കൊച്ചി: മംഗളം നൽകിയ വാർത്തയെ കുറ്റപ്പെടുത്താതെ എന്നാൽ വനിതാ ജേർണലിസ്റ്റുകൾക്ക് സംഭവിക്കുന്നത് എന്തെന്ന് വിശദീകരിക്കുകയാണ് ന്യൂസ് 18 കേരളയിലെ മാധ്യമ പ്രവർത്തക സുവി വിശ്വനാഥ്. മംഗളം നൽകിയ വാർത്ത യോടെ ജേർണലിസത്തിന്റെ വിശ്വാസ്യത തകർന്നു എന്ന് കരുതുന്നില്ലെന്നും മാധ്യമ പ്രവർത്തനം തുടർന്ന് ചെയ്യാൻ പറ്റാത്ത പണിയായി എന്നും തോന്നുന്നില്ലെന്നും സുവി വിശദീകരിക്കുന്നു. ഇതിനൊപ്പം തനിക്കുണ്ടായ അനുഭവമാണ് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ അവർ പങ്കുവയ്ക്കുന്നത്.

സുവി വിശ്വനാഥിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം

മംഗളം നൽകിയ വാർത്ത കൊണ്ട് മുഴുവൻ വനിതാ മാധ്യമ പ്രവർത്തകരെയും അടച്ചാക്ഷേപിക്കുന്നവരുടെ ശ്രദ്ധയിലേക്കാണ് ഈ കുറിപ്പ്. ഇന്ന് ഇത് എഴുതാൻ ഒരു കാരണമുണ്ട്. ഉപതെരഞ്ഞടുപ്പ് റിപ്പോർട്ടിങിനായി രണ്ട് നാളായി മലപ്പുറത്താണ്.

അഭിമുഖത്തിനായി സി പി എമ്മിലെ ഒരു മുതിർന്ന നേതാവിനെ വിളിച്ചു. എന്നിട്ടെന്തിനാ എ കെ. ശശീന്ദ്രനാക്കാനാണോയെന്ന് മറുചോദ്യം. പെൺകുട്ടി ആയാൽ വരേണ്ടാ ആൺകുട്ടിയായാൽ അഭിമുഖം തരാമെന്ന് അദ്ദേഹം പറഞ്ഞു. സദാചാര പ്രശ്‌നങ്ങൾക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന സി പി എമ്മിലെ ഒരു മുതിർന്ന നേതാവിൽ നിന്നാണ് ഇത്തരം സമീപനം.

ആറേഴ് വർഷമായി മാധ്യമ പ്രവർത്തനം തുടങ്ങിയിട്ട്. മന:സാക്ഷിക്ക് നിരക്കാത്ത തൊന്നും വാർത്തയായി നൽകിയിട്ടില്ല. എത്തിക്‌സ് മറന്ന് ജോലി ചെയ്തിട്ടുമില്ല. ഞാൻ മാത്രമല്ല, ഈ മേഖലയിലെ ഭൂരിപക്ഷം സ്ത്രീകളും അങ്ങനെയാണെന്നാണ് വിശ്വാസം. സ്ത്രീ ആയി എന്നത് മാധ്യമ പ്രവർത്തനം ചെയ്യാൻ പരിമിതിയാണെന്ന് തോന്നിയിട്ടില്ല. അത്രത്തോളം ഹ്യദയത്തോട് ചേർത്തു പിടിച്ചാണ്, ആഗ്രഹിച്ചാണ് ഈ ജോലി ചെയ്യുന്നത്.

മംഗളം നൽകിയ വാർത്ത യോടെ ജേർണലിസത്തിന്റെ വിശ്വാസ്യത തകർന്നു എന്ന് കരുതുന്നില്ല. മാധ്യമ പ്രവർത്തനം തുടർന്ന് ചെയ്യാൻ പറ്റാത്ത പണിയായി എന്നും തോന്നുന്നില്ല. ഏതാനും പാപ്പരാസികൾ ചെയ്യുന്ന പാപ്പരാസിത്തരത്തിന് നമുക്കെന്ത് ചെയ്യാനാകും? ഇത്തരം വഷളൻ വർത്തമാനങ്ങൾ എങ്ങനെ സഹിക്കും ?