തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും അമ്മാവൻ ശ്രീജിത്തുമുൾപ്പെടെ കുടുംബം ഡിജിപിയെ കാണാൻ എത്തിയപ്പോൾ കുഴപ്പമുണ്ടാക്കിയത് പിണറായിയുടെ പൊലീസല്ലെന്നും മറിച്ച് മുൻ സർക്കാരിന്റെ കാലത്തെ നയങ്ങൾ തുടരുന്ന പൊലീസാണെന്നും അന്നത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രതിയാക്കപ്പെട്ട സ്വാമി ഹിമവൽ ഭദ്രാനന്ദ. ചെന്നിത്തലയുടെ കാലത്തെ നയങ്ങൾ തുടർന്ന പൊലീസാണ് കുഴപ്പമുണ്ടാക്കിയതെന്നും ഇക്കാര്യത്തിൽ ഗൂഢാലോചന നടന്നുവെന്നുമുള്ള ഗുരുതരമായ ആരോപണമാണ് ഹിമവൽ ഭദ്രാനന്ദ ചാനൽ ചർച്ചയിൽ ഉന്നയിച്ചത്.

കേരളത്തിൽ വലിയ കോലാഹലത്തിനും സംസ്ഥാനതലത്തിൽ ഹർത്താലിനും വരെ വഴിവച്ച സംഭവത്തിലാണ് ഹിമവൽ ഭദ്രാനന്ദയുടെ പ്രതികരണം. സംഭവത്തിൽ ഒരു പങ്കുമില്ലാതെ ഡിജിപിയെ കാണാൻ എത്തിയ ഹിമവൽ ഭദ്രാനന്ദയെ ഒരു കാരണവുമില്ലാതെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇത് വലിയ ചർച്ചയാവുകയും ചെയ്തു. സംഭവത്തിൽ ഒരു പങ്കുമില്ലാത്ത ഹിമവൽ ഭദ്രാനന്ദയെ ഒരു കാര്യവുമില്ലാതെ അറസ്റ്റുചെയ്യുകയായിരുന്നു എന്നതും ചർച്ചയായി. ഇതിന് പിന്നാലെയാണ് പിണറായിയുടെ പൊലീസല്ല ഇപ്പോഴത്തെ നടപടിക്കുപിന്നിലെന്നും മുൻ സർക്കാരിന്റെ നയങ്ങൾ അതേപടി തുടരുന്ന പൊലീസിലെ ചിലരാണ് തന്നെ ജയിലിൽ അടച്ചതിന് പിന്നിലെന്നും ഹിമവൽ ഭദ്രാനന്ദ വ്യക്തമാക്കുന്നത്.

മാത്രമല്ല, ബിജെപിയും ചെന്നിത്തലയും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്ന് ഹിമവൽ ഭദ്രാനന്ദ വ്യക്തമാക്കുന്നു. ഇത് പിണറായിയുടെ പൊലീസല്ല.. ബ്യൂട്ടീ പാർലർ പൗഡർ കുട്ടപ്പന്റെ പൊലീസ്.. ഞാൻ അവിടെ ബെഹ്‌റാജിയെ കാണാൻ പോയതാണ്; ട്രേഡ് യൂണിയൻ സമരം നേരിടുന്ന പോലെയാണ് പൊലീസ് നടപടി ഉണ്ടായത്; ഞാൻ പത്രക്കാരനുമായി സംസാരിക്കെ എന്നെ കൊടും ഭീകരനാക്കി.

എന്നെ അടുത്തറിയുന്നവർക്ക് ഞാൻ ആരാണെന്ന് അറിയാം; ഡിജിപിക്കെന്താ കൊമ്പുണ്ടോ.. നേരിട്ട് ഡിജിപിയെ വിളിച്ചപ്പോൾ ഗൺമാനാണ് ഫോണെടുത്തത്. സാരിയുടെ കേസോ സിഡിയുടെ കേസോ അല്ല ഞാൻ സംസാരിച്ചത്. ജിഷ്ണുവിന്റെ വിഷയവുമായി ബന്ധപ്പെട്ടല്ല ഞാൻ കാണാൻ പോയത്. - ഹിമവൽ ഭദ്രാനന്ദ പറഞ്ഞു.

പിണറായി വിജയൻ സഖാവ് പറയുന്നത് പോലെയല്ല. പക്ഷേ, ഇതിനകത്ത് ഗൂഢാലോചന നടന്നിട്ടുണ്ട്. പിണറായിയെ പോലെ നല്ലൊരു നേതാവിനെ ഞാൻ കണ്ടിട്ടില്ല. ഒരു നിമിഷംകൊണ്ട് പൗഡർ കുട്ടപ്പൻ അതിനെ അട്ടിമറിച്ചു. പൊലീസിന്റെ നയം ശരിയായിരുന്നില്ല. ഗൂഢാലോചനയിൽ പൗഡർ കുട്ടപ്പനും താമരയിലയ്ക്കും പങ്കുണ്ട്. ആ അമ്മയുടെ ദുഃഖത്തെ വെള്ളിമൂങ്ങ കളിച്ച് വിലയ്‌ക്കെടുക്കാൻ ചിലർ നോക്കി..

ഷാജഹാനേയും ഷാജിർഖാനേയും ശ്രീകുമാറിനേയും ഈ കേസിന്റെ ഭാഗമായാണ് കാണുന്നത്. ഷാജഹാനുമായി ഇപ്പോൾ സെല്ലിൽ നിന്ന് ഇറങ്ങുന്ന കാലത്താണ് സംസാരിക്കുന്നത്. ഒരേ സെല്ലിലായിരുന്നു. അപ്പോഴാണ് ഇവരെ ആദ്യമായാണ് കാണുന്നത്. ഇതിലെന്താണ് ഗൂഢാലോചന. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുന്ന പൊലീസാണ് കുഴപ്പക്കാരൻ. - ഭദ്രാനന്ദ പറയുന്നു.

നേരത്തെ കേസുമായി ബന്ധമില്ലാത്ത സ്വാമി ഹിമവൽ ഭദ്രാനന്ദയെ പൊലീസ് ജിഷ്ണു പ്രണോയ് സമര വിഷയവുമായി അറസ്റ്റ് ചെയ്തത് വലിയ വിഷയമായിരുന്നു. ഇപ്പോൾ ഇന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം സ്വാമി പിണറായിയല്ല കുറ്റക്കാരനെന്നും മറിച്ച് മുൻ സർക്കാരിന്റെ കാലത്തെ പൊലീസാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളെല്ലാം ഉണ്ടാക്കിയതെന്നും വ്യക്തമാക്കുന്നത്. സർക്കാർ ഇക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ നിർണായകമായ വെളിപ്പെടുത്തലാണ് സ്വാമി പുറത്തുവിടുന്നത്.

ജിഷ്ണു പ്രാണോയി മരണപ്പെട്ട സംഭവത്തിൽ നീതി ലഭിക്കാനായി അമ്മ മഹിജ നടത്തിയ സമരത്തിനിടെ ഹിമവൽ ഭദ്രാനന്ദയെ പൊലീസ് അറസ്റ്റ് ചെയ്തത് വലിയ ചർച്ചയായിരുന്നു. തീർത്തും ആടിനെ പട്ടിയാക്കുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. പൊലീസ് മുൻവിധിയോടെയാണ് കാര്യങ്ങളെ കണ്ടതെന്നാണ് ഹിമവൽ ഭദ്രാനന്ദയുടെ വെളിപ്പെടുത്തൽ. എന്നെ കേസിൽ ഉൾപ്പെടുത്തിയാൽ ഒരു അജിനോമോട്ടോ ഇടുന്ന ഇഫക്ട് കിട്ടും. അതാണ് പൊലീസ് നോക്കിയത്. പൊലീസ് കള്ളക്കേസിൽ പ്രതിയാക്കുകയായിരുന്നു.- ഹിമവൽ ഭദ്രാനന്ദ പറയുന്നു.

ജിഷ്ണുവിന്റെ അമ്മ ഡിജിപി ഓഫീസിൽ നടത്തിയ മാർച്ചിൽ സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് സ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മജിസ്‌ട്രേറ്റ് ജാമ്യം നിഷേധിച്ച തോക്കു സ്വാമി 14 ദിവസം റിമാൻഡിലാവുകയായിരുന്നു. ജിഷ്ണു പ്രണോയിയെയോ അമ്മ മഹിജയെയോ നേരിട്ട് ഒരു പരിചയവുമില്ലാത്ത കക്ഷിയാണ് സ്വാമി. മഹിജ സമരത്തിനായി ഡിജിപി ഓഫീസിലെത്തിയ ദിവസം തോക്കുസ്വാമിയും തിരുവനന്തപുരത്തെത്തി. ഡിജിപിയെ കാണുകയായിരുന്നു ലക്ഷ്യം.

സംഭവദിവസം രാവിലെ ഡിജിപി ഓഫീസിനു മുന്നിലെ പെട്ടിക്കടയിൽ ചായയൊക്കെ കുടിച്ച് നില്ക്കുകയായിരുന്നു സ്വാമി. ഇതിനിടെയാണ് മഹിജയെ പൊലീസ് തടയുന്നതും ഷാജഹാനെയൊക്കെ കസ്റ്റഡിയിലെടുക്കുന്നതും. പത്രക്കാരനായ സുഹൃത്തുമായി സംസാരിക്കുന്നതിന് ഇടെയാണ് സ്വാമിയേയും പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. സമരമൊക്കെ കണ്ട് ചെറിയ കമന്റൊക്കെ പാസാക്കി നില്ക്കുമ്പോഴാണ് മ്യൂസിയം എസ്ഐയുടെ ദൃഷ്ടിയിൽ സ്വാമി പെടുന്നത്. ഉടൻ ചോദ്യം വന്നു, 'എന്താ ഇവിടെ'. സ്വാമിയുടെ മറുപടിയും പെട്ടെന്നായിരുന്നു. 'ഡി.ജി.പിയെ കാണാൻ വന്നതാണ്.

ചോദ്യവും പറച്ചിലുമൊന്നും പിന്നെ ഉണ്ടായില്ല. നേരെ പൊലീസിന്റെ ഇടിവണ്ടിയിലേക്ക് സ്വാമിക്ക് പ്രമോഷൻ. സ്റ്റേഷനിൽനിന്ന് നേരെ കോടതിയിലേക്ക്. കോടതിയിൽവച്ചാണ് താൻ കലാപമുണ്ടാക്കാൻ ശ്രമിച്ചതിനാണ് പിടിയിലായതെന്ന കാര്യം സ്വാമി അറിയുന്നതത്രേ. എന്തായാലും സംഭവുമായി ബന്ധപ്പെട്ട് പൊലീസ് പറഞ്ഞ റിപ്പോർട്ടുപ്രകാരം സംഭവത്തിൽ തോക്കുസ്വാമിക്കും പങ്കുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ വിഷയം വലിയ ചർച്ചയായി മാറുകയും ചെയ്തു.

കേസിൽ പ്രതിയായെങ്കിലും കേസ് കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ സ്വാമി ചാനൽ ചർച്ചയിൽ പറഞ്ഞതും ഇപ്പോൾ സംസാര വിഷയം ആകുകയാണ്. പിണറായിയുടെ പൊലീസല്ല മറിച്ച് മുൻ സർക്കാരിന്റെ കാലത്തെ നയം തുടരുന്ന പൊലീസിലെ ചിലരാണ് പ്രശ്‌നമുണ്ടാക്കിയതെന്നാണ് സ്വാമി പറയുന്നത്.