- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബംഗാൾ ഗതാഗത മന്ത്രി സുവേന്ദു അധികാരി ബിജെപിയിലേക്ക്; നൂറുകണക്കിന് പ്രവർത്തകരുമായി പാർട്ടി പിളരുകയാണെന്നും റിപ്പോർട്ട്; മമതയിൽ നിന്ന് അകലുന്നത് നന്ദിഗ്രാമിനെ തൃണമൂലിന്റെ ശക്തികേന്ദ്രമാക്കി മാറ്റിയതിന് പിന്നിലെ പ്രധാനി; ബംഗാളിൽ സിപിഎമ്മിനെ വിഴുങ്ങിയ ബിജെപി തൃണമൂലിനെയും പിളർത്തുന്നു; ബിഹാറിനൊപ്പം നാളത്തെ ദിനം ബംഗാളിനും നിർണ്ണായകം
കൊൽക്കത്ത: ബംഗാളിൽ ബിജെപി വളർന്നത് സിപിഎമ്മിനെ വിഴുങ്ങിക്കൊണ്ടാണെന്നാണ് നിഷ്പക്ഷ രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. 24 പർഗാനപോലെ ഒരുകാലത്ത് സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായിരുന്നു പല ജില്ലകളിലും പാർട്ടി ലോക്കൽ കമ്മറി ഓഫീസുകൾ ഒക്കെ അതുപോലെ ബിജെപി പാർട്ടി ഓഫീസുകൾ ആവുകയായിരുന്നു. നേതാക്കളും അനുഭാവികളും പാർട്ടി ഓഫീസുമെല്ലാം ഒന്നടങ്കം മറ്റൊരു പാർട്ടിയിലേക്ക് മാറുന്നത് സമാനതകൾ ഇല്ലാത്തതായിരുന്നു. തൃണമൂലിന്റെ ഗുണ്ടായിസം താങ്ങാൻ ആവാതെയാണ് ഗ്രാമങ്ങളിൽ സിപിഎം പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിൽ എത്തിയതെന്നും പിന്നീട് റിപ്പോർട്ടുകൾ ഉണ്ടായി. ബംഗാളിലെ ബിജെപിയുടെ വളർച്ച സിപിഎം കേഡർമാരെ ചാക്കിലാക്കിക്കൊണ്ടായിരുന്നു. എന്നാൽ ഇപ്പോൾ തൃണമൂൽ നേതാക്കളെ റാഞ്ചുക എന്ന മറ്റൊരു പരിപാടിയാണ് ബിജെപി ലക്ഷമ്യിട്ടിരിക്കുന്നത്.
ചൊവ്വാഴ്ച നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന ബിഹാറിലെക്കാണ് ഇന്ത്യൻ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. അതേദിവസം തന്നെ സമാനമായ ഒരു രാഷ്ട്രീയചലനത്തിന് വേദിയൊരുങ്ങുകയാണ് പശ്ചിമബംഗാളിൽ.മമത മന്ത്രിസഭയിലെ അംഗവും തൃണമൂൽ കോൺഗ്രസ് നേതൃനിരയിലെ പ്രബലനുമായ സുവേന്ദു അധികാരി മെഗാ റാലിയെ അഭിസംബോധന ചെയ്യും. തൃണമൂൽ കോൺഗ്രസിന്റെ പതാകയോ മമതാ ബാനർജിയുടെ ചിത്രങ്ങളോ വേദിയിലുണ്ടാരിക്കില്ല എന്നതാണ് ശ്രദ്ധേയം.ബംഗാൾ ഗതാഗത മന്ത്രിയായ സുവേന്ദു അധികാരി ബിജെപിയിലേക്ക് ചേക്കേറുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ താനൊറ്റയ്ക്കല്ല, തൃണമൂലിനെ പിളർത്തിയെടുത്താണ് കൂറുമാറുന്നതെന്ന പ്രഖ്യാപനമാകും റാലിയിലൂടെ സുവേന്ദ നൽകുക. നന്ദിഗ്രാമിലാണ് ചൊവ്വാഴ്ച റാലി സംഘടിപ്പിച്ചിരിക്കുന്നത്.
പുരുലിയ,നാദിയ, മുർഷിദാബാദ്, ഈസ്റ്റ് മിദ്നപുർ തുടങ്ങിയ ജില്ലകളിലും സുവേന്ദ അധികാരിയുടെ പോസ്റ്ററുകളും ബോർഡുകളും ഉയർന്നിട്ടുണ്ട്. തൃണമൂൽ എംപിയും മമതയുടെ അനന്തിരവനുമായ അഭിഷേക് ബാനർജിക്ക് പാർട്ടി നേതൃനിരയിൽ ലഭിക്കുന്ന സ്വീകാര്യതയാണ് സുവേന്ദ അധികാരിയുടെ അതൃപ്തിക്ക് പിന്നിൽ. 2007-08-ൽ നന്ദിഗ്രാമിനെ ഇടതുപക്ഷത്ത് നിന്ന് തൃണമൂലിന്റെ ശക്തികേന്ദ്രമാക്കി മാറ്റിയതിന് പിന്നിൽ പ്രധാനിയാണ് സുവേന്ദ. എന്നാൽ നേതൃനിരയിൽ നിരന്തരം സുവേന്ദയെ അവഗണിക്കുന്നുവെന്നാണ് പരാതി.2011-ൽ സുവേന്ദയെ മാറ്റിയാണ് അഭിഷേക് ബാനർജിയെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കിയത്. താൻ പടി പടിയായിട്ടാണ് ഇപ്പോൾ മന്ത്രി വരെയെങ്കിലും ആയതെന്ന് കഴിഞ്ഞ ദിവസം നടന്ന ഒരു ചടങ്ങിൽ അഭിഷേക് ബാനർജിയെ ലക്ഷ്യമിട്ടുകൊണ്ട് സുവേന്ദ പറഞ്ഞു.
സുവേന്ദ അധികാരി പാർട്ടിയിൽ നിന്ന് പുറത്ത് പോകുന്നത് തൃണമൂലിന് കനത്ത നഷ്ടമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. വിപുലമായ സംഘടനാ ശൃംഖലയുള്ളയാളാണ് അദ്ദേഹം. തൃണമൂലിന്റെ ചുരുക്കം വരുന്ന ജനകീയ നേതാക്കളിലൊരാളായ സുവേന്ദ പാർട്ടി വിടുകയാണെങ്കിൽ കൂടുതൽ നേതാക്കളെ സമാനമായ തീരുമാനത്തിന് പ്രേരിപ്പിക്കുമെന്നും വിലയിരുത്തുന്നു. അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടിരിക്കുന്ന ബിജെപിക്ക് സുവേന്ദയുടെ വരവ് വലിയൊരു മുതൽകൂട്ടാകും.പാർട്ടിയിലെ അസംതൃപ്തിക്ക് പുറമെ സുവേന്ദയ്ക്ക് തൃണമൂൽ വിടാനുള്ള ചില നിർബന്ധിത സാഹചര്യങ്ങളുണ്ടെന്ന റിപ്പോർട്ടുകളുമുണ്ട്. മമതയുടെ അടുത്ത അനുയായിയും ഇപ്പോൾ ബിജെപി ദേശീയ സെക്രട്ടറിയുമായ മുകുൾ റോയിക്കൊപ്പം നാരദ കേസിൽ സുവേന്ദയുടെ പേരും ഇടംപിടിച്ചിട്ടുണ്ട്.
ഇങ്ങനെ അസൃതംപ്തരായ നിരവധി നേതാക്കളെ കൂട്ടുപിടിച്ച് തൃണമൂലിനെ പിളർത്തിയെടുക്കുക എന്നതാണ് ബിജെപിയുടെ തന്ത്രം. അടുത്തവർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മമതയെ തുരത്താൻ കഴിയുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.
മറുനാടന് ഡെസ്ക്