങ്കിലും മാതാവിന്റെ ചെയ്തില്ല. പിറ്റേ ശനിയാഴ്ച വരാൻ പറഞ്ഞ് ഡിസ്ചാർജ് ചെയ്തു. പലകാരണങ്ങൾ പറഞ്ഞു നീട്ടിക്കൊണ്ടുപോയതോടെ അന്വേഷണത്തിൽ പണം നൽകാത്തതാണ് കാരണമെന്നു മനസിലായി. 28ന് വീണ്ടും ആശുപത്രി ഒ.പി.യിലെത്തി ഡോക്ടറെ കണ്ടു.

എന്നാൽ വളരെ മോശമായി പെരുമാറുകയും മരുന്നു നൽകി വിടുകയും ചെയ്തു. നേരിട്ട് പരിശോധനാസ്ഥലത്തെത്തി കാണാനും ആവശ്യപ്പെട്ടു. ഇതേത്തുടർന്നു വിജിലൻസിനെ അറിയിച്ചു. പിന്നീട് രണ്ടാം തിയതി മുറിയിലെത്തി പരിശോധന ഫീസ് നൽകി ഡോക്ടറെ കണ്ടു. ശനിയാഴ്ച ശസ്ത്രക്രിയ ചെയ്യാമെന്നും തലേന്ന് വന്നു കാണണമെന്നും ഡോക്ടർ നിർദ്ദേശിച്ചു. ഇതുപ്രകാരം രാവിലെ മാതാവിനെ അഡ്‌മിറ്റ് ചെയ്ത് വൈകീട്ട് വിജിലൻസ് നൽകിയ പണവുമായാണ് ഡോക്ടറെ കണ്ടത്.

കോട്ടക്കൽ കൃഷി ഓഫീസർ എം വി വൈശാഖൻ, കൂട്ടിലങ്ങാടി കൃഷി ഓഫീസർ ആർ. ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലാണ് അറസ്റ്റു നടപടികൾ സ്വീകരിച്ചത്. എസ്‌ഐമാരായ പി. മോഹൻദാസ്, പി.എൻ. മോഹനകൃഷ്ണൻ, ശ്രീനിവാസൻ, എഎസ്‌ഐമാരായ സലീം, ഹനീഫ, പൊലീസുകാരായ പ്രജിത്ത്, ജിറ്റ്സ്, ദിനേശ്, രാജീവ്, വിജയകുമാർ, സബൂർ, ശ്യാമ, ഷിഹാബ്, സനൽ എന്നിവരാണ് വിജിലൻസ് സംഘത്തിലുണ്ടായിരുന്നത്.