ശിവഗിരി: വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ച സ്വാമി സഹജാനന്ദ(82) യുടെ സമാധിയിരുത്തൽ ചടങ്ങ് നടന്നു. ശിവഗിരി സമാധി പറമ്പിലായിരുന്നു സമാധിയിരുത്തൽ ചടങ്ങ്. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ട്രസ്റ്റ് ബോർഡ് അംഗങ്ങൾ, മറ്റു സന്ന്യാസിശ്രേഷ്ഠർ തുടങ്ങിയവർ ചടങ്ങിനു നേതൃത്വം നൽകി.

തികഞ്ഞ സന്യാസിയായിരുന്ന അദ്ദേഹം ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ബോർഡ് അംഗമായും ശിവഗിരി മഠത്തിന്റെ ശാഖാസ്ഥാപനങ്ങളായ കാഞ്ചീപുരം ശ്രീനാരായണ സേവാശ്രമം, ആലുവ അദ്വൈതാശ്രമം, എറണാകുളം ശ്രീശങ്കരാനന്ദാശ്രമം, തൃപ്പൂണിത്തുറ എരൂർ ശ്രീനരസിംഹാശ്രമം എന്നിവിടങ്ങളിൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായിരുന്ന സ്വാമിയുടെ പൂർവാശ്രമത്തിലെ പേര് പരമേശ്വരൻ എന്നായിരുന്നു.

1974-ലാണ് ശിവഗിരി മഠത്തിൽ എത്തിയത്. പിന്നാലെ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്ന സ്വാമി ഗീതാനന്ദയിൽനിന്നും സന്ന്യാസദീക്ഷ സ്വീകരിച്ച് സ്വാമി സഹജാനന്ദയായി. പൊതുവെ ശാന്തശീലനും സൗമ്യപ്രകൃതവുമായിരുന്ന സ്വാമി, സഹ സന്യാസിമാരോടും ബ്രഹ്മചാരിമാരോടും അന്തേവാസികളോടും ഭക്തരോടും സ്‌നേഹവാത്സല്യത്തോടെ പെരുമാറിയിരുന്നു. തനിക്കാവുന്ന സഹായം മറ്റുള്ളവർക്കു ചെയ്യുന്നതിൽ ശ്രദ്ധ ചെലുത്തിയിരുന്നു.ഗുരുദേവന്റെ നേർശിഷ്യനായിരുന്ന ശങ്കരാനന്ദ സ്വാമിയെ ശുശ്രൂഷിക്കുന്നതിലൂടെ തന്റെ ഗുരുസേവ പൂർണമായും സമർപ്പിച്ചിരുന്നു.

കുറച്ചുനാളായി ശിവഗിരിയിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. വാർധക്യസഹജമായ അസുഖം കാരണം ദിവസങ്ങൾക്കു മുമ്പ് ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെ മൂന്നിനായിരുന്നു സമാധി. ശിവഗിരിയിൽ പൊതുദർശനത്തിന് ശേഷം ഇന്നലെ വൈകുന്നേരം നാല് മണിയോടെ ശിവഗിരിയിലെ സന്യാസി ശ്രേഷ്ഠന്മാരുടെയും ബ്രഹ്മചാരികളുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തിൽ സമാധി പറമ്പിൽ സമാധി ഇരുത്തി