- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന്റെ ആദ്യങ്ങൾ: ഒരു മലയാളവിജ്ഞാനകോശം
വിജ്ഞാനകോശങ്ങൾ രണ്ടുതരമുണ്ട്. വിശ്വപ്രസിദ്ധമായ 'എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക'യും അതിന്റെ ചുവടുപിടിച്ച് മിക്ക ലോകഭാഷകളിലുമുണ്ടായ ബൃഹത്‌സമാഹാരങ്ങളുമാണ് ഒരു വിഭാഗം. സാഹിത്യം, തത്വചിന്ത, ശാസ്ത്രം തുടങ്ങിയ ഭിന്നമണ്ഡലങ്ങളിൽ വിവിധ സർവകലാശാലകൾ പുറത്തിറക്കിയ വിജ്ഞാനകോശങ്ങളും ഈ വിഭാഗത്തിൽപ്പെടും. അക്ഷരമാലാക്രമത്തിൽ വ്യക്തികൾ, വസ്തു
വിജ്ഞാനകോശങ്ങൾ രണ്ടുതരമുണ്ട്. വിശ്വപ്രസിദ്ധമായ 'എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക'യും അതിന്റെ ചുവടുപിടിച്ച് മിക്ക ലോകഭാഷകളിലുമുണ്ടായ ബൃഹത്‌സമാഹാരങ്ങളുമാണ് ഒരു വിഭാഗം. സാഹിത്യം, തത്വചിന്ത, ശാസ്ത്രം തുടങ്ങിയ ഭിന്നമണ്ഡലങ്ങളിൽ വിവിധ സർവകലാശാലകൾ പുറത്തിറക്കിയ വിജ്ഞാനകോശങ്ങളും ഈ വിഭാഗത്തിൽപ്പെടും. അക്ഷരമാലാക്രമത്തിൽ വ്യക്തികൾ, വസ്തുതകൾ, കൃതികൾ, ആശയങ്ങൾ, സ്ഥലങ്ങൾ, സംഭവങ്ങൾ, സങ്കല്പനങ്ങൾ... ഓരോന്നും സമഗ്രമായവതരിപ്പിക്കപ്പെടുന്നു ഇത്തരം ഗ്രന്ഥങ്ങളിൽ.
അക്കാദമികവൃത്തങ്ങളിൽ വിജ്ഞാനവിതരണത്തിന്റെ ഏറ്റവും ആധികാരികമായ സ്രോതസായി പരിഗണിക്കപ്പെടുന്ന ഇവയുടെ സൈബർകാലത്തെ രൂപമായി വിക്കിപീഡിയയും നിലവിൽവന്നുകഴിഞ്ഞു. വിജ്ഞാനനിർമ്മിതിയുടെയും ആവിഷ്‌കാരത്തിന്റെയും തലങ്ങളിൽ വിക്കിപീഡിയ വിപ്ലവകരമായ ചില പൊളിച്ചെഴുത്തുകൾ നടത്തിയെന്ന വസ്തുതയും ഇതോടു ചേർത്തുകാണണം.
രണ്ടാമത്തേത്, ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സ് പോലുള്ള, കൗതുകകരമായ വിവരങ്ങളെക്കുറിച്ചുള്ള ജനപ്രിയ സമാഹാരങ്ങളുടേതാണ്. ലിംകാ ബുക് ഓഫ് റെക്കോർഡ്‌സ് ഉൾപ്പെടെ പലതരം ഗ്രന്ഥങ്ങൾ ഈ മാതൃകയിൽ എഴുതപ്പെടുന്നു. വർഷാവർഷം നവീകരിച്ചും പരിഷ്‌ക്കരിച്ചും രചിക്കപ്പെടുന്ന ഇവ, ഉള്ളടക്കം കണ്ടെടുക്കുന്നത് ജനസമൂഹങ്ങൾക്കിടയിൽ നിന്നുതന്നെയാണ്. ചരിത്രാത്മകവും വിമർശനാത്മകവുമായി സംഭരിക്കപ്പെടുന്ന വിജ്ഞാനങ്ങളുടേതെന്നതിനെക്കാൾ വിവരങ്ങളുടെ പ്രാഥമികതലത്തിലുള്ള ആഖ്യാനമായി ഭാവനചെയ്യപ്പെട്ടിരിക്കുന്ന ഈ ജനപ്രിയമാതൃകകളുടെ ഊന്നൽ ഏതെങ്കിലും ജീവിത-പ്രവർത്തനമേഖലയിലെ നേട്ടങ്ങളുടെ പേരിലുള്ള റെക്കോർഡാണ്. മറ്റൊരർഥത്തിൽ പറഞ്ഞാൽ ആൾക്കൂട്ടത്തിൽ വേറിട്ടുനിൽക്കുന്ന വ്യക്തിത്വങ്ങളിലുള്ള ഊന്നൽതന്നെ. ഒപ്പം നിർമ്മിതികളോ, കലാസൃഷ്ടികളോ ഒക്കെയും.
ഇന്ദുലേഖ ഡോട്ട് കോം എന്ന മലയാളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പുസ്തകവിതരണസ്ഥാപനത്തിനുവേണ്ടി, അതിന്റെ ഉടമയും പത്രപ്രവർത്തകനും കഥാകൃത്തുമൊക്കെയായ ടോം ജെ. മങ്ങാട്ട് എഡിറ്റുചെയ്ത 'സുവർണലേഖ', ഈ രണ്ടുതരം വിജ്ഞാനകോശമാതൃകകൾക്കുമിടയിൽ നിൽക്കുന്ന, കേരളത്തെക്കുറിച്ചു തയ്യാറാക്കപ്പെട്ട വിജ്ഞാനകോശവും വിവരസഞ്ചികയും ചരിത്രരേഖയുമാണ്. റെക്കോർഡുകളിൽ ശ്രദ്ധയൂന്നുമ്പോൾതന്നെ കേരളത്തിന്റെ 'ആദ്യ'ങ്ങളെ വേർതിരിച്ചുകാണിക്കുന്ന, അറിവിന്റെ ജനപ്രിയവിവരകോശം. ഒപ്പം, ചരിത്രത്തിന്റെ ഏടുകളിലേക്ക്, സഞ്ചാരികളുടെയും ചരിത്രകാരരുടെയും നിരീക്ഷണങ്ങളിലൂടെ നടത്തുന്ന എത്തിനോട്ടവും മലയാളത്തിന്റെ നൂറു സിനിമകളെക്കുറിച്ചുള്ള ആസ്വാദനക്കുറിപ്പുകളും.
പ്രശസ്തരായ ഫോട്ടോഗ്രാഫർമാരെടുത്ത അതീവ സുന്ദരമായ ഫോട്ടോഗ്രാഫുകളുടെ സാന്നിധ്യമാണ് ഈ ഗ്രന്ഥത്തിന്റെ ദൃശ്യഭാഷയെ നിർണയിക്കുന്ന മുഖ്യഘടകം. അതിസൂക്ഷ്മമായ എഡിറ്റിംഗും, വസ്തുതകളുടെ കൃത്യതയും മികച്ച ലേഔട്ടും അച്ചടിയും നിർമ്മിതിയും 'സുവർണലേഖ'യെ പ്രൊഫഷണലിസം മുന്നിട്ടുനിൽക്കുന്ന ഒരു വൈജ്ഞാനികഗ്രന്ഥമെന്ന നിലയിൽ വേറിട്ടുനിർത്തുകയും ചെയ്യുന്നു.
'കേരളത്തെക്കുറിച്ചുള്ള വ്യത്യസ്തമായ ഒരു വിജ്ഞാനകോശ'മായി അവതരിപ്പിക്കുന്ന 'സുവർണലേഖ'യെക്കുറിച്ച് എഡിറ്റർ സൂചിപ്പിക്കുന്ന വാക്യങ്ങൾ ഈ ഗ്രന്ഥത്തിന്റെ സ്വരൂപം വ്യക്തമാക്കും. 'ഇന്ത്യയുടെ പ്രസിഡന്റായ ഒരേയൊരു മലയാളി കെ.ആർ. നാരായണനാണെന്ന് ഏതുറക്കത്തിൽ ചോദിച്ചാലും മലയാളികൾ അഭിമാനത്തോടെ പറയും. എന്നാൽ കെ.ആർ. നാരായണൻ രാഷ്ട്രീയജീവിതം പോലും ആരംഭിക്കുന്നതിനു മുൻപേ ഒരു വിദേശരാജ്യത്തിന്റെ പ്രസിഡന്റായ മലയാളിയുണ്ട്. തലശ്ശേരിക്കാരൻ ഐ.വി.കെ. നായരുടെ പുത്രൻ ദേവൻ നായർ. 1981-ൽ സിംഗപ്പൂരിന്റെ പ്രസിഡന്റായ അദ്ദേഹത്തെപ്പറ്റി നമ്മളിൽ എത്രപേർക്കറിയാം?
കേരളത്തിലെ ആദ്യത്തെ വിമാനത്താവളം തിരുവനന്തപുരത്താണെന്ന് ഒരുവിധപ്പെട്ട കേരളീയർക്കൊക്കെ അറിയാമായിരിക്കും. അതിനൊക്കെ മുൻപ് കേരളത്തിലാദ്യമായി വിമാനമിറങ്ങിയതും ഉയർന്നതും തിരുവനന്തപുരത്തല്ല, കൊല്ലത്തെ ആശ്രാമം മൈതാനത്താണെന്ന് കൊല്ലംകാർക്കു പോലും അറിയാമോയെന്ന് സംശയം. അതിനു കാരണക്കാരൻ കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽ ജനിച്ചുവളർന്ന ഗോദവർമ്മ രാജയാണെന്ന് പൂഞ്ഞാറുകാർക്കും വലിയ പിടിയൊന്നും കാണില്ല.
പുസ്തകങ്ങൾ വായിക്കുന്ന മലയാളികൾക്ക് പറഞ്ഞു പരിചയപ്പെടുത്തേണ്ട പേരല്ല പെൻഗ്വിൻ. ഇംഗ്ലീഷ് പുസ്തകപ്രസാധനത്തിലെ ഏറ്റവും പ്രശസ്തമായ പേരുകളിലൊന്നാണ് പെൻഗ്വിൻ ബുക്‌സ്. എന്നാൽ, അതിന്റെ തുടക്കക്കാരിൽ ഒരാൾ മലയാളിയായിരുന്നു എന്ന് നൂറിൽ തൊണ്ണൂറ്റൊമ്പതേമുക്കാൽ പേർക്കും പറഞ്ഞുകൊടുക്കേണ്ടിവരും! 1935-ൽ സർ അലൻ ലെയ്ൻ എന്ന ഇംഗ്ലീഷുകാരനൊപ്പം പെൻഗ്വിൻ തുടങ്ങാൻ വി.കെ. കൃഷ്ണമേനോനും ഉണ്ടായിരുന്നു. നെഹ്‌റുവിന്റെ ഭരണകാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തിലെ രണ്ടാമൻ എന്ന് പലരും വിശേഷിപ്പിച്ച അതേ കൃഷ്ണമേനോൻതന്നെ'.
തുടർന്നങ്ങോട്ട് ഈ ഗ്രന്ഥം മറനീക്കുന്ന മലയാളത്തിന്റെ ആദ്യങ്ങൾ, വിസ്മയകരവും കൗതുകകരവുമായ അറിവുകളുടെയും അവബോധങ്ങളുടെയും ഒരു ആധുനിക ഐതിഹ്യമാലതന്നെയായി മാറുന്നു. പതിനേഴ് ഭാഗങ്ങളായാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം ടോം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കേരളം, രാഷ്ട്രീയം, നിർമ്മിതി, കൃഷി, ധനകാര്യം, എഴുത്ത്, മാദ്ധ്യമം, സിനിമ, കല, വിദ്യാഭ്യാസം, ആരോഗ്യം, നേട്ടം, പെണ്മ, കൗതുകം, കായികം എന്നിങ്ങനെ പതിനഞ്ചു ഭാഗങ്ങളും ഇന്നലെ, 100 സുവർണസിനിമ എന്നീ രണ്ടു ഭാഗങ്ങളും. കേരളത്തിന്റെ ഭൂതകാലവും ജനസംസ്‌കാരവും രേഖപ്പെടുത്തുന്ന ചരിത്രപാഠങ്ങളാണ് 'ഇന്നലെ'യിലെ കുറിപ്പുകളെങ്കിൽ ഏറ്റവും ജനപ്രിയമായ മലയാളസംസ്‌കൃതിയെന്ന നിലയിൽ സിനിമയുടെ നാൾവഴിചിത്രങ്ങളാണ് 'സുവർണസിനിമ'യെന്ന വിഭാഗം.
'കേരള'ത്തെ സംബന്ധിക്കുന്ന പൊതുവിവരങ്ങളിലൂടെ, ചരിത്രാത്മകവും വൈയക്തികവും സങ്കല്പനപരവുമൊക്കെയായ 'ആദ്യ'ങ്ങളന്വേഷിക്കുക എന്നതാണ് ഈ വിജ്ഞാനകോശത്തിന്റെ രീതിശാസ്ത്രം. ഓരോ ജീവിത, തൊഴിൽ, സാമൂഹ്യമണ്ഡലത്തിലും നിന്നുള്ള വിവരങ്ങളുടെ സമാഹരണവും വിശദീകരണവും മുറയ്ക്കുവരുന്നു. ആദ്യഭാഗമായ 'കേരള'ത്തിൽ ആദ്യവിമാനത്താവളം മുതൽ ആദ്യ ആദിവാസിപഞ്ചായത്ത് വരെ; മലമുഴക്കി വേഴാമ്പൽ മുതൽ പത്മനാഭസ്വാമിക്ഷേത്രം വരെ ഓരോന്നും അതാതിന്റെ ചരിത്രപ്രാധാന്യവും സാമൂഹ്യപ്രാമാണ്യവും ജൈവസ്വരൂപവും മുൻനിർത്തി വിശകലനം ചെയ്യപ്പെടുന്നു. സമാനമാണ് തുടർന്നങ്ങോട്ടുള്ള ഓരോ ഭാഗത്തെയും അവതരണക്രമം. എത്രയും വൈവിധ്യമുള്ള വിഷയങ്ങൾ. പരിചിതവും അപരിചിതവുമായ വിവരങ്ങൾ. അപ്രതീക്ഷിതമോ വിസ്മയകരമോ ആയ പരിണതികൾ. അവിശ്വസനീയംപോലുമായ വ്യക്തിപ്രതിഭകളും വസ്തുപ്രതീകങ്ങളും.
'രാഷ്ട്രീയ'മെന്ന ഭാഗത്ത് ആദ്യത്തെ തൊഴിലാളിസംഘടനാനേതാവിന്റെ വ്യക്തിചിത്രം മുതൽ ആദ്യതെരഞ്ഞെടുപ്പുകേസ് വരെയും രാജ്യങ്ങൾ കടന്നുപോയ അക്കാദമിക-രാഷ്ട്രീയ-സാംസ്‌കാരിക ജീവിതം നയിച്ച സർദാർ കെ.എം. പണിക്കരുടെ കഥ മുതൽ മദിരാശിയുടെ മേയർമാരായിത്തീർന്ന മലയാളിദമ്പതികളുടെ കഥവരെയും വായിക്കാം.
'നിർമ്മിതി'യിൽ, ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ആർച്ച് ഡാമും കപ്പൽനിർമ്മാണശാലയും മുതൽ ആദ്യ മുസ്ലിംപള്ളിയും ഏറ്റവും നീളമുള്ള റെയിൽപ്പാലവും വരെ കേരളത്തിലായതെങ്ങനെ എന്നു വിശദീകരിക്കുമ്പോൾ, 'കൃഷി'യിൽ കുട്ടനാടിന്റെ വിസ്മയകരമായ ഭൂസ്ഥിതി മുതൽ വച്ചൂർപശുവരെയുണ്ട്. 'ധനകാര്യ'ത്തിൽ പി.കെ. കുഞ്ഞിന്റെ ഭാഗ്യക്കുറിവിപ്ലവം മുതൽ പൊറിഞ്ചുവെളിയത്തിന്റെ ഇക്വിറ്റി ഇന്റലിജൻസ് വരെയും 'എഴുത്തി'ൽ സംക്ഷേപവേദാർഥം മുതൽ അരുന്ധതിറോയി വരെയുമുണ്ട്. 'മാദ്ധ്യമ'ത്തിൽ ആദ്യ മലയാളദിനപത്രം മുതൽ എഫ്.എം. റേഡിയോവരെയുള്ളപ്പോൾ 'സിനിമ'യിൽ വിഗതകുമാരന്റെ ചരിത്രജീവിതം മുതൽ അടൂരിന്റെ ആഗോളനേട്ടങ്ങൾ വരെയുണ്ട്. 'കല'യിൽ രാജാരവിവർമ മുതൽ കീലേരികുഞ്ഞിക്കണ്ണൻ വരെയുള്ളപ്പോൾ വിദ്യാഭ്യാസത്തിൽ ആദ്യത്തെ പെൺപള്ളിക്കൂടം മുതൽ ആദ്യ കോളേജ് കുമാരിമാർ വരെയുണ്ട്. 'ആരോഗ്യ'ത്തിൽ ഏഴ് ആദ്യങ്ങൾ സ്വന്തമാക്കിയ മേരിപുന്നൻ ലൂക്കോസ് മുതൽ ആഷ്‌ലിമുളമൂട്ടിലിന്റെ നേത്രചികിത്സാരംഗത്തെ ഫേസ്‌ബുക്ക് വിപ്ലവംവരെയുള്ളപ്പോൾ 'നേട്ട'ങ്ങളിൽ ഇട്ടിഅച്യുതൻ മുതൽ അഭിലാഷ് ടോമിവരെയുള്ളവരുണ്ട്. 'പെണ്മ'യിൽ ലോകപ്രശസ്ത സസ്യശാസ്ത്രജ്ഞയായി മാറിയ ഇ.കെ. ജാനകി അമ്മാൾ മുതൽ അന്നാചാണ്ടിയും പാർവതി ഓമനക്കുട്ടനുംവരെ. 'കൗതുക'ത്തിൽ ബീനാകണ്ണന്റെ പട്ടുസാരി മുതൽ ജോൺസി ജേക്കബിന്റെ പരിസ്ഥിതിസംഘടനവരെ. 'കായിക'ത്തിൽ തിരുവല്ലപാപ്പന്റെ ചരിത്രനേട്ടങ്ങൾ മുതൽ കേരളത്തിൽ ക്രിക്കറ്റ് വന്ന കഥവരെ. 370 പുറങ്ങളിലായി 500ലധികം എൻട്രികൾ.
'ഇന്നലെ' എന്ന ഭാഗത്തെ ചരിത്ര/സംസ്‌കാര സൂചനകൾ അങ്ങേയറ്റം കൗതുകകരമാണ്. ചിലതുനോക്കുക:
'മലബാറിൽ ഞാൻ കണ്ടതിനേക്കാൾ കവിഞ്ഞ വിഡ്ഢിത്തം ഇതിനു മുൻപ് ലോകത്തിലെവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ? സവർണ്ണർ നടക്കുന്ന തെരുവിൽക്കൂടെ പാവപ്പെട്ട പറയനു നടന്നുകൂടാ. ഈ മലബാറുകാരെല്ലാം ഭ്രാന്തന്മാരാണ്. അവരുടെ വീടുകൾ ഭ്രാന്താലയങ്ങളും. അത്തരം നീചവും പൈശാചികവുമായ ആചാരങ്ങൾ പുലർത്തുന്ന ആക്കൂട്ടർക്കു ലജ്ജയില്ലല്ലോ.
- സ്വാമി വിവേകാനന്ദൻ/വിവേകാനന്ദസാഹിത്യസർവ്വസ്വം.
നായന്മാർ എല്ലായ്‌പോഴും ആയുധപാണികളായി നടക്കുന്നു. വസ്ത്രധാരണത്തിൽ അവർ അർദ്ധനഗ്നന്മാരാണ്. അരയ്ക്കു മീതെ സ്ത്രീകൾകൂടി വസ്ത്രം ധരിക്കില്ല. അവർ പുറത്തിറങ്ങി സഞ്ചരിക്കുമ്പോൾ കീഴ്ജാതിക്കാർ അടുത്തുവന്നു തീണ്ടാതെ വഴിമാറുന്നതിനായി പോ! പോ! എന്നിങ്ങനെ വിളയാട്ടിക്കൊണ്ടു നടക്കുന്നു. കീഴ്ജാതിക്കാർ വഴിമാറിക്കൊടുക്കാതെ അടുത്തുവന്നു തീണ്ടിയാൽ അവരെ ഉടൻ കൊന്നുകളയും.
- ബാർബോസ/പോർച്ചുഗീസ് സഞ്ചാരി.
ലണ്ടനിൽ 1931-ൽ നടന്ന വട്ടമേശസമ്മേളനത്തിൽ തിരുവിതാംകൂറിനു പ്രാതിനിധ്യം നൽകാമെന്നു വൈസ്രോയി സമ്മതിച്ചെങ്കിലും, കടൽകടന്ന് അശുദ്ധപ്പെടേണ്ടിവരുമെന്ന ഭയംകൊണ്ട് ആ അവകാശം ഉപേക്ഷിക്കുകയാണുണ്ടായത്. ജവഹർലാൽ നെഹ്‌റു കടൽകടന്നിട്ടുള്ളതുകൊണ്ടു പട്ടാളക്കാരെ ഗോപുരത്തിൽ നിർത്തി അദ്ദേഹത്തിനു പത്മനാഭക്ഷേത്രത്തിൽ പ്രവേശനം നിരോധിച്ചു.
- സി. നാരായണപിള്ള/തിരുവിതാംകൂർ സ്വാതന്ത്ര്യസമരചരിത്രം
ചിറ്റഴിയിൽ വള്ളത്തോളുമൊത്ത് മിക്കവാറും കുട്ടികൃഷ്ണമാരാരുമുണ്ടാവും. മാരാർ, വള്ളത്തോളിന്റെ വീട്ടിൽ നിന്ന് തൊട്ടുണ്ണില്ല; അത് അശുദ്ധിയാണ്. മാരാർ ഭക്ഷണത്തിന് അടുത്തുള്ള മുല്ലമംഗലം മനയിലെത്തും. അവിടെ ഇല്ലത്തുള്ളവരുടെയെല്ലാം ഭക്ഷണം കഴിഞ്ഞ്, പുറത്തു വിളമ്പുന്നതു കഴിക്കാൻ മരാരാർക്ക് ഒരു വല്ലായ്മയും ഉണ്ടാവില്ല. മാത്രമല്ല, ഇരിക്കാൻ പത്രക്കടലാസു മാത്രമേ ഉണ്ടാവൂ. മാരാർക്ക് നമ്പൂതിരി ആവണപ്പലക കൊടുക്കുകയോ? ഹേയ്!
- പി.ഭാസ്‌കരനുണ്ണി/പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം'.
സർവകലാശാലയും സദയവും നന്ദനവും ലൗഡ്‌സ്പീക്കറും ഇന്നലെയും ലാൽസലാമുമൊക്കെ ഒഴിവാക്കി സ്വയംവരവും സ്വപ്നാടനവും അഗ്നിസാക്ഷിയും പത്രവും ദൃശ്യവും പ്രേമവുമൊക്കെ ഉൾപ്പെടുത്തി സുവർണസിനിമ എന്ന ഭാഗം പരിഷ്‌ക്കരിക്കണമെന്ന ശുപാർശയും എഡിറ്ററോട് നടത്താനുണ്ട്.
കേരളത്തിന്റെ ആദ്യങ്ങൾ-സുവർണലേഖയിലെ ചില മാതൃകകൾ നോക്കുക:
റോസമ്മയും എം.ജി.ആറും പിന്നെ മറ്റൊരാളും
കേരളത്തിൽ ആദ്യമായി എം.ജി.ആർ. വോട്ടു ചോദിച്ചത് റോസമ്മ പുന്നൂസിനുവേണ്ടിയായിരുന്നു. 1958-ലെ ദേവികുളം ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയുടെ നിലനില്പിനെത്തന്നെ ബാധിക്കുന്നതായിരുന്നു. മണ്ഡലത്തിലെ തമിഴ് വോട്ടുകൾ വളരെ നിർണ്ണായകമാണ്. റോസമ്മയുടെ എതിരാളിയായ കോൺഗ്രസിന്റെ ബി.കെ. നായർക്കുവേണ്ടി കാമരാജ് ഉൾപ്പെടെയുള്ള വമ്പന്മാർ രംഗത്തുണ്ട്. തമിഴരുടെ ഹൃദയത്തിലേക്കുള്ള വഴികളന്വേഷിച്ച് കമ്മ്യൂണിസ്റ്റ് നേതാക്കൾ നിൽക്കുമ്പോഴാണ് സാക്ഷാൽ എം.ജി.ആർ. ഷൂട്ടിങ്ങിന് മൂന്നാറിലെത്തിയത്. തമിഴരായ പാർട്ടി അനുഭാവികൾ ഒന്നടങ്കം എം.ജി.ആറിനെ കണ്ട് തങ്ങളുടെ നേതാവിനുവേണ്ടി പ്രസംഗിക്കാൻ അഭ്യർത്ഥിച്ചു.
മക്കൾതിലകത്തിനു സമ്മതം. അടുത്ത ദിവസം മൂന്നാറിൽ നടന്ന തിരഞ്ഞെടുപ്പുയോഗത്തിൽ റോസമ്മയ്ക്ക് വോട്ടുചെയ്യണമെന്ന് അഭ്യർത്ഥിച്ച് എം.ജി.ആർ. പ്രസംഗിച്ചു. തമിഴ്മക്കൾ ഇളകിമറിഞ്ഞു; അതൊക്കെ വോട്ടായി. മികച്ച ഭൂരിപക്ഷത്തിലായിരുന്നു റോസമ്മ പുന്നൂസിന്റെ ജയം.
അതേ തിരഞ്ഞെടുപ്പുയോഗത്തിൽ എം.ജി.ആറിന്റെ പ്രസംഗത്തിനു തൊട്ടുമുൻപ് അതേ സ്റ്റേജിൽ മറ്റൊരാൾകൂടി വന്നിരുന്നു. എം.ജി.ആറിനെ കേൾക്കാൻ കാതുകൂർപ്പിച്ചിരുന്ന ജനക്കൂട്ടത്തിന് സംഗീതവിരുന്നൊരുക്കിയ ഇരുണ്ട, ഉയരം കുറഞ്ഞ ഒരു പതിനാലുകാരൻ; പേര് ഡാനിയൽ രാസയ്യ. ഈ പേരുകാരനെ നമ്മളറിയുന്നത് മറ്റൊരു പേരിലാണ്: ഇളയരാജ!
ഒരു കൗതുകംകൂടിയുണ്ട്. ഈ ഉപതിരഞ്ഞെടുപ്പിൽ റോസമ്മ പുന്നൂസിന്റെ തിരഞ്ഞെടുപ്പു സെക്രട്ടറിയായിരുന്ന വ്യക്തി പിന്നീട് സിപിഎമ്മിന്റെ പ്രമുഖ നേതാവും കേരളത്തിന്റെ മുഖ്യമന്ത്രിയുമായി: വി എസ്. അച്യുതാനന്ദൻ.
മദ്രാസ് മേയർമാരായ മലയാളി ദമ്പതികൾ
മദ്രാസ് കോർപ്പറേഷന്റെ മേയർമാരായ മലയാളി ദമ്പതിമാരാണ് ഡോ. പി.വി. ചെറിയാനും ഭാര്യ താര ചെറിയാനും. ആലപ്പുഴയിൽ പാലത്തിങ്കൽ കുടുംബാംഗമായി ജനിച്ച പി.വി. ചെറിയാൻ കോട്ടയത്ത് സി.എം.എസ്. കോളേജിലെ പഠനത്തിനുശേഷം മദ്രാസിലെ എൽ.എം.എസ്. കോളേജിൽനിന്ന് എം.ബി.ബി.എസ്. നേടി. ഉടൻതന്നെ തമിഴ്‌നാട് ഗവൺമെന്റ് സർവീസിൽ ജോലി ലഭിച്ച ഡോ. ചെറിയാൻ മൂന്നു പതിറ്റാണ്ടുകൾ ഡോക്ടറെന്ന നിലയിൽ കർമ്മനിരതനായി. സൈന്യത്തിലും ഡോക്ടറായി സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം ലണ്ടനിലും ഗ്ലാസ്‌ഗോയിലും എഡിർബറോയിലും ഉപരിപഠനം നടത്തി. 1948-ൽ ജോലിയിൽനിന്നു വിരമിച്ചതിനേത്തുടർന്നാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശം. 1949 നവംബറിൽ ഡോ. ചെറിയാൻ മദ്രാസിന്റെ മേയറായി.
ഏഴു വർഷങ്ങൾക്കു ശേഷമാണ് താര ചെറിയാൻ ഇതേ പദവിയിൽ എത്തുന്നത്. പിൽക്കാലത്ത് മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗമായ ഡോ. പി.വി. ചെറിയാൻ ഈ കൗൺസിലിന്റെ ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1969-ൽ മഹാരാഷ്ട്ര ഗവർണ്ണറായിരിക്കുമ്പോൾ ഡോ. ചെറിയാൻ അന്തരിച്ചു.
കുരുമുളക് മെതിയന്ത്രത്തിന്റെ പേറ്റന്റ് മുരിക്കാശേരിക്കാരന്
ഇന്ത്യയിൽ കുരുമുളക് മെതിയന്ത്രം നിർമ്മിച്ചു വിൽക്കുന്നതിനുള്ള പേറ്റന്റ് ഒരു മലയാളിക്കാണ്: മുരിക്കാശേരി സ്വദേശി ചരളംകാനം പാലത്തുംതലയ്ക്കൽ പി.കെ. രവിയാണത്. ഇടുക്കി ജില്ലയിലെ മുരിക്കാശേരിയിൽ ലെയ്ത്ത് നടത്തുന്ന രവി കുരുമുളക് മെതിയന്ത്രത്തിന് രൂപം നല്ഡകിയത് വർഷങ്ങളുടെ പരിശ്രമിത്തിനൊടുവിലാണ്. കുരുമുളകു പറിക്കുന്നതിനും മെതിക്കുന്നതിനും തൊഴിലാളികളെ കിട്ടാതെവന്നപ്പോഴാണ് ഇതിനായി യന്ത്രം നിർമ്മിക്കണമെന്നു രവിക്കു തോന്നിയത്.
ചെറിയ മോഡലാണ് രവി ആദ്യം പരീക്ഷിച്ചത്. സ്‌പൈസസ് ബോർഡ് അധികൃതരും വ്യവസായവകുപ്പ് അധികൃതരും മെതിയന്ത്രം പരിശോധിച്ച് പ്രവർത്തനത്തിൽ തൃപ്തി രേഖപ്പെടുത്തി. തുടർന്നാണ് വ്യാവസായികാടിസ്ഥാനത്തിലുള്ള നിർമ്മാണം ആരംഭിച്ചത്. കേരള കാർഷിക സർവ്വകലാശാല അധികൃതരുടെ ആവശ്യമനുസരിച്ച് യൂണിവേഴ്‌സിറ്റിയിൽ യന്ത്രത്തിന്റെ പ്രദർശനവും നടത്തി. യൂണിവേഴ്‌സിറ്റി അധികൃതർ അവരുടെ ഫാമുകളിലേക്ക് യന്ത്രം ശുപാർശചെയ്തു. കേരളത്തിലെ പെപ്പർ റിസേർച്ച് സെന്ററിൽ രവിയുടെ യന്ത്രമാണ് ഉപയോഗിക്കുന്നത്.
മെതിയന്ത്രത്തിന് മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾകലാമിന്റെ അഭിനന്ദനവും ലഭിച്ചതോടെ 2010-ൽ മാത്രം 40,000 മെതിയന്ത്രങ്ങൾ രവിക്ക് വിൽക്കാനായി. ഡൽഹിയിലും രവി യന്ത്രത്തിന്റെ പ്രദർശനം നടത്തി.
2005-ൽ നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷന്റെ അംഗീകാരം ലഭിച്ച രവിയുടെ കണ്ടുപിടുത്തത്തിന് ആറുവർഷത്തിനുശേഷമാണ് പേറ്റന്റ് ലഭിച്ചത്. ഈ മെതിയന്ത്രത്തിൽ മണിക്കൂറിൽ 300 കിലോഗ്രാം കുരുമുളക് വരെ മെതിക്കാൻ കഴിയും. വൈദ്യുതി ഉപയോഗിച്ചും അല്ലാതെയും പ്രവർത്തിപ്പിക്കാവുന്ന തരത്തിലാണ് മെതിയന്ത്രം രൂപകല്പന ചെയ്തിരിക്കുന്നത്.
മലബാർ ഗോൾഡ് & ഡയമണ്ട്‌സ്: സ്വർണ്ണവ്യാപാരത്തിൽ ഒന്നാമത്
ലോകത്ത് സ്വർണ്ണാഭരണ വില്പനയിൽ ഏറ്റവും മുൻനിരയിലുള്ള അഞ്ച് കമ്പനികളിൽ ഒന്നിന്റെ വേരുകൾ കേരളത്തിലാണ്: 20,000 കോടി രൂപയുടെ വാർഷികവിറ്റുവരവുള്ള മലബാർ ഗോൾഡ് & ഡയമണ്ട്‌സ്. ആദ്യ അഞ്ചിൽ, ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ സ്വർണ്ണവില്പനശൃംഖലയും മലബാർതന്നെ. കോഴിക്കോടാണ് ആസ്ഥാനം.
1993-ൽ 745 ചതുരശ്ര അടി സ്ഥലത്ത് തുടക്കമിട്ട മലബാർ ഗോൾഡ് & ഡയമണ്ട്‌സിന് 2014-ൽ 121 ഇടങ്ങളിലായി അഞ്ചു ലക്ഷത്തിലധികം ചതുരശ്ര അടി വലിപ്പമുണ്ട്. എംപി. അഹമ്മദാണ് സ്ഥാപകനും കമ്പനിയുടെ ചെയർമാനും. കേരളത്തിനു പുറമേ ഏഴ് ഇന്ത്യൻ സംസ്ഥാനങ്ങളിലും ബഹറിൻ, സൗദിഅറേബ്യ, കുവൈറ്റ്, ഖത്തർ, ഒമാൻ, യു.എ.ഇ., സിംഗപ്പൂർ എന്നീ വിദേശരാജ്യങ്ങളിലും വിപണനശാലകളുണ്ട്.
നിക്ഷേപകരേക്കൂടി കമ്പനിയുടെ പ്രവർത്തനത്തിൽ പങ്കാളികളാക്കുന്ന സവിശേഷമായ ബിസിനസ് മോഡലാണ് മലബാർ ഗോൾഡ് & ഡയമണ്ട്‌സിന്റെ വളർച്ചയുടെ രഹസ്യം.
നിരോധിക്കപ്പെട്ട മലയാളത്തിലെ ആദ്യ നാടകം
ചലച്ചിത്രഗാന രചയിതാവും ഹിന്ദിപണ്ഡിതനുമായിരുന്ന അഭയദേവ് എഴുതിയ നവയുഗമാണ് കേരളത്തിൽ ആദ്യമായി നിരോധിക്കപ്പെട്ട നാടകം. 1944 - 45 കാലയളവിലാണ് ഇത് എഴുതപ്പെട്ടത്. ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മയുടെ കീഴിലുള്ള മന്ത്രിസഭ ഐക്യകേരളം നേടിയെടുക്കുന്നതായിരുന്നു നാടകത്തിന്റെ ഇതിവൃത്തം. തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി.യെ കളിയാക്കുന്ന പലതുമുണ്ടായിരുന്നു അതിൽ. ഏതായാലും, വൈകാതെ സി.പി. നാടകം കണ്ടുകെട്ടി. കുറേ പൊലീസുകാർ അഭയദേവിന്റെ വീട്ടിൽച്ചെന്ന് എഴുതിവച്ചിരുന്നതെല്ലാം കൊണ്ടുപോയി നശിപ്പിച്ചു.
ആദ്യ കോളജ് കുമാരികൾ
പി.എ. ഏലി, വി.ടി. ചാച്ചി, കെ.കെ. അന്ന ഇവരാണ് കേരളംകണ്ട ആദ്യ കോളജ് കുമാരികൾ. കേരളത്തിലെ ആദ്യ കോളജായ കോട്ടയത്തെ സി.എം.എസ്. കോളജിലാണ് ഈ പെൺകുട്ടികൾ പഠിക്കാനെത്തിയത്, 1913-ൽ. ചട്ടയും മുണ്ടുമായിരുന്നു ഇവരുടെ വേഷം. ആഭരണമായി തോടയും കാപ്പും. 1897-ൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകിയ കൊൽക്കത്ത ഹിന്ദുകോളജ് കഴിഞ്ഞാൽ ഇന്ത്യയിൽ പെൺകുട്ടികൾക്ക് പ്രവേശനം അനുവദിച്ചത് സി.എം.എസ്. ആണ്. 1817-ൽ ആരംഭിച്ച സി.എം.എസ്. കോളജിൽ 1913-ൽ പെൺകുട്ടികൾ എത്തുമ്പോൾ അവിടെ 111 ആൺകുട്ടികൾ വിദ്യാർത്ഥികളായി ഉണ്ടായിരുന്നു. എന്നാൽ അഞ്ചുവർഷത്തിനു ശേഷം 1918-ൽ പെൺകുട്ടികളെ പ്രവേശിപ്പിക്കുന്നത് നിർത്തലാക്കി. സമൂഹത്തിന്റെ കടുത്ത എതിർപ്പായിരുന്നു കാരണം. പിന്നീട് 1938-39 കാലത്താണ് വീണ്ടും പെൺകുട്ടികൾ കോളജിൽ എത്തിയത്. അന്നവർ പതിനൊന്ന് പേരുണ്ടായിരുന്നു.
ഡോ. മേരി പുന്നൻ ലൂക്കോസ്
കോട്ടയം അയ്മനം സ്വദേശിയായ മേരി പുന്നൻ അസാമാന്യ കഴിവുകളുള്ള ഒരു വ്യക്തിത്വമായിരുന്നു. ഒന്നോ രണ്ടോ അല്ല ഏഴു റെക്കോർഡുകളാണ് ഡോ. മേരിയുടെ പേരിലുള്ളത്. വിദേശസർവ്വകലാശാലയിൽ വൈദ്യപഠനം നടത്തിയ ആദ്യ മലയാളി വനിതയാണവർ. തിരുവിതാംകൂർ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിന്റെ ആദ്യ വനിതാമേധാവിയും കേരളത്തിലെ ആദ്യ സിസേറിയൻ നടത്തിയ സർജനും (1920) ഇന്ത്യയിലെ ആദ്യ വനിതാസർജൻ ജനറലും (1938) ഡോ. മേരി ആണ്.
തിരുവനന്തപുരം മഹാരാജാസ് കോളജിൽ (ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളജ്) പ്രവേശിനം ലഭിച്ച ആദ്യ വനിതയും തിരുവിതാംകൂറിലെ ആദ്യ വനിതാബിരുദധാരിയും (1909) മേരി പുന്നൻ ലൂക്കോസ് ആയിരുന്നു. ഇന്ത്യയിലാദ്യമായി നിയമനിർമ്മാണസഭയിൽ അംഗമായ വനിതയും അവർതന്നെ. 1922-ൽ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിൽ ഡോ. മേരി അംഗമായി. വിവിധ കാലയളവുകളിലായി ഏഴുതവണ അവർ നിയമനിർമ്മാണസഭകളിലുണ്ടായിരുന്നു. ശ്രീമൂലം പ്രജാസഭയിലും ശ്രീചിത്രാ സ്റ്റേറ്റ് കൗൺസിലിലും അംഗമായിരുന്ന കാലവും ഇതിൽ ഉൾപ്പെടുന്നു.
സൈക്കിളിന് സ്വർണ്ണത്തേക്കാൾ വില
കേരളത്തിൽ ആദ്യമായി സൈക്കിൾ ചവിട്ടിയത് മലയാളഭാഷയുടെ വ്യാകരണം ചിട്ടപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച എ.ആർ. രാജരാജവർമ്മയാണ്. 1895-ൽ തിരുവിതാംകൂറിലായിരുന്നു സംഭവം. മദ്രാസിൽനിന്നാണ് കേരളപാണിനിക്ക് സൈക്കിൾ കൊണ്ടുവന്നത്. അന്നു സ്വർണ്ണത്തേക്കാൾ വിലയായിരുന്നു സൈക്കിളിന്. ഒരു പവൻ വാങ്ങാൻ അന്ന് 13 രൂപ മതി. എന്നാൽ ഒരു സൈക്കിൾ സ്വന്തമാക്കാൻ 200 രൂപ മുടക്കണമായിരുന്നു.
സുവർണലേഖ
എഡി. ടോം. ജെ. മങ്ങാട്ട്
www.indulekha.com
എസ്‌പി.സി.എസ്.
2015, വില: 995 രൂപ