- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച: സോളിസിറ്റർ ജനറൽ സ്ഥാനത്ത് നിന്ന് തുഷാർ മേത്തയെ പുറത്താക്കണമെന്ന് തൃണമൂൽ കോൺഗ്രസ്; ആരോപണം നിഷേധിച്ച തുഷാർ മേത്ത
ന്യൂഡൽഹി: സിബിഐ അന്വേഷിക്കുന്ന അഴിമതി കേസുകളിൽ പ്രതിയായ ബിജെപി നേതാവ് സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് തുഷാർ മേത്തയെ ഇന്ത്യൻ സോളിസിറ്റർ ജനറൽ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് തൃണമൂൽ കോൺഗ്രസ്. ഇക്കാര്യം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തൃണമൂൽ കോൺഗ്രസ് എംപിമാർ കത്തയച്ചു. എന്നാൽ ആരോപണം നിഷേധിച്ച തുഷാർ മേത്ത, സുവേന്ദു അധികാരി അറിയിക്കാതെയാണ് എത്തിയതെന്നും കൂടിക്കാഴ്ച നടന്നില്ലെന്നും പറഞ്ഞു.
ബംഗാളിലെ പ്രതിപക്ഷ നേതാവായ സുവേന്ദു അധികാരിയുമായുള്ള സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ കൂടിക്കാഴ്ചയിൽ പ്രത്യേക താല്പര്യങ്ങൾ ഉണ്ടായിരുന്നതായാണ് തൃണമൂൽ കോൺഗ്രസ് എംപിമാർ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആരോപിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഉന്നത അഭിഭാഷക പദവിയിൽ നിന്ന് തുഷാർ മേത്തയെ ഉടൻ നീക്കണമെന്നും തൃണമൂൽ എംപിമാർ ആവശ്യപ്പെട്ടു.
സിബിഐ അന്വേഷിക്കുന്ന വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ് അധികാരി എന്നു തൃണമൂൽ കോൺഗ്രസ് ചൂണ്ടിക്കാട്ടി. ഈ കേസുകളിൽ പലതിലും സോളിസിറ്റർ ജനറൽ സിബിഐയെ പ്രതിനിധീകരിക്കുന്നുണ്ട്. ഇത്തരത്തിലൊരു വ്യക്തിയുമായി തുഷാർ മേത്ത നടത്തിയ കൂടിക്കാഴ്ച അദ്ദേഹം ആ സ്ഥാനത്തിരിക്കാനുള്ള അർഹതയെ ചോദ്യം ചെയ്യുന്നതാണെന്നും എംപിമാർ കത്തിൽ പറഞ്ഞു.
കേസുകളുടെ കാര്യത്തിൽ സ്വാധീനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂടിക്കാഴ്ച നടന്നതെന്നും എംപിമാരായ ഡെറിക്ക് ഒബ്രിയാൻ, മഹുവ മൊയ്ത്ര, സുഖേന്ദു ശേഖർ റോയ് എന്നിവർ ഒപ്പിട്ട് അയച്ച കത്തിൽ ആരോപിച്ചു. സോളിസിറ്റർ ജനറലിന്റെ ഈ പ്രവർത്തി അനുചിതവും പദവിയെ കളങ്കപ്പെടുത്തുന്നതുമാണെന്നും അവർ പറഞ്ഞു.
എന്നാൽ, ആരോപണങ്ങൾ തുഷാർ മേത്ത നിഷേധിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം സുവേന്ദു അധികാരി മുൻകൂട്ടി അറിയിക്കാതെയാണ് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ചേംബറിൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള മീറ്റിംഗിലായതിനാൽ, ഓഫീസ് കെട്ടിത്തിലെ വെയിറ്റിങ് റൂമിൽ ഇരിക്കാൻ ജീവനക്കാർ അദ്ദേഹത്തോട് അഭ്യർത്ഥിക്കുകയും ഒരു കപ്പ് ചായ വാഗ്ദാനം ചെയ്യുകയും ചെയ്തു. യോഗം അവസാനിച്ച ശേഷം കൂടിക്കാഴ്ചയ്ക്ക് സാധിക്കില്ലെന്ന വിവരം ജീവനക്കാർ മുഖേന സുവേന്ദു അധികാരിയെ അറിയിച്ചുവെന്നും മേത്ത പറഞ്ഞു.