ചെന്നൈ: ജയലളിതയുടെ മരണത്തിനു പിന്നാലെ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നടത്തിയ പ്രവചനങ്ങൾ അക്ഷരം പ്രതി ശരിയാകുകയാണ്. തമിഴ്‌നാട് രാഷ്ട്രീയത്തിൽ നടക്കുന്ന നാടകങ്ങൾ വിശദമായി പരിശോധിച്ചാൽ, സ്വാമി നടത്തിയ പ്രവചനങ്ങളേക്കാൽ കൂടുതലായി ഒന്നും തന്നെ നടക്കുന്നില്ലെന്നു മനസിലാക്കാൻ സാധിക്കും. ജയലളിത അരങ്ങൊഴിഞ്ഞതോടെ ശശികല അധികാരം പിടിച്ചെടുക്കുമെന്നായിരുന്നു സ്വാമിയുടെ ദീർഘവീക്ഷണത്തോടെയുള്ള വാക്കുകൾ.

ജയലളിതയുടെ വിശ്വസ്ത ശശികല നടരാജൻ പാർട്ടിയുടെ അധികാര സ്ഥാനത്തെത്തുമെന്നുമായിരുന്നു രാജ്യസഭാ എംപിയും മുതിർന്ന ബിജെപി. നേതാവുമായ സുബ്രഹ്മണ്യൻസ്വാമി പ്രവചിച്ചത്. പനീർശെൽവത്തെ സ്വതന്ത്രമായി മുഖ്യമന്ത്രിസ്ഥാനത്തിരുന്ന് ഭരിക്കാൻ ശശികല അനുവദിക്കില്ലെന്നും സ്വാമി പറഞ്ഞു. പനീർശെൽവത്തിന് പകരമായി മുഖ്യമന്ത്രിസ്ഥാനത്തേക്ക് സ്വന്തം കുടുംബത്തിൽനിന്ന് ആരെയെങ്കിലും ശശികല കണ്ടെത്തും. പനീർശെൽവത്തിന് പാർട്ടിയിൽ ഒരു അടിത്തറയുമില്ലെന്നും സ്വാമി അഭിപ്രായപ്പെട്ടു. സ്വാമിയുടെ വാക്കുൾ ഏറെ പ്രാധാന്യത്തോടെയാണ് തമിഴക രാഷ്ട്രീയം നോക്കിക്കണ്ടത്.

ജയലളിതയ്ക്കു ശേഷം ആരാകും മുഖ്യമന്ത്രിയെന്നതായിരുന്നു പ്രധാന ചോദ്യം. ജയലളിതയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിക്കുംമുൻപേ അണ്ണാ ഡിഎംകെ പാർലമെന്ററി പാർട്ടി യോഗം ചേർന്നിരുന്ു. എംഎൽഎമാർ പുതിയ നേതാവായി പനീർസെൽവത്തെ തിരഞ്ഞെടുത്തു. രണ്ടു മണിക്കൂറിനകം അദ്ദേഹം പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തേവർ സമുദായാംഗമായ പനീർസെൽവത്തിന്റെ തിരഞ്ഞെടുപ്പിന് അതേ സമുദായാംഗമായ ശശികലയുടെ പിന്തുണ ഉണ്ടായിരുന്നു.

അതേസമയം അണ്ണാ ഡിഎംകെയെ സംബന്ധിച്ചിടത്തോളം സുപ്രീം കമാൻഡർ പദവിയെന്നു കരുതപ്പെടുന്ന ജനറൽ സെക്രട്ടറിപദമാണ് ഏറ്റവും പ്രധാനം. ഇത് ശശികല തന്നെ കൈക്കലാക്കി. ഡിസംബർ 31നു ചേർന്ന പാർട്ടി യോഗത്തിൽ ശശികലയെ ഇടക്കാല ജനറൽ സെക്രട്ടറിയായി ഐക്യകണഠ്യേന തെരഞ്ഞെടുത്തു. അണ്ണാ ഡിഎംകെയിൽ ഇതിന് മുമ്പ് പാർട്ടി ജനറൽ സെക്രട്ടറിയായിരുന്നവർ തന്നെയാണ് മുഖ്യമന്ത്രി പദത്തിലും ഏറിയിരുന്നത്.

ജയലളിതയുടെ മരണാന്തര കർമം ചെയ്യാൻ നിയോഗിക്കപ്പെട്ടപ്പോൾ തന്നെ ശശികല എ.ഡി.എം.കെയുടെ രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുമെന്ന വ്യക്തമായ സൂചനകൾ ലഭിച്ചിരുന്നു. ജയലളിതയ്ക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയ രാഷ്ട്രപതി പ്രണബ് മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമെല്ലാം അനുശോചനം അറിയിച്ചത് ശശികലയെയായിരുന്നു. ആദരാഞ്ജലി അർപ്പിക്കാനെത്തിയ ഏഴു മുഖ്യമന്തിമാരും അനുശോചനം അറിയിച്ചതും ശശികലയെയാണ്. ഈ സമയമെല്ലാം വെറും കാഴ്ചക്കാരന്റെ റോളായിരുന്നു മുഖ്യമന്ത്രി പനീർശെൽവത്തിനുണ്ടായിരുന്നത്. ഇത്തരത്തിൽ പനീർശെൽവത്തെ കാഴ്ചക്കാരനായി ഭരണം നിയന്ത്രിക്കുന്ന ശശികല ക്രമേണ അധികാരം പൂർണമായും പിടിച്ചെടുക്കുമെന്നു വ്യക്തമായിരുന്നു.