- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറച്ചു നാളായി സ്വപ്ന വീട്ടിൽ വരാറില്ല; മകൾ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട കാര്യം മാധ്യമങ്ങളിലൂടയാണ് അറിഞ്ഞത്; അച്ഛന്റെ മരണാനന്തര ചടങ്ങിലും സഹോദരന്റെ വിവാഹത്തിലും സജീവമായിരുന്നു; അബുദാബിയിൽ നിന്ന് നടനൊപ്പം ഒളിച്ചോടിയ ശേഷം മകളുമായി ഉണ്ടായിരുന്നത് ഔപചാരിക ബന്ധം മാത്രം; സ്വപ്നയുടെ ഇടപാടുകളെ കുറിച്ച് ഒന്നും അറിയില്ലെന്ന് അമ്മ പ്രഭയുടെ മൊഴി; ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി എടുക്കാൻ ഇഡി; സ്വർണ്ണ കടത്തിൽ തെളിവ് ശേഖരണം തുടരുമ്പോൾ
കൊച്ചി: സ്വർണക്കടത്തു കേസിൽ പ്രതിയായ സ്വപ്ന സുരേഷിന്റെ ഇടപാടുകളെ കുറിച്ച് ഒന്നും അറിയില്ലെന്ന് അമ്മയുടെ മൊഴി. കുടുംബവുമായി സ്വപ്ന അടുപ്പത്തിലായിരുന്നില്ലെന്ന സൂചനയാണ് അമ്മ നൽകിയത്. ഇളയ സഹോദരന്റെ വിവാഹവുമായി ബന്ധപ്പെട്ട് സഹകരിച്ചിരുന്നു. മകൾ എന്നതിന് അപ്പുറം സ്വപ്ന നടത്തുന്ന ഇടപെടലുകളിൽ ഒരു മുൻ ധാരണയും ഉണ്ടായിരുന്നില്ലെന്നും അമ്മ കസ്റ്റംസിനെ അറിയിച്ചു. അമേരിക്കയിലെ സഹോദരനുമായുള്ള സ്വത്ത് തർക്കവും വിശദീകരിച്ചു.
അബുദാബിയിൽ നിന്ന് സ്വപ്ന കേരളത്തിലേക്ക് ഒളിച്ചോടിയത് മുതലുള്ള കാര്യങ്ങൾ അമ്മ പറഞ്ഞതായാണ് സൂചന. ഇതിന് ശേഷം വീടുമായി അടുപ്പം കുറവായിരുന്നു. അച്ഛന്റെ സംസകാര ചടങ്ങിലും മറ്റും എത്തിയിരുന്നു. സഹോദരന്റെ വിവാഹത്തിനും വന്നു. അങ്ങനെ ഔദ്യോഗിക ചടങ്ങുകളിൽ മാത്രമായി ഇടപെടൽ ഒതുങ്ങിയെന്നും സ്വർണ്ണ കടത്തിനെ കുറിച്ച് ഒന്നും അറിയില്ലെന്നും അമ്മ പറഞ്ഞു. കോൺസുലേറ്റിലെ ജോലിയെ കുറിച്ച് അറിയാമായിരുന്നു. മുൻ ഐടി സെക്രട്ടറി ശിവശങ്കറുമായി അടുപ്പം സ്വപ്നയ്ക്കുണ്ടായിരുന്നുവെന്നും അമ്മ വിശദീകരിച്ചു. ഔദ്യോഗിക ബന്ധമാണിതെന്നാണ് കരുതിയതെന്നും പറഞ്ഞു. ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഇന്നു രേഖപ്പെടുത്തും.
സ്വർണക്കടത്ത് കേസിൽ തന്റെ മകൾ കുറ്റക്കാരിയെങ്കിൽ ശിക്ഷിക്കപ്പെടണമെന്ന് അമ്മ പ്രഭ നേരത്തെ പറഞ്ഞിരുന്നു. കുറച്ചു നാളായി സ്വപ്ന വീട്ടിൽ വരാറില്ല. മകൾ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട കാര്യം മാധ്യമങ്ങളിലൂടയാണ് അറിഞ്ഞത്. അതിന്റെ ഷോക്കിലാണ് ഞാൻ. സ്വപ്നയെ കുറിച്ച് ഇത്തരത്തിലൊരു സംശയം ഇതുവരെ ഉണ്ടായിരുന്നില്ല. ജോലി സംബന്ധമായ കാര്യങ്ങളൊന്നും സ്വപ്ന പറയാറില്ല. അറസ്റ്റിലാകുന്നതിന് ദിവസങ്ങൾക്ക് മുമ്പു വരെ മകളുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും പ്രഭ പറഞ്ഞിരുന്നു. ഇത് തന്നെയാണ് എൻഐഎയ്ക്ക് മുമ്പിലും അമ്മ അവതരിപ്പിച്ചത്. 'സത്യത്തിനൊപ്പമേ ഞാൻ നിൽക്കൂ. മകൾ ഇങ്ങനെയൊരു ബന്ധത്തിൽ പെട്ടതിന്റെ അമ്പരപ്പിലാണു ഞാൻ.. എന്നും സ്വപ്നയുടെ 'അമ്മ പറഞ്ഞിരുന്നു. ഇതും കസ്റ്റംസിന് മുമ്പിൽ അമ്മ ആവർത്തിച്ചിട്ടുണ്ട്.
ഇതിന് മുമ്പ് ശിവശങ്കറിനെ കുരുക്കിലാക്കുന്ന മൊഴിയാണ് ചാർട്ടേഡ് അക്കൗണ്ടന്റ് നൽകിയത്. സ്വപ്നയെ തനിക്ക് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് എൻഫോഴ്സ്മെന്റിന് മൊഴി നൽകിയിരുന്നു. സ്വപ്നയുമായി ചേർന്ന് ബാങ്ക് ലോക്കർ തുറക്കണമെന്ന് ശിവശങ്കർ ആവശ്യപ്പെട്ടതായും ചർച്ചകൾ അവസാനിക്കും വരെ ശിവശങ്കറും സ്വപ്നയ്ക്ക് ഒപ്പമുണ്ടായിരുന്നുവെന്നും ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയിലുണ്ട്. എന്നാൽ സ്വപ്നയെ ചാർട്ടേഡ് അക്കൗണ്ടന്റിന് പരിചയപ്പെടുത്തിയ ശേഷം താൻ മടങ്ങിയെന്നായിരുന്നു ശിവശങ്കറിന്റെ മൊഴി. ഈ വൈരുധ്യം കണക്കിലെടുത്താണ് ചാർട്ടേഡ് അക്കൗണ്ടന്റിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.
കേസന്വേഷിക്കാൻ ദുബായിൽ പോയ എൻഐഎ സംഘം തിരികെയെത്തിയ ശേഷം സ്വപ്ന, സന്ദീപ് നായർ, കെ.ടി.റമീസ് എന്നിവരെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസറുടെ മൊഴിയും എൻഐഎ വീണ്ടും രേഖപ്പെടുത്തും. കോൺസുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്സലുകളെക്കുറിച്ചു സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗത്തിന് ഒരു വിവരവും ലഭിച്ചിരുന്നില്ലെന്നാണ് ആദ്യമൊഴി. എൻഐഎ ആവശ്യപ്പെട്ടതു പ്രകാരമാണ് സംസ്ഥാന അസി. പ്രോട്ടോക്കോൾ ഓഫിസർ എം.എസ്. ഹരികൃഷ്ണൻ കഴിഞ്ഞദിവസം എൻഐഎയുടെ കൊച്ചി ഓഫിസിൽ നേരിട്ടെത്തി മൊഴി നൽകിയത്.
പ്രോട്ടോക്കോൾ വിഭാഗത്തിലെ ഫയലുകൾ എൻഐഎ ആവശ്യപ്പെട്ടിരുന്നെങ്കിലും ലഡ്ജർ അടക്കമുള്ള ചില രേഖകളാണു ഹാജരാക്കിയത്. എന്നാൽ ഹരികൃഷ്ണനും സ്വപ്നയും അടുത്ത സുഹൃത്തുക്കളാണെന്ന സംശയം എൻഐഎയ്ക്കുണ്ട്. അതുകൊണ്ടാണ് രേഖകൾ നൽകാത്തതെന്ന സംശയവും ഉണ്ട്. മറ്റു രേഖകൾ കൈമാറാൻ സാവകാശവും തേടി. നികുതിയിളവിനു സമർപ്പിച്ച അപേക്ഷ, അതിൽ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ വിവരങ്ങൾ, നയതന്ത്ര പാഴ്സൽ കൊണ്ടുവരുന്നതു സംബന്ധിച്ച കൈപ്പുസ്തകത്തിലെ മാർഗരേഖ എന്നിവയാണ് അന്വേഷണ സംഘം ചോദിച്ചറിഞ്ഞത്.
മുൻ കാലത്തു നികുതിയിളവിനു സർട്ടിഫിക്കറ്റ് വാങ്ങിയിരുന്ന വസ്തുക്കൾക്കു പോലും സമീപകാലത്തു യുഎഇ കോൺസുലേറ്റ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ടില്ലെന്നും അറിയിച്ചു. പി.എസ്.സരിത്തും സ്വപ്നയും കോൺസുലേറ്റിൽനിന്നു വിട്ടുപോയ കാര്യം സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗത്തെ അറിയിച്ചിരുന്നില്ലെന്ന മൊഴിയും കിട്ടിയതായി സൂചനയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ