സ്വാൻസി: സ്വാൻസി മലയാളി അസോസിയേഷന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പോണ്ടിലിവ് വില്ലേജ് ഹാളിൽ ചേർന്ന വിപുലമായ ജനറൽ ബോഡി മീറ്റിംഗിൽ വച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിജു വിതയത്തിൽ വരണാധികാരിയായിരുന്ന യോഗത്തിൽ മുഴുവൻ സ്ഥാനങ്ങളിലേക്കും ഏകകണ്ഠമായ തെരഞ്ഞെടുപ്പായിരുന്നു നടന്നത്.

പ്രസിഡണ്ടായി ജിജി ജോർജ്ജ്, സെക്രട്ടറിയായി ജിനോ ഫിലിപ്പ്, ട്രഷററായി റെജി ജോസഫ്, വൈസ് പ്രസിഡണ്ടുമാരായി ബിജു മാത്യു, സിമി ടോമി, ജോയിന്റ് സെക്രട്ടറിമാരായി സെബാസ്റ്റ്യൻ ജോസഫ്, പ്രിമ ജോൺ, ജോയിന്റ് ട്രഷററായി ഷാജി ജോസഫ്, പി. ആർ. ഒ. ആയി ടോമി ജോർജ്ജ്, സ്പോർട്സ് സെക്രട്ടറിമാരായി ബിനോജി ആന്റണി, ലിസി മനോജ്, ആർട്‌സ് സെക്രട്ടറിമാരായി എം. ജെ ആൻഡ്രൂസ്, ലിസി റെജി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ഇവരോടൊപ്പം ബിൻസു ജോൺ, ജോജി ജോസ്, ജേക്കബ് ജോൺ, ബിജു വിതയത്തിൽ, സന്തോഷ് മാത്യു, തങ്കച്ചൻ ജേക്കബ്, പുന്നൂസ് ചാക്കോ, മനോജ് ചാക്കോ, മിനി ബിജു, ജോൺസി ജിനോ, മേരി ജോജി, നിധി ബിൻസു, സിജി ജേക്കബ്ബ്, റീന ബിജു, മഞ്ജു ബിനു എന്നിവരെ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തു.

കഴിഞ്ഞ ഒൻപതു വർഷങ്ങളായി സ്വാൻസി മലയാളികളുടെ ഇടയിൽ ജാതി മത വ്യത്യാസമില്ലാതെ മികച്ച പ്രവർത്തനം കാഴ്ച വച്ചു കൊണ്ടിരിക്കുന്ന സ്വാൻസി മലയാളി അസോസിയേഷന്റെ സ്വീകാര്യത ഏറെ വർദ്ധിച്ചു എന്നതിന്റെ നേർക്കാഴ്ച കൂടിയായി ഇത്തവണത്തെ തെരഞ്ഞെടുപ്പ്. ഒരു മാസം മുൻപേ തെരഞ്ഞെടുപ്പ് വിജ്ഞാപനം നൽകി എല്ലാ അംഗങ്ങളെയും ജനറൽ ബോഡിയിലേക്ക് ക്ഷണിച്ച് നടത്തിയ തെരഞ്ഞെടുപ്പിൽ ഉണ്ടായ വൻ ജനപങ്കാളിത്തം അസോസിയേഷന്റെ മുന്നോട്ടുള്ള പ്രവർത്തനം സ്വാൻസിയിലെ മലയാളികൾ ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവായിരുന്നു. അസോസിയേഷൻ തുടങ്ങി വച്ച ഫാമിലി ക്ലബ്, ഡാൻസ് സ്‌കൂൾ, മലയാളം ക്ലാസ് എന്നിവയെല്ലാം മുടക്കം കൂടാതെ ഭംഗിയായി മുന്നോട്ട് കൊണ്ട് പോകുന്നതിൽ മാറി മാറി വന്ന നേതൃത്വം വളരെ ശ്രദ്ധിച്ചിരുന്നു.

യു.കെയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ യുക്മയിലെ സജീവാംഗമായ സ്വാൻസി മലയാളി അസോസിയേഷനിൽ നിന്നും വരുന്ന രണ്ട് വർഷക്കാലത്തേക്കുള്ള യുക്മ പ്രതിനിധികളായി ബിൻസു ജോൺ, ജോജി ജോസ്, ബിജു വിതയത്തിൽ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരുന്ന ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം ജനുവരി മൂന്നാം തീയതി പോണ്ടിലിവ് വില്ലേജ് ഹാളിൽ വച്ചു നടത്തുന്നതിനും പൊതുയോഗത്തിൽ തീരുമാനമായി. ക്രിസ്തുമസ് പുതുവത്സരഘോഷ വേദിയിൽ പരിപാടികൾ അവതരിപ്പിക്കാനാഗ്രഹിക്കുന്ന അംഗങ്ങൾ ഡിസംബർ 30ന് മുൻപായി ഇപ്പോഴത്തെ പ്രസിഡന്റ് ജോജി ജോസിനെ ബന്ധപ്പെടണമെന്ന് അറിയിച്ചു. പ്രസ്തുത പരിപാടിയിൽ വച്ചായിരിക്കും പുതിയ നേതൃത്വം ചുമതലയേൽക്കുന്ന ചടങ്ങും നടക്കുകയെന്നും സംഘാടകർ അറിയിച്ചു. മുഴുവൻ സ്വാൻസി മലയാളികളെയും ക്രിസ്തുമസ്‌ന്യൂ ഇയർ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.