തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി. ഡ്രൈവർ ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.വണ്ടിയും ഡ്രൈവറെയും ഈഞ്ചക്കലിൽ വച്ചാണ് പൊലീസ് കസ്റ്റഡിലെടുത്തത്. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ പ്രതാപന്റെ നേത്യത്വത്തിലാണ് നടപടി.

ഉടമ മോഹനനെയും കസ്റ്റഡിയിലെടുക്കുമെന്നു പൊലീസ് പറഞ്ഞു. മോഹനന്റെ മകളുടെ പേരിലാണു ലോറി. വെള്ളായണിയിൽ ലോഡ് ഇറക്കാൻ പോകുമ്പോഴാണ് അപകടമെന്ന് ഡ്രൈവർ മൊഴി നൽകി.

മോഹനനും ജോയിയും വട്ടിയൂർക്കാവിലെ ക്വാറിയിൽനിന്ന് എം സാൻഡ് കയറ്റി ശാന്തിവിള ഭാഗത്തേക്കു പോകുകയായിരുന്നു. വാഹനം ഇടിച്ച കാര്യം അറിഞ്ഞിരുന്നു എന്നും പേടി കാരണമാണ് നിർത്താതെ പോയതെന്നും ജോയി പൊലീസിനോടു പറഞ്ഞു. എം സാൻഡ് ഇറക്കിയശേഷം, അപകടം നടന്ന സ്ഥലം ഒഴിവാക്കി മറ്റൊരു വഴിയിലൂടെയാണ് പേരൂർക്കടയിലേക്കു പോയത്. ലോറി നമ്പർ വ്യക്തമല്ലെന്നു മാധ്യമങ്ങളിലൂടെ അറിഞ്ഞശേഷമാണ് രാവിലെ ലോറി വീണ്ടും എടുത്തത്. ഈ ലോറി ഈഞ്ചക്കലിലൂടെ പോകുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് ലോറിയെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തത്.

ഇന്നലെ ഉച്ചക്ക് ശേഷം മൂന്നരയോടെയാണ് അപകടം ഉണ്ടായത്. അപകടം നടന്ന സ്ഥലത്ത് ട്രാഫിക് സിസിടിവി ഇല്ല. എതിർവശത്തെ ഒരു കടയിലെ സിസിടിവി ദൃശ്യം മാത്രമാണ് ഇതുവരെ കിട്ടിയത്. ഇടിച്ചിട്ട വാഹനം ഏതാണെന്ന് കണ്ടെത്താൻ പോലും പൊലീസിന് കഴിയാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. അതിനിടെയാണ് നാടകീയമായി ലോറി പിടികൂടുന്നത്. ജോയി എന്ന ഡ്രൈവറും അറസ്റ്റിലായി. ഈഞ്ചയ്ക്കൽ ഭാഗത്തേക്ക് മണലുമായി പോകുമ്പോഴാണ് ടിപ്പർ പിടികൂടിയത്.

പ്രദീപിന്റെ ബൈക്കിൽ ചെറുതായി മാത്രമേ ലോറി തട്ടിയിട്ടുള്ളൂ. സ്‌കൂട്ടറിന് പ്രശ്‌നമൊന്നും ഉണ്ടായിട്ടില്ല. ഇടിയിൽ മറിഞ്ഞു വീണ പ്രദീപിന്റെ ദേഹത്തു കൂടി വാഹനം കയറ്റി ഇറക്കി പോവുകയായിരുന്നു. പതിയെ വന്ന വാഹനം അപകടത്തിന് ശേഷം വേഗത കൂട്ടുകയും ചെയ്തു. ദേശീയ പാതയിലെ അപകടമുണ്ടാക്കിയ വണ്ടി പൊലീസിന് കണ്ടെത്താനാവാത്തത് വിവാദമായി. ഇതിനിടെയാണ് വാഹനം കസ്റ്റഡിയിൽ എടുക്കുന്നത്. എങ്ങനെയാണ് വാഹനം കണ്ടെത്തിയതെന്നത് ഇപ്പോഴും രഹസ്യമാണ്.

നേരത്തെ നടത്തിയ ഫോറൻസിക് പരിശോധനയിലും മറ്റും ടിപ്പറിന്റെ ടയറുകളാണ് അപകടമുണ്ടാക്കിയതെന്ന് വ്യക്തമായിരുന്നു. പിടിച്ചെടുത്ത ലോറിയിലും ഈ പരിശോധന നടത്തും. ടയറും മറ്റും പരിശോധിച്ച് ഈ വാഹനമാണോ അപകടമുണ്ടാക്കിയതെന്നും ഉറപ്പിക്കും. ഡ്രൈവർ പ്രാഥമികമായി കുറ്റം സമ്മതിച്ചതായും സൂചനയുണ്ട്. ഇതിന് പിന്നിലും കള്ളക്കളികൾ ഉണ്ടോ എന്ന സംശയം സജീവമാണ്.