തിരുവനന്തപുരം : സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനുനേരേ അക്രമം അറിഞ്ഞതോടെ ഓടിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാമിക്ക് സമാശ്വാസവുമായി എല്ലാ മന്ത്രിമാരും ഓടിയെത്തി. അമിത് ഷായുടെ കേരള സന്ദർശനത്തിന്റെ അന്ന് രാവിലെയുണ്ടായ കുണ്ടമൺകടവിലെ ആശ്രമം കത്തിക്കൽ എല്ലാ അർത്ഥത്തിലും ചർച്ചയായി. ശബരിമലയിൽ ഇടത് പുരോഗമനവാദ നിലപാട് എടുത്തിന്റെ പ്രതികാരമാണ് ആക്രമണമെന്ന് സ്വാമിയും പറഞ്ഞു. സാളഗ്രാം ആശ്രത്തിലെ തീ കത്തിക്കൽ സ്വാമിയെ പച്ചയ്ക്ക് കത്തിച്ചു കൊല്ലാനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.

ഇത്രയും ക്രൂരമായ ആക്രമണം നടന്നിട്ട് ഒരു മാസം പൂർത്തിയാകുമ്പോൾ അതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഒക്ടോബർ 27ന് പുലർച്ചെ മൂന്നോടെയാണ് തിരുവനന്തപുരം തിരുമല കുണ്ടമൺഭാഗം ദേവീ നഗറിൽ സ്ഥിതിചെയ്യുന്ന സാളഗ്രാമം ആശ്രമത്തിന് നേരേ ആക്രമണമുണ്ടായത്. ആശ്രമത്തിൽ കടന്നു കയറിയ അക്രമികൾ രണ്ടുകാറുകളും ഒരു സ്‌കൂട്ടറുമാണ് തീയിട്ട് നശിപ്പിച്ചത്. സമീപത്ത് ഒരു സ്‌കൂൾ ബസ് കിടന്നിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ആശ്രമത്തിന് മുന്നിൽ ആക്രമികൾ റീത്ത് വയ്ക്കുകയും ചെയ്തു. ആക്രമണത്തിനു പിന്നിൽ ബിജെപിയും സംഘപരിവാറും രാഹുൽ ഈശ്വറും പന്തളം രാജകുടുംബവുമായിരുന്നു സ്വാമി സന്ദീപാനന്ദഗിരിയുടെ ആക്ഷേപം. ഇത് തുറന്നു പറയുകയും ചെയ്തു. അപ്പോൾ തന്നെ പ്രത്യേക അന്വേഷണ സംഘത്തേയും നിയോഗിച്ചു. ആ സംഘത്തിന് ഒരു തുമ്പും കിട്ടിയില്ലെന്നതാണ് വസ്തുത.

സ്വാമിക്ക് നേരേ ആക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ഇന്റലിജൻസ് നേരത്തെതന്നെ റിപ്പോർട്ട് നൽകിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ റിപ്പോർട്ട് മുൻ നിർത്തി ആശ്രമത്തിനു സമീപം പൊലീസ് പിക്കറ്റ് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ സിറ്റി പൊലീസ് കമ്മിഷണർ പി. പ്രകാശിനെയാണു ചുമതലപ്പെടുത്തിയിരുന്നത്. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം ആശ്രമത്തിലെത്തിലുള്ള അന്വേഷണം എങ്ങുമെത്തിയുമില്ല. അന്വേഷണം ഊർജിതമാണെന്നും പ്രതികൾ ഉടൻ പിടിയിലാകുമെന്നും ഒക്ടോബർ 25ന് പൊലീസ് പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങളെല്ലാം പരിശോധിച്ചെങ്കിലും ഫലം കണ്ടില്ല. ആരും ആശ്രമത്തിന് തീവയ്ക്കാൻ സംശയാസ്പദമായെത്തിയിതിന് തെളിവും കിട്ടിയില്ല.

സാളഗ്രാമം ആശ്രമം ഹോം സ്‌റ്റേ രജിസ്‌ട്രേഷനുള്ള ഇടമാണ്. അതുകൊണ്ട് തന്നെ ഇവിടെ സിസിടിവി അടക്കമുള്ള നിരീക്ഷണ സംവിധാനമെല്ലാം ഉണ്ടായിരുന്നു. എന്നാൽ ആശ്രമം കത്തിക്കുമ്പോൾ ഈ സിസിടിവികളെല്ലാം ഓഫാക്കിയിരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ സിസിടിവിക്ക് തൊട്ടു താഴെ നടന്ന തീ കത്തിക്കൽ ക്യാമറയിൽ പതിഞ്ഞതുമില്ല. ഇടിമിന്നലിൽ കേടായ സിസിടിവികൾ പ്രവർത്തന രഹിതമാണെന്ന വാദം സ്വാമി ഉയർത്തിയതോടെ അന്വേഷണവും അവസാനിച്ചു. പരിസര വാസികളുടെ മൊഴിയും സ്വാമിക്ക് എതിരായിരുന്നു. അതിനാൽ അതിൽ പിടിച്ചു കയറാനും കഴിഞ്ഞില്ല.

ഇതോടെ സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച കേസിൽ സിനിമ ശൈലിയിൽ പ്രതിയെ കണ്ടെത്തുന്നത് സാധ്യമല്ലെന്ന് പൊലീസ് പ്രഖ്യാപിച്ചു. സാഹചര്യതെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും സമയമെടുത്തേ അന്വേഷണം പൂർത്തിയാക്കാവുകയൊള്ളൂ എന്ന് തിരുവനന്തപുരം പൊലീസ് കമ്മീഷ്ണർ പി.പ്രകാശ്. ലഭിച്ച തെളിവുകൾ പരിശോധിച്ചു കൊണ്ടിരിക്കെയാണെന്നാണ് പൊലീസ് ന്യായം. സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രിമിച്ച കേസിലെ പ്രതികളെ കണ്ടത്താനാകാത്തതിൽ പൊലീസും സർക്കാരും പ്രതികൂട്ടിൽ നിൽക്കെയാണ് ഒന്നും പറയാനില്ലാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നത്. ഇരുട്ടിൽ നടന്ന കുറ്റകൃത്യത്തിന് നേരിട്ടുള്ള തെളിവുകളില്ല. സാഹചര്യ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.ഇതെല്ലാം പരസ്പരം പൊരുത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. ഓരോ തെളിവുകളും മാധ്യമങ്ങളുമായി പങ്കുവെയ്ക്കാനാവില്ലെന്നും സിറ്റി പൊലീസ് കമ്മീഷ്ണർ പറയുന്നു.

സി.സി.ടി.വി ക്യാമറകൾ ഉൾപ്പെടെ വിശദമായി പരിശോധിച്ചിട്ടും തെളിവുകൾ കിട്ടാതിരുന്നതോടെ സമീപവാസികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.സംഘപരിവാർ സംഘടനകളാണ് ആക്രമണം നടത്തിയതെന്നാണ് സന്ദീപാനന്ദ ഗിരി ആരോപിച്ചിരിക്കുന്നത്. സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചത് പെട്രോളൊഴിച്ചാണെന്ന് ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഫോറൻസിക് റിപ്പോർട്ട് ലഭിച്ചതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇതിന്റെ ഭാഗമായി നഗരത്തിലേതുൾപ്പെടെ വിവിധ സ്ഥലങ്ങളിലെ പെട്രോൾ പമ്പുകളിൽ നിന്നുള്ള സിസി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. അക്രമത്തിനുപയോഗിച്ചത് പെട്രോളാണെന്ന് ഫോറൻസിക് വിദഗ്ദ്ധരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പമ്പുകളിലേക്ക് അന്വേഷണം നീണ്ടത്. ഇതും ഫലം കണ്ടില്ല.

മറ്റ് സ്ഫോടക വസ്തുക്കളുടെ സാന്നിദ്ധ്യമൊന്നും സ്ഥലത്തുനിന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ക്രിമിനൽ പശ്ചാത്തലമുള്ളവരോ സംശയിക്കത്തക്ക സാഹചര്യങ്ങളുള്ളവരോ ഇന്ധനം വാങ്ങിയിട്ടുണ്ടെങ്കിൽ അവരെ കണ്ടെത്താനായിരുന്നു ഇത്. ഇതും ഫലം കണ്ടില്ല. കഴിഞ്ഞ രണ്ട് ദിവസം നീണ്ട അന്വേഷണത്തിലും സമീപത്തെ സി.സി.ടി.വി ദ്യശ്യങ്ങളിൽനിന്നോ നാട്ടുകാരുടെ മൊഴികളിൽ നിന്നോ യാതൊരു സൂചനയും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.ആശ്രമത്തിൽ നിന്ന് രണ്ടര കിലോമീറ്റർ വരെയുള്ള റോഡുകളിലും വീടുകളിലും സ്ഥാപനങ്ങളിലുമുള്ള സി.സി.ടി.വി ദ്യശ്യങ്ങൾ ശേഖരിക്കാനാണ് പൊലീസ് തീരുമാനം. ഈ ഭാഗത്തെ ടവറുകളുടെ പരിധിയിൽ വന്ന മൊബൈൽ സന്ദേശങ്ങളും ഫോൺകാളുകളും പരിശോധിച്ചു. പ്രധാന റോഡിൽ നിന്ന് ആശ്രമത്തിലേക്കുള്ള വഴിയിലെ സി.സി.ടി.വി ദ്യശ്യങ്ങൾ പരിശോധിച്ചുവെങ്കിലും സൂചന ലഭിച്ചില്ല. ആശ്രമവുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

25പേരെ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചു. ആശ്രമത്തിലെ മുൻ സെക്യൂരിറ്റി ജീവനക്കാരനെയും മകനെയും ഇതുമായി ബന്ധമില്ലെന്ന് ബോധ്യപ്പെട്ടതിനാൽ വിട്ടയച്ചിരുന്നു.ശനിയാഴ്ച പുലർച്ചെ 2.30 നായിരുന്നു കുണ്ടമൺകടവിലെ സാളഗ്രാമം ആശ്രമത്തിലെ രണ്ടു കാറുകളും ഒരു സ്‌കൂട്ടറും കത്തിച്ചത്.