തിരുവനന്തപുരം: സ്‌കൂൾ ഓഫ് ഭഗവദ്ഗീതയിലെ ആചാര്യൻ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലുണ്ടായ ആക്രമത്തിൽ സർവ്വത്ര ദുരൂഹത. പ്രതികളെ പിടിക്കാൻ പൊലീസിന് നന്നായി വിയപ്പൊഴുക്കേണ്ടി വരും. സംഘപരിവാറിന്റെ ഭീഷണിയുള്ള സന്ദീപാനന്ദഗിരി സിസിടിവി സുരക്ഷയൊരുക്കിയാണ് കുണ്ടമൺകടവിലെ ആശ്രമത്തിൽ കഴിഞ്ഞിരുന്നത്. ഇതിന് നാലു പാടും സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ അക്രമം നടക്കുമ്പോൾ ഇവയെല്ലാം പ്രവർത്തന രഹിതമാണ്. സമീപത്തെ സിസിടിവികളിലും അക്രമികളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല.

ആശ്രമത്തിന് പിൻഭാഗത്ത് കുളിക്കടവുണ്ട്. കരമനയാറാണ് ഒഴുകുന്നത്. സിസിടിവിയിൽ ദൃശ്യങ്ങൾ വരാത്തവിധം അക്രമികൾ ആറിലൂടെ എത്തിയതാകാമെന്നാണ് പൊലീസ് നിഗമനം. അതുകൊണ്ട് തന്നെ പ്രതികളെ കണ്ടെത്തുക ദുഷ്‌കരമാകും. ആശ്രമത്തിലെ സിസിടിവികളിൽ ഒന്നെങ്കിലും പ്രവർത്തിച്ചിരുന്നുവെങ്കിൽ അക്രമികളെ വേഗത്തിൽ പിടികൂടാൻ പൊലീസിന് കഴിയുമായിരുന്നു. ഒന്നിലധികം സിസിടിവികളുണ്ടായിട്ടും പ്രവർത്തിക്കാത്തത് ഇതോടെ നാട്ടുകാർക്കിടയിലും ചർച്ചായവുകയാണ്. തൊട്ടടുത്ത കുണ്ടമൺകടവ് ക്ഷേത്രത്തിൽ സിസിടിവിയുണ്ട്. ഇതിലെ ദൃശ്യങ്ങളിൽ പതിഞ്ഞത് ആശ്രമത്തിന് തൊട്ടടുത്തുള്ള യുവാവിന്റെ ചിത്രമാണ്. തീ പിടിച്ചതറിഞ്ഞ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ യുവാവാണ് ഇതെന്ന സൂചനയാണ് ലഭിക്കുന്നത്. ഏതായാലും ക്ഷേത്രത്തിലെ സിസിടിവിയിൽ പതിഞ്ഞ യുവാവിനെ പൊലീസ് ചോദ്യം ചെയ്യും.

കുണ്ടമൺ കടവ് ക്ഷേത്രത്തിലെ സിസിടിവിയിൽ യുവാവ് കുടുങ്ങിയെന്ന സൂചന കിട്ടിയതോടെ ചില ദൃശ്യമാധ്യമങ്ങൾ വിഷ്വൽ കിട്ടാൻ ശ്രമിച്ചിരുന്നു. എന്നാൽ പൊലീസ് ഇതിന് തടസം നിന്നിരുന്നു. അതിന് ശേഷം പൊലീസ് ദൃശ്യമെല്ലാം പരിശോധിച്ചു. ഇതിൽ നിന്നാണ് അക്രമിയല്ല ദൃശ്യത്തിൽ പതിഞ്ഞതെന്ന് വ്യക്തമായത്. ആശ്രമ അക്രമികളെ സിസിടിവിയുടെ സഹായത്തോടെ കണ്ടെത്താനാകുമെന്നാണ് പൊലീസ് തുടക്കത്തിൽ പ്രതീക്ഷിച്ചത്. ഇതാണ് സിസിടിവിയുടെ പ്രവർത്തനരഹിതമെന്ന വെളിപ്പെടുത്തലോടെ പൊളിയുന്നത്. ആശ്രമത്തിന് സെക്യൂരിറ്റിയും ഉണ്ടായിരുന്നു. എന്നാൽ അക്രമം നടക്കുമ്പോൾ സെക്യൂരിറ്റിയും ഇല്ലായിരുന്നു. ഇയാൾ രണ്ട് ദിവസം മുമ്പ് പിണങ്ങിപോയെന്നാണ് സന്ദീപാനന്ദഗിരി പൊലീസിനോട് പറയുന്നത്.

സ്ഥിരമായി ആശ്രമത്തിൽ സെക്യൂരിറ്റി ഉണ്ടായിരുന്നുവെന്ന് നാട്ടുകാരും പറയുന്നു. സെക്യൂരിറ്റി ഇല്ലാത്തതിൽ നാട്ടുകാർക്ക് സംശയവുമുണ്ട്. 24 മണിക്കൂറും ആശ്രമത്തിലെ സിസിടിവി പ്രവർത്തിച്ചിരുന്നു. പുറകിലെ കുളിക്കടവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ ഉയരുകയും ചെയ്തു. കുളിക്കടവിലെ സിസിടിവി മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യം പോലും ആശ്രമ അധികാരികൾ അംഗീകരിച്ചിരുന്നില്ല. സ്വാമിക്കുള്ള സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നിട്ടും സിസിടിവി കാർ കത്തിക്കാനെത്തിയ അക്രമികളെത്തിയപ്പോൾ പ്രവർത്തിച്ചില്ലെന്നതാണ് ദുരൂഹത കൂട്ടുന്നത്. തൊട്ടടുത്തുള്ള ഗ്രൗണ്ടിലെ നീക്കങ്ങൾ അറിയാനും സിസിടിവി ഉണ്ട്. കളിക്കാൻ നാട്ടുകാരെത്തുമ്പോൾ ഇതിന്റെ പേരിൽ പലപ്പോഴും പ്രശ്‌നങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

രണ്ട് ദിവസം മുമ്പ് ഹിന്ദു ഐക്യവേദി സ്വാമിയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയിരുന്നു. ശബരിമലയിലെ പ്രതികരണങ്ങളിൽ പ്രകോപനപരമായ പോസ്റ്ററും പതിച്ചു. അതുകൊണ്ട് തന്നെ ആശ്രമം കൂടുതൽ കരുതലേടുക്കേണ്ട സമയമായിരുന്നു ഇത്. എന്നിട്ടും സിസിടിവിയും സെക്യൂരിറ്റിയും മാറിയതാണ് നാട്ടുകാരെ സംശയത്തിലേക്ക് എത്തുന്നത്. സിസിടിവി ഇല്ലാത്തതിനാൽ കുറ്റവാളികളെ കണ്ടെത്തുക പ്രയാസകരം തന്നെയാണ്. തിരുവനന്തപുരം-കാട്ടക്കട റോഡിലാണ് കുണ്ടമൻഭാഗം. നിരവധി സിസിടിവികൾ ഈ മേഖലയിലുണ്ട്. രാത്രി ആയതിനാൽ ഇവ പരിശോധിച്ചാൽ പ്രതികളെ കണ്ടെത്താനുമാകും. അതുകൊണ്ട് തന്നെ ആറിലൂടെ എത്തി അക്രമികൾ കാറു കത്തിച്ച് മറഞ്ഞുവെന്നാണ് പൊലീസ് തിരിച്ചറിയുന്നത്. അക്രമത്തിനിരയായ കാറുകളും രണ്ട് ദിവസം മുമ്പാണ് ആശ്രമത്തിലെത്തിയതെന്നും നാട്ടുകാർ പറയുന്നു,

സന്ദീപാനന്ദ ഗിരിയുടെ വീടിനു നേരെ ആക്രമണം നടന്നതിന്റെ പശ്ചാത്തലത്തിൽ സിസിടിവി ദൃശ്യങ്ങൾക്കായെത്തിയ ജനം ടിവി വാർത്താ സംഘത്തിനു നേരെ പൊലീസ് അതിക്രമത്തെ ബിജെപിയും ഉയർത്തിക്കാട്ടുന്നുണ്ട്. സന്ദീപാനന്ദ ഗിരിയുടെ വീടിനു സമീപത്തായുള്ള ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നതിനായാണ് ജനം ടിവി സംഘമെത്തിയത്.ഇതിനിടെയായിരുന്നു സംഘത്തിനു നേരെ പൊലീസ് ഉദ്യോഗസ്ഥരുടെ അതിക്രമം.സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കുന്നതിൽ നിന്നും വാർത്താ സംഘത്തെ വിലക്കിയ പൊലീസ് ജനം ടിവി ബ്യൂറോ ചീഫ് വിനീഷിനെ പിടിച്ച് തള്ളുകയും ചെയ്തു. ഇതോടെ മുഖ്യമന്ത്രിയുടെ സന്ദർശനം അടക്കമുള്ള കാര്യങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് നീങ്ങുന്നതെന്ന് വ്യക്തമായെന്ന് ബിജെപി പറയുന്നു. സ്വാമിയുടെ ആശ്രമം ആക്രമിച്ചത് ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു കഴിഞ്ഞു. സ്വാമിയും സംഘപരിവാറുകാരെയാണ് സംശയത്തിൽ നിർത്തുന്നത്.

പൊലീസ് കൂടുതൽ പരിശോധന നടത്തി വരികയാണ്.സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരം ഡിസിപി ആദിത്യയുടെ നേതൃത്വത്തിലാണ് സംഘം കന്റോൺമെന്റ് എസിപിക്കാണ് അന്വേഷണ ചുമതല. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് കുണ്ടമൺകടവിലെ ആശ്രമത്തിൽ ആക്രമണം ഉണ്ടായത്. ആശ്രമത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകളും ഒരു സ്‌കൂട്ടറും തീവെച്ചു നശിപ്പിക്കുകയും ആശ്രമത്തിന് പുറത്ത് റീത്ത് വെയ്ക്കുകയും ചെയ്തു. ശബരിമലയിൽ യുവതീപ്രവേശനത്തെ അനുകൂലിച്ച സന്ദീപാനന്ദഗിരിക്ക് ഭീഷണിയുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. ആക്രമണത്തെ മുഖ്യമന്ത്രിയുൾപ്പെടെയുള്ള നേതാക്കൾ അപലപിച്ചു. സത്യം പറയുന്നവരെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയാണ് ഇതെന്ന് സന്ദീപാനന്ദഗിരി ആരോപിച്ചു.