- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കോഴിക്കോട് വിമാനത്താവളത്തിലെത്തിയപ്പോൾ ഏറെ അതിശയിച്ചുപോയി: ശൗചാലയത്തിന് മുന്നിൽ വുളു എടുക്കുന്ന സ്ഥലം എന്ന് പുതിയ എഴുത്ത്;എങ്ങനെ മാറിയെന്ന് സ്വാമി ചിദാനന്ദപുരി ഫേസ്ബുക്ക് പോസ്റ്റിൽ; കഴക്കൂട്ടത്ത് ക്ഷേത്രത്തിൽ ബിജെപിയെ അനുകൂലിച്ച് സ്വാമി സംസാരിച്ചതിന് എതിരെ സോഷ്യൽ മീഡിയയിൽ വിമർശനം
കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ ശൗചാലയത്തിന് മുന്നിൽ വുളു എടുക്കുന്ന സ്ഥലം എന്നെഴുതിയ ബോർഡ് വെച്ചതിനെതിരെ കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരി. ലോകത്തിലെ വിവിധരാജ്യങ്ങളിലും ഭാരതത്തിലെ വിവിധസ്ഥലങ്ങളിലും ഒട്ടേറെ യാത്രകൾ ചെയ്യാറുണ്ട്. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നു കഴിഞ്ഞ രണ്ടു ദശകങ്ങളിലേറെയായി നൂറുകണക്കിനു യാത്രകൾ ചെയ്തിട്ടുണ്ട്. എന്നാൽ ഒരു സംവത്സരത്തിന്റെ ഇടവേളയ്ക്കു ശേഷം ഇന്നലെ വൈകിട്ട് കോഴിക്കോട് വിമാനത്താവളത്തിലെത്തിയപ്പോൾ ഏറെ അതിശയിച്ചുപോയി.
ശൗചാലയത്തിനു പുറത്തുള്ള ബോർഡ് നോക്കൂ. ഇത്രയും കാലം അത് ടോയ്‌ലറ്റ്, ശൗചാലയം എന്നിവയായിരുന്നു. ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും സിഖും മതമില്ലാത്തവനും മതമുള്ളവനും ഒക്കെയായ മനുഷ്യന്മാർ മൂത്രമൊഴിക്കുകയും മലവിസർജനം ചെയ്യുകയും കൈകാൽ മുഖം കഴുകുകയും ഒക്കെ ചെയ്തിരുന്നു. ആർക്കും ഒരു വിഷമവും ഉണ്ടായതായി അറിവില്ല. പിന്നെ എന്തേ ഇപ്പോൾ വുളു എടുക്കുന്ന സ്ഥലം എന്നും എഴുതേണ്ടി വന്നത്? ഈ മലയാളം വായിച്ചു മനസ്സിലാക്കാവുന്നവർക്ക് ആദ്യമുണ്ടായിരുന്നതും മനസ്സിലാകുമായിരുന്നുവല്ലോ? പിന്നെന്തിനീ ആധിക്യം? അനാരോഗ്യകരങ്ങളായ പ്രവണതകൾ വളർത്താൻ എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയും കൂട്ടുനിൽക്കുന്നതെന്ത്? എന്നൊക്കെയാണ് സ്വാമി ചിദാനന്ദ പുരിയുടെ ചോദ്യം.ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് സ്വാമി ഈ ചോദ്യങ്ങൾ ഉന്നയിക്കുന്നത്.
ഇതിനിടെ കഴക്കൂട്ടത്തെ ഒരു ക്ഷേത്രത്തിൽ തെരഞ്ഞെടുപ്പിന് മുമ്പ് സ്വാമി നടത്തിയ പ്രഭാഷണത്തിൽ പരോക്ഷമായി ബിജെപി സ്ഥാനാർത്ഥിക്ക് അനുകൂലമായി സംസാരിച്ചതായും ആക്ഷേപം ഉയരുന്നുണ്ട്. ഒരു സന്ന്യാസി ക്ഷേത്രസന്നിധിയിൽ ഭക്തജനങ്ങളോടായി നടത്തിയ പ്രഭാഷണത്തെ രാഷ്ട്രീയമായി ബിജെപിക്ക് അനുകൂലമായി മാറ്റിയത് ശരിയാണോ എന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്.തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നമ്മൾ ഭാവിയെക്കുറിച്ച് ചിന്തിക്കണമെന്നാണ് പ്രഭാഷണത്തിൽ സ്വാമി ഭക്തജനങ്ങളോട് പറയുന്നത്.
സന്ദർഭത്തിനനുസരിച്ച് ഉയർന്നില്ലെങ്കിൽ നമ്മുടെ ഭാവി അപകടത്തിലാവും. മതതീവ്രവാദികൾ സമൂഹത്തിന്റെ എല്ലാ ഭാഗത്തും പിടിമുറുക്കുകയാണ്. അത് വോട്ട് ബാങ്ക് എന്ന നിലയിലാകുമ്പോൾ രാഷ്ട്രീയക്കാർ അവർക്ക് പിന്നാലെയാകുന്നു. ഹിന്ദു ധർമ്മത്തെ ഇകഴ്‌ത്തുന്നതിനും വിശ്വാസങ്ങളെ തകർക്കുന്നതിനുമായി ഇത്തരം തീവ്രവാദികളുമായി രാഷ്ട്രീയക്കാരും സാഹിത്യകാരന്മാരും അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കുന്നു. ശബരിമലയുടെ പേരിൽ രാഷ്ട്രീയ നേതൃത്വം ഹിന്ദുക്കളെ ആവോളം അവഹേളിച്ചു.
ആയിരക്കണക്കിന് ഏക്കർ ക്ഷേത്ര ഭൂമികളാണ് ഇതിനകം നഷ്ടപ്പെട്ടത്. അടുത്തിടെയും ഗവൺമെന്റ് നേരിട്ട് ക്ഷേത്രഭൂമികൾ നഷ്ടപ്പെടുത്താൻ ശ്രമിച്ചു. കോവിഡ് കാലത്ത് ക്ഷേത്രഭൂമികളിൽ കൃഷി ചെയ്യാനെന്ന വ്യാജേനയാണ് ഭൂമി അന്യാധീനപ്പെടുത്താൻ ശ്രമമുണ്ടായത്. ക്ഷേത്രങ്ങളിൽ ഭക്തന്മാർ സമർപ്പിച്ച വസ്തുക്കൾ വിൽക്കാനും ക്ഷേത്രക്കുളത്തിലെ മത്സ്യങ്ങളെ പിടിച്ചുവിൽക്കാനും ദേവസ്വം ബോർഡ് ശ്രമിച്ചു. ഹൈന്ദവ ജീവിത ക്രമത്തെ തകർക്കാനുള്ള നീക്കങ്ങളായിരുന്നു അതെല്ലാം. കോടതി ഇടപെട്ടതിനെത്തുടർന്നാണ് ഈ നീക്കങ്ങൾ തടയപ്പെട്ടത്. ക്ഷേത്ര വിശ്വാസികളെ ഗൗരവകരമായി ബാധിക്കുന്ന നീക്കങ്ങളുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ നമ്മൾ ചെറുക്കണം.
ഹിന്ദുവിന്റെ സ്ഥാപനങ്ങളെ മതേതര സർക്കാറല്ല നോക്കി നടത്തേണ്ടത്. വെള്ളപ്പൊക്കത്തിന്റെയും കോവിഡിന്റെയും പേരിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് പത്തുകോടി രൂപ അടിച്ചുമാറ്റാനും സർക്കാർ ശ്രമിച്ചു. നിയമം ലംഘിച്ചുകൊണ്ടായിരുന്നു ഈ നീക്കം. ഇതും കോടതി തടഞ്ഞു. ഇനിയും കയ്യും കെട്ടി നോക്കി നിൽക്കാൻ സാധിക്കില്ലെന്നും സ്വാമി പറയുന്നു.
നാട്ടിൽ ഹിന്ദു ജനസംഖ്യകുറഞ്ഞുവരികയാണ്. 2041 ആകുമ്പോഴേക്കും ഹിന്ദുവിന്റെ ജനസംഖ്യ വലിയ തോതിൽ കുറയും. ഒരു വീട്ടിൽ ഒരു കുട്ടിയാണ് മാക്‌സിമം. എന്നാൽ മുസ്ലിം ഗൃഹങ്ങളിൽ ആറു കുട്ടികളാണ് ആവറേജ്. വൈകിയാണ് ഹിന്ദുക്കൾ വിവാഹം കഴിക്കുന്നത്. അപ്പോഴേക്കും മറ്റിടത്ത് രണ്ട് തലമുറ ആയിട്ടുണ്ടാവും. അകപ്പെട്ടിരിക്കുന്ന അവസ്ഥയുടെ ഗൗരവം മനസ്സിലാക്കി ജനാധിപത്യ അവകാശം വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തണമെന്നും സ്വാമി പറയുന്നു.
പ്രഭാഷണത്തിനിടയിൽ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ എത്തിയ ചിദാനന്ദപുരിയിൽ നിന്ന് അനുഗ്രഹം വാങ്ങുന്നതും വീഡിയോയിൽ കാണാം. സ്വാമിയുടെ പ്രഭാഷണത്തിന്റെ വീഡിയോ ശോഭാ സുരേന്ദ്രൻ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തും ബിജെപിക്ക് അനുുകൂലമായ നീക്കങ്ങളുമായി സ്വാമി ചിദാനന്ദപുരി രംഗത്ത് വന്നിരുന്നു. ശബരിമല ഉപയോഗപ്പെടുത്തി ഹൈന്ദവം എന്ന പേരിൽ അയ്യപ്പഭക്ത സംഗമമായിരുന്നു സ്വാമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. ആർഎസ് എസ് രാഷ്ട്രീയ പ്രചാരണ വേദിയിൽ വിവിധ ഹൈന്ദവ സന്ന്യാസിമാരെ അണി നിരത്താനായിരുന്നു സ്വാമിയുടെ ശ്രമമെന്ന് അന്ന് ഇടതുപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബാബാ രാംദേവ് ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് സ്വാമി ധർമ്മ രക്ഷാ സംഗമവും സംഘടിപ്പിച്ചിരുന്നു. സന്യാസിമാർക്ക് പുറമെ ബിജെപിയുടെ പ്രമുഖരായ നേതാക്കളും കേന്ദ്ര മന്ത്രിമാരുമെല്ലാമായിരുന്നു അന്ന് പരിപാടിയിൽ പങ്കെടുത്തത്. പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയത് ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡിയായിരുന്നു
കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി പൂജനീയ സ്വാമി ചിദാനന്ദ പുരി കഴക്കൂട്ടത്ത് സംസാരിക്കുന്നു
ഇനിപ്പറയുന്നതിൽ Sobha Surendran പോസ്‌റ്റുചെയ്‌തത് 2021, ഏപ്രിൽ 2, വെള്ളിയാഴ്‌ച
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.