- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പശ്ചിമ ബംഗാളിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപിയും കളത്തിൽ; നന്ദിഗ്രാമിൽ മമതയെ നേരിടാൻ സുവേന്ദു അധികാരി തന്നെ; തീപാറുന്ന പോരിനൊരുങ്ങി വംഗദേശം
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. നന്ദിഗ്രാമിൽ മമതയെ നേരിടാൻ മമതയുടെ പഴയ വലംകൈയും വിശ്വസ്തനുമായിരുന്ന സുവേന്ദു അധികാരിയെ തന്നെയാണ് ബിജെപി നിയോഗിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ സിറ്റിംഗ് സീറ്റാണ് നന്ദിഗ്രാം. 57 സീറ്റുകളിലേക്കാണ് ബിജെപി ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
നന്ദിഗ്രാമിലെ ഭൂസമരകാലത്ത് മമതാബാനർജിയുടെ വലംകൈയും വിശ്വസ്തനുമായിരുന്നു സുവേന്ദു അധികാരി. 2007ലെ നന്ദിഗ്രാം സമരമാണ് ബംഗാളിൽ ഇടതുപക്ഷത്തിന്റെ അടിവേര് ഇളക്കിയത്. പിന്നീട് നന്ദിഗ്രാമിലെ മികച്ച വിജയത്തോടൊപ്പം 2011ൽ മമത അധികാരത്തിലേറി. ഡിസംബറിലാണ് ഗതാഗത, പരിസ്ഥിതി മന്ത്രിയായിരുന്ന സുവേന്ദു സ്ഥാനം രാജിവെച്ചത്. പിന്നീട് അമിത് ഷായുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നു. പിന്നാലെ അധികാരിയെ പിന്തുണക്കുന്ന നിരവധി നേതാക്കളും ബിജെപിയിലെത്തി. വെള്ളിയാഴ്ചയാണ് മമതാ ബാനർജി നന്ദിഗ്രാമിൽ മത്സരിക്കുമെന്ന് അറിയിച്ചത്. നേരത്തെ രണ്ട് സീറ്റിൽ മത്സരിക്കുമെന്ന് അറിയിച്ച മമത, പിന്നീട് ബിജെപി വെല്ലുവിളി ഏറ്റെടുത്ത് നന്ദിഗ്രാമിൽ മാത്രം ജനവിധി തേടാൻ തീരുമാനിക്കുകയായിരുന്നു. മമതയെ അമ്പതിനായിരം വോട്ടിന് തോൽപ്പിക്കുമെന്നും ഇല്ലെങ്കിൽ രാഷ്ട്രീയം വിടുമെന്നും സുവേന്ദു അധികാരി വ്യക്തമാക്കിയിരുന്നു.
പശ്ചിമബംഗാളിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇടതുപാർട്ടികളും ഇന്ന് പ്രഖ്യാപിച്ചിരുന്നു. ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസാണ് ആദ്യ രണ്ടു ഘട്ടങ്ങളിൽ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ 39 സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചത്. ഇതിൽ അഞ്ചുപേർ വനിതകളാണ്. നിരവധി യുവാക്കൾക്കും പുതുമുഖങ്ങൾക്കും അവസരം നൽകിയിട്ടുണ്ടെന്നും ബിമൻ ബോസ് പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആര് മത്സരിക്കണമെന്ന കാര്യത്തിൽ ഇടത് മുന്നണിയിൽ ഇനിയും ധാരണയായിട്ടില്ല. നന്ദിഗ്രാമിൽ മമതയ്ക്കെതിരെ ഉചിതമായ സ്ഥാനാർത്ഥിയെ തേടിക്കൊണ്ടിരിക്കുകയാണ്. സഖ്യകക്ഷികളായ കോൺഗ്രസും ഐഎസ്എഫുമായും ചർച്ച ചെയ്തായിരിക്കും നന്ദിഗ്രാമിലെ സ്ഥാനാർത്ഥിയെ നിർണയിക്കുക എന്നും ബിമൻ ബോസ് പറഞ്ഞു. ഐഎസ്എഫ് നേതാവായ അബ്ബാസ് സിദ്ദിഖിയുടെ കുടുംബത്തിലെ ആരെങ്കിലും ഒരാളായിരിക്കും നന്ദിഗ്രാമിൽ ജനവിധി തേടുകയെന്നും സൂചനയുണ്ട്. അങ്ങനെയെങ്കിൽ നന്ദിഗ്രാമിലെ പോരാട്ടത്തിന് ഇരട്ടി മൂർച്ചയായിരിക്കും.
സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര ഇത്തവണ മൽസരത്തിനില്ല . യുവാക്കൾക്കും പുതുമുഖങ്ങൾക്കും കൂടുതൽ പ്രധാന്യം നൽകാനാണ് പാർട്ടി തീരുമാനിച്ചതെന്ന് സൂര്യകാന്ത മിശ്ര വ്യക്തമാക്കി. ആദ്യ രണ്ടുഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഇടതുപാർട്ടികൾ 40 സീറ്റിലും കോൺഗ്രസ് 12 സീറ്റിലും ഇന്ത്യൻ സെക്കുലർ ഫ്രണ്ട അഞ്ചിടത്തും ജനവിധി തേടും. എന്നാൽ ഈ സീറ്റുകളിലേക്കുള്ള കോൺഗ്രസ്, ഐഎസ്എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. സ്ഥാനാർത്ഥികളെ ഉടൻ ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് എംപി പ്രദീപ് ഭട്ടാചാര്യ പറഞ്ഞു.