- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൃഷിക്ക് ശല്യമായി നീലക്കോഴി;വലിയ നഷ്ടം നേരിടേണ്ടി വരുന്നു; 'ക്ഷുദ്രജീവികളായി' പ്രഖ്യാപിക്കണം; കർഷകർ ഹൈക്കോടതിയിൽ
കൊച്ചി: പൊക്കാളി നെൽ കൃഷിക്കു ശല്യമായി മാറിയ നീലക്കോഴികളെ 'ക്ഷുദ്രജീവികളായി' പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ ഹൈക്കോടതിയിൽ. ഹർജി പരിഗണിച്ച കോടതി സർക്കാരിന്റെ പ്രതികരണം തേടി.
കൃഷിയിറക്കുന്നതു മുതൽ കൊയ്ത്തു വരെ നീലക്കോഴികൾ ശല്യമുണ്ടാക്കുന്നതായും ഇതുമൂലം വലിയ നഷ്ടം നേരിടേണ്ടിവരുന്നുവെന്നുമാണ് കർഷകർ ഹർജിയിൽ പറയുന്നത്.
എറണാകുളം ജില്ലയിലെ പൊക്കാളി കർഷകരാണ് നീലക്കോഴികൾക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. ജൂണിൽ കൃഷിയിറക്കുന്ന കാലത്ത് എത്തുന്ന നീലക്കോഴികൾ നവംബറിൽ കൊയ്ത്തുവരെ പാടത്തു തുടരും. ഇതിനിടെ കൃഷിക്കു വലിയ നാശമാണ് ഇവ വരുത്തിവയ്ക്കുന്നതെന്ന് കർഷകരുടെ പക്ഷം.
കൂട്ടത്തോടെയെത്തുന്ന പക്ഷികൾ നെല്ലു തിന്നുക മാത്രമല്ല, നെൽച്ചെടി കൊത്തിയെടുത്ത് കൂടുകെട്ടുകയും ചെയ്യും. സംരക്ഷിത വിഭാഗത്തിൽപെടുന്ന പക്ഷികൾ ആയതിനാൽ ഇവയെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് കർഷകർ. അതുകൊണ്ടാണ് പരിഹാരം തേടി കോടതിയെ സമീപിച്ചതെന്ന് കർഷകർ പറയുന്നു.
നീലക്കോഴികൾക്കെതിരെ ഇത്തരമൊരു പരാതി ആദ്യം കേൾക്കുകയാണെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. ഇവയെ ശല്യക്കാരായി പ്രഖ്യാപിക്കമെന്ന ഹർജിയെ എതിർത്ത സർക്കാർ കർഷകർ വനംവകുപ്പിനെയാണ് സമീപിക്കേണ്ടതെന്നു നിലപാടെടുത്തു.
ഇത്തരം സാങ്കേതികത്വത്തിൽ തൂങ്ങാതെ കർഷകരുടെ പരാതി വസ്തുതയുടെ അടിസ്ഥാനത്തിലാണോയെന്നു പരിശോധിക്കാൻ കോടതി നിർദേശിച്ചു. യാതൊരു കാര്യവുമില്ലാതെ കർഷകർ ഇത്തരമൊരു പരാതിയുമായി വരുമോയെന്ന് കോടതി ആരാഞ്ഞു.
നേരത്തെ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ ഹൈക്കോടതി കർഷകർക്ക് അനുമതി നൽകിയിരുന്നു. കർഷകർക്കു ശല്യമാവുന്ന മേഖലകളിൽ കാട്ടുപന്നിയെ വെടിവയ്ക്കുന്നതിന് അനുമതി നൽകാൻ സർക്കാരിനോടു നിർദേശിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് നീലക്കോഴികൾക്കെതിരായ പൊക്കാളി കർഷകരുടെ ഹർജി.
മറുനാടന് മലയാളി ബ്യൂറോ