തിരുവനന്തപുരം: മാധ്യപ്രവർത്തകൻ എസ് വി പ്രദീപിന്റെ അപകടമരണവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണത്തിൽ നിർണായകമായ സിസി ടിവി ദൃശ്യങ്ങൾ. സംഭവത്തോടനുബന്ധിച്ച് ഇന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്ത ടിപ്പറും പ്രദീപ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും കുറച്ചുദൂരും ഒരേ ദിശയിൽ പോകുന്നതാണ് ആദ്യം കാണുന്നത് പിന്നെ സ്‌കൂട്ടർ കാണുന്നില്ല.ഏതാനും നിമിഷനേരത്തേയ്ക്ക് ദൃശ്യങ്ങളിലുള്ളത് ടിപ്പർ മാത്രം. പിന്നലെ റോഡിൽ സ്‌കൂട്ടർ കാണുന്നു.

ഓട്ടത്തിനിടിൽ ടിപ്പർ തട്ടിയതിനെത്തുടർന്ന് അടിയിൽപ്പെട്ടിരിക്കാമെന്നും ഈ അവസരത്തിൽ സ്‌കൂട്ടിനെയും പ്രദിപിനെയും വാഹനം കുറച്ചുദൂരത്തേയ്ക്ക് വലിച്ചുകൊണ്ടുപോയിരിക്കാമെന്നും ഇതാണ് ഏതാനും നിമിഷത്തേയ്ക്ക് ടിപ്പർ മാത്രം ക്യാമറദൃശ്യത്തിൽ പതിയാൻ കാരണമെന്നുമാണ് പൊലീസ് അനുമാനം. കസ്റ്റഡിയിൽ എടുത്ത ജോയി ഈ റൂട്ടിലെ പതിവ് ഡ്രൈവറാണെന്ന് ഡിസിപി ഡോ. ദിവ്യ ഗോപിനാഥ് അറിയിച്ചു. വട്ടിയൂർക്കാവ് മേഖലയിൽ നിന്ന് എംസാൻഡ് എടുത്ത് വെള്ളായണിയിലേക്ക് പോകും വഴിയാണ് പ്രദീപിന്റെ ബൈക്ക് ഇടിച്ചിട്ടത്.

ക്യാമറ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് കുറച്ച് കാര്യങ്ങളിൽക്കൂടി വ്യക്തവരുത്താനുണ്ടെന്നും ഇതിനായി ശാസ്ത്രീയ പരിശോധനകളും ആവശ്യമാണെന്നും ഡി സി പി ഡോ.ദിവ്യ.ഗോപിനാഥ് അറിയിച്ചു.
സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ടിപ്പർ കസ്റ്റഡിയിൽ എടുത്തത്. സ്‌കൂട്ടറിന് മുകളിലൂടെ ടിപ്പർ കയറി ഇറങ്ങിയതിനാൽ അപകടത്തെക്കുറിച്ച് ഡ്രൈവർ കൃത്യമായി അറിഞ്ഞിരിക്കാം.

സംഭവസ്ഥലത്ത് നിർത്താതിരുന്നത് ഭയന്നിട്ടാണ് എന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ ഡ്രൈവർ ജോയി മൊഴി നൽകിയിരിക്കുന്നത്. അപകടം നടന്ന സ്ഥലത്തും രണ്ടുവാഹനങ്ങളിലുമായി നടത്തുന്ന ഫോറൻസിക് പരിശോധനയിലൂടെ അപകടമരണമാണോ കൊലപാതകമാണോ എന്ന് ഉറപ്പിക്കാനാവും.ഈ വഴിക്കുള്ള നീക്കം ആരംഭിച്ചിട്ടുണ്ട് ഡി സി പി വ്യക്തമാക്കി. ഡ്രൈവർ അപകടം അറിയാതിരുന്നിട്ടില്ല എന്ന് വ്യക്തമായി കഴിഞ്ഞു.

ലോറിയുടെ ഡ്രൈവർ വട്ടിയൂർക്കാവ് മണികണ്ഠേശ്വരം സ്വദേശി ജോയിയേയും പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് അപകടം എങ്ങനെയെന്ന് വ്യക്തമായത്. ഫോർട്ട് എ സി പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജോയിയെ കസ്റ്റഡിയിലെടുത്തത്. ഈഞ്ചയ്ക്കൽ വച്ച് പിടികൂടിയ ജോയിയെ ഇപ്പോൾ നേമം പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരിക്കുകയാണ്.അപകടം നടന്ന സമയത്ത് മണ്ണുമായി വെള്ളായണി ഭാഗത്തേക്ക് പോവുകയായിരുന്നു ജോയി. അവിടെ മണ്ണിറക്കിയ ശേഷം വിവരം അറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ഇയാളെ പിടികൂടിയത്.

അപകടം അറിഞ്ഞിരുന്നുവെന്ന് ഡ്രൈവർ ജോയി പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. അപകട സമയത്ത് ലോറി ഉടമ മോഹനനും വാഹനത്തിലുണ്ടായിരുന്നു. ഇയാളെയും വിശദമായി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. മണലുമായി പോകുന്നതിനിടെയാണ് ലോറി പ്രദീപിന്റെ സ്‌കൂട്ടറിന് പിന്നിലിടിച്ചത്. ഇടിച്ചതിന് ശേഷം എന്തുകൊണ്ട് നിർത്താതെ പോയി എന്നതിന് ഡ്രൈവർ വ്യക്തമായ ഉത്തരം നൽകിയിട്ടില്ല. സ്‌കൂട്ടറിന് പിന്നിൽ ലോറി ഇടിച്ചതോടെ പ്രദീപ് റോഡിലേക്ക് വീഴുകയും പിൻചക്രം തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ഡ്രൈവർക്കെതിരേ പൊലീസ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

എം സാൻഡ് ഇറക്കിയശേഷം, അപകടം നടന്ന സ്ഥലം ഒഴിവാക്കി മറ്റൊരു വഴിയിലൂടെയാണ് പേരൂർക്കടയിലേക്കു പോയത്. ലോറി നമ്പർ വ്യക്തമല്ലെന്നു മാധ്യമങ്ങളിലൂടെ അറിഞ്ഞശേഷമാണ് രാവിലെ ലോറി വീണ്ടും എടുത്തത്. ഈ ലോറി ഈഞ്ചക്കലിലൂടെ പോകുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് ലോറിയെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തത്.

ഇന്നലെ ഉച്ചക്ക് ശേഷം മൂന്നരയോടെയാണ് അപകടം ഉണ്ടായത്. അപകടം നടന്ന സ്ഥലത്ത് ട്രാഫിക് സിസിടിവി ഇല്ല. എതിർവശത്തെ ഒരു കടയിലെ സിസിടിവി ദൃശ്യം മാത്രമാണ് ഇതുവരെ കിട്ടിയത്. ഇടിച്ചിട്ട വാഹനം ഏതാണെന്ന് കണ്ടെത്താൻ പോലും പൊലീസിന് കഴിയാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. അതിനിടെയാണ് നാടകീയമായി ലോറി പിടികൂടുന്നത്. ഈഞ്ചയ്ക്കൽ ഭാഗത്തേക്ക് മണലുമായി പോകുമ്പോഴാണ് ടിപ്പർ പിടികൂടിയത്.

പ്രദീപിന്റെ ബൈക്കിൽ ചെറുതായി മാത്രമേ ലോറി തട്ടിയിട്ടുള്ളൂ. സ്‌കൂട്ടറിന് പ്രശ്നമൊന്നും ഉണ്ടായിട്ടില്ല. ഇടിയിൽ മറിഞ്ഞു വീണ പ്രദീപിന്റെ ദേഹത്തു കൂടി വാഹനം കയറ്റി ഇറക്കി പോവുകയായിരുന്നു. പതിയെ വന്ന വാഹനം അപകടത്തിന് ശേഷം വേഗത കൂട്ടുകയും ചെയ്തു. ദേശീയ പാതയിലെ അപകടമുണ്ടാക്കിയ വണ്ടി പൊലീസിന് കണ്ടെത്താനാവാത്തത് വിവാദമായി. ഇതിനിടെയാണ് വാഹനം കസ്റ്റഡിയിൽ എടുക്കുന്നത്.

നേരത്തെ നടത്തിയ ഫോറൻസിക് പരിശോധനയിലും മറ്റും ടിപ്പറിന്റെ ടയറുകളാണ് അപകടമുണ്ടാക്കിയതെന്ന് വ്യക്തമായിരുന്നു. പിടിച്ചെടുത്ത ലോറിയിലും ഈ പരിശോധന നടത്തും. ടയറും മറ്റും പരിശോധിച്ച് ഈ വാഹനമാണോ അപകടമുണ്ടാക്കിയതെന്നും ഉറപ്പിക്കും. ഡ്രൈവർ പ്രാഥമികമായി കുറ്റം സമ്മതിച്ചതായും സൂചനയുണ്ട്

നേമം പൊലീസ് സ്റ്റേഷനിലാണ് ലോറിയും ഡ്രൈവറെയും എത്തിച്ചത്. വിശദമായ ചോദ്യം ചെയ്യൽ ഇവിടെ പുരോഗമിക്കുകയാണ്. ഫോർട്ട് അസി. കമ്മീഷണർ പ്രതാപചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രതിപക്ഷവും ബന്ധുക്കളും ദുരൂഹതയുണ്ടെന്ന സംശയം പ്രകടിപ്പിച്ചിരിക്കുന്നതിനാൽ പൊലീസ് വിശദമായ അന്വേഷണമാണ് നടത്തുന്നത്.പ്രദീപിന് നിരവധി ഭീഷണി സന്ദേശങ്ങൾ ലഭിക്കാറുണ്ടായിരുന്നുവെന്നും വിദേശത്ത് നിന്നും ഭീഷണികൾ ഫോണിലൂടെയും മറ്റും വന്നിരുന്നുവെന്ന് കുടുംബം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.