കണ്ണൂർ: കൂത്തുപറമ്പിലെ കാനറ ബാങ്ക് മാനേജർ ഓഫിസ് ക്യാബിനിൽ തൂങ്ങി മരിക്കാനിടയായ സംഭവത്തിൽ അന്വേഷണ സംഘം ഇവരുടെ മൊബൈൽ ഫോൺ സന്ദേശങ്ങളും ഇ മെയിൽ സന്ദേശങ്ങളും പരിശോധിക്കുന്നു.

ബാങ്ക് ഉന്നതരിൽ നിന്നും തൊഴിൽപരമായ മാനസിക സമ്മർദ്ദമുണ്ടായെന്ന ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ ആരോപണത്തെ തുടർന്നാണ് അന്വേഷണം ശക്തമാക്കിയത്. ബാങ്ക് മാനേജർമാരെ കൊണ്ടും മറ്റു കീ പോസ്റ്റിലിരിക്കുന്നവരെ കൊണ്ടും ബിനാമി പേരുകളിൽ വായ്പയെടുപ്പിച്ച് ബാങ്കുമായി ബന്ധപ്പെട്ട മ്യുചൽ ഫണ്ടുകളിലും ഇൻഷുറൻസ് പോളിസികളിലും വൻ നിക്ഷേപം നടത്തി ഇവരെ കടക്കെണിയിൽ കുരുക്കുകയാണെന്നാണ് ബാങ്കിങ് സംഘടനകൾ ആരോപിക്കുന്നത്.

അതു കൊണ്ടു തന്നെ തങ്ങൾക്ക് ലഭിക്കുന്ന ശമ്പളം പോലും പെർഫോമൻസ് ഡവലപ്പ്മെന്റിന്റെ പേരിൽ ഇവർക്ക് ഉപയോഗിക്കാനാവുന്നില്ല. ഇതു കൂടാതെ ചെറിയ വീഴ്ചകൾ പോലും വരുത്തുന്നവരെ ദൂരദേശങ്ങളിലെ ബ്രാഞ്ചുകളിലേക്ക് തട്ടി ശിക്ഷാ നടപടികളും സ്വീകരിക്കുന്നു. തൃശൂർ ജില്ലക്കാരിയായ സ്വപ്ന ഇങ്ങനെയാണ് കണ്ണുരിലെ കുത്തുപറമ്പ് ബ്രാഞ്ചിലേക്കെത്തിയതെന്നാണ് വിവരം. കാനറാ ബാങ്കും സിൻഡിക്കേറ്റ് ബാങ്കും തമ്മിൽ നടന്ന ലയനത്തോടെ ബാങ്കുകളിൽ രണ്ടു വിഭാഗമുണ്ടാവുകയും തലപ്പത്ത് മത്സരമുണ്ടാവുകയും ചെയ്തു.

ഇതോടെയാണ് ടാർജറ്റ് വേട്ടയും അച്ചീവ്‌മെന്റ് പെർഫോമൻസ് മത്സരവും തുടങ്ങിയതെന്ന് ബാങ്ക് സംഘടനാ നേതാക്കൾ പറയുന്നു.ഇതിനിടെ കുത്തുപറമ്പ് പാലത്തുങ്കര സ്വദേശിനി സ്വപ്നയുടെ ആത്മഹത്യ സംസ്ഥാന വ്യാപകമായി ബാങ്കിങ് മേഖലയെ പിടിച്ചുകുലുക്കിയതോടെ സർക്കാരിന്റെ വിവിധ സംവിധാനങ്ങൾ പ്രശ്‌നത്തിൽ ഇടപെട്ടിട്ടുണ്ട്.

കെ.എസ്. സ്വപ്നയുടെ മരണം അന്വേഷിക്കണമെന്ന് വനിതാ കമ്മീഷൻ സംസ്ഥാന സർക്കാരിനോട് ശിപാർശ ചെയ്തിട്ടുണ്ട്.. ഇതു സംബന്ധിച്ച കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞയാഴ്ച കൈമാറിയിരുന്നു. തൃശൂർ സ്വദേശിനിയായ സ്വപ്നയെ അവിടെ നിരവധി ശാഖകൾ ഉണ്ടായിരുന്നിട്ടും കണ്ണൂർ തൊക്കിലങ്ങാടി ശാഖയിലേക്ക് സ്ഥലം മാറ്റിയ കാനറ ബാങ്ക് മാനേജ്മെന്റിന്റെ നടപടി മനുഷ്യത്വരഹിതമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഭർത്താവ് മരിച്ച, വിദ്യാർത്ഥികളായ രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായ അവർക്ക് തൃശൂർ ജില്ലയിൽ ഒഴിവുണ്ടായിട്ടും നിയമനം നൽകിയില്ലെന്നാണ് വനിതാ കമ്മിഷൻ മനസിലാക്കുന്നതെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ദാരുണമായ ആത്മഹത്യയിലേക്ക് നയിച്ച ഈ സംഭവത്തിൽ മാനേജ്മെന്റിനെതിരേ സാധ്യമായ അന്വേഷണങ്ങൾ നടത്തി കുറ്റക്കാരെന്നു തെളിയുന്നപക്ഷം നടപടികൾ സ്വീകരിക്കണമെന്നാണ് കേരള വനിതാ കമ്മിഷൻ സർക്കാരിനോട് ശിപാർശ ചെയ്തത്.

ബാങ്കിങ് ഉൾപ്പെടെയുള്ള തൊഴിൽമേഖലയിലെ മാനസിക സമ്മർദം അനിയന്ത്രിതമാകാതിരിക്കാൻ ആഭ്യന്തര പരാതി പരിഹാര സമിതിയുടെ മാതൃകയിൽ സമിതിയുടെ നിയമനത്തിനുള്ള നിയമ നിർമ്മാണത്തിന് ഗവൺമെന്റ് അടിയന്തരമായി ഇടപെടണമെന്നും കമ്മിഷൻ ശിപാർശ ചെയ്തിട്ടുണ്ട്. ബാങ്ക് മാനേജ്മെന്റിന്റെ സ്ത്രീവിരുദ്ധ സമീപനത്തിന്റെ മറ്റൊരു ഉദാഹരണമായി കണ്ണൂർ താഴെ ചൊവ്വ സ്വദേശിനിയായ ലോ ഓഫീസർ പ്രിയംവദയെയും ചൂണ്ടിക്കാട്ടുന്നു.

മാനേജ്മെന്റ് ഉൾപ്പെട്ട അഴിമതി ചോദ്യം ചെയ്തതിന് മാനസിക പീഡന പരമ്പരകളും അതിനെത്തുടർന്ന് മറ്റൊരിടത്തും ജോലി ചെയ്യാനുള്ള യോഗ്യതയില്ല എന്നെഴുതി പിരിച്ചുവിട്ട നടപടിയും കമ്മിഷൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ആഗോളവത്കരണത്തിന്റെ ഫലമായി ബാങ്കുകൾ തമ്മിലുള്ള കിടമത്സരം ജീവനക്കാരിൽ അധിക സമ്മർദം ഏൽപ്പിക്കുന്ന തരത്തിലേക്ക് വളർന്നിട്ട് നാളേറെയായി.

കാനറാ ബാങ്ക് പോലുള്ള സ്ഥാപനങ്ങൾ തൊഴിൽഭാരം കൂട്ടി അവരെ സമ്മദ്ദർദത്തിലാക്കുകയും അവശ്യം വേണ്ട മാനുഷിക പരിഗണനകൾ കൊടുക്കാതിരിക്കുകയും ചെയ്യുന്ന സമീപനം സ്ത്രീകൾ തൊഴിലെടുക്കുന്ന മേഖലകളിൽ വർധിച്ചുവരുന്നുണ്ടെന്ന് വനിതാ കമ്മിഷൻ മനസിലാക്കുന്നതായും വനിതാ കമ്മിഷൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.