- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ്ണ കടത്തിൽ ഹംസദ് അബ്ദു സലാം; കുഴൽപ്പണത്തിന് പുല്ലറ കുഞ്ഞുമോൻ'; റമീസിന് പണം നൽകിയതും സ്വർണം വാങ്ങിയതും ാെരാൾ; ഒന്നും അറിയില്ലെന്ന ശിവശങ്കര മൊഴിയും വിശ്വാസത്തിൽ എടുക്കാനാകില്ല; നയതന്ത്ര പാഴ്‌സൽ കടത്ത് ഏകോപിപ്പിച്ചത് റമീസ് തന്നെ; കസ്റ്റംസ് കണ്ടെത്തുലകളിൽ നാലു സംഘങ്ങൾ
കൊച്ചി: നയതന്ത്ര പാഴ്‌സലിൽ ദുബായിൽനിന്നു 21 തവണയായി കടത്തിയത് 167 കിലോ സ്വർണം. ഇതിന് പിന്നലെ സൂത്രധാരൻ കെടി റമീസായിരുന്നു. റമീസിന് സ്വർണം വാങ്ങാനാവശ്യമായ കള്ളപ്പണം വിദേശത്തു കുഴൽപണമായി എത്തിച്ചത്'പുല്ലറ കുഞ്ഞുമോൻ' എന്ന വ്യക്തിയും. റമീസിന്റെ പങ്കാളിയായി 11 കിലോഗ്രാം സ്വർണം വാങ്ങിയ ഹംസദ് അബ്ദു സലാം അറസ്റ്റിലായിരുന്നു. അന്വേഷണത്തിൽ ഇയാളാണ് പുല്ലറ കുഞ്ഞുമോൻ എന്ന് കണ്ടെത്തുകയും ചെയ്തു.
മലബാർ കേന്ദ്രീകരിച്ചു കള്ളക്കടത്ത് സ്വർണം ഇറക്കുന്ന 4 റാക്കറ്റുകളിൽ ഒന്നിലെ മുഖ്യപങ്കാളിയാണ് ഹംസദ്. ദുബായിൽ എൻഐഎ നേരിട്ടു നടത്തിയ അന്വേഷണത്തിലാണു കുഴൽപണം എത്തിക്കുന്ന കുഞ്ഞുമോന്റെ വിവരം ലഭിക്കുന്നത്. തുടർന്ന് ദുബായിലും കേരളത്തിലും ഏജൻസികൾ നടത്തിയ വിശദമായ അന്വേഷണത്തിലാണു ഹംസദും കുഞ്ഞുമോനും ഒരാളാണെന്നു മനസ്സിലായത്. കുഴൽപണക്കാർക്കിടയിൽ കുഞ്ഞുമോനെന്നും സ്വർണക്കടത്തുകാർക്കിടയിൽ ഹംസദെന്നുമുള്ള പേരുകളിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്.
സ്വർണക്കടത്തിന്റെ ആദ്യഘട്ടത്തിൽ 5 കിലോഗ്രാമിൽ കുറഞ്ഞ അളവിലാണു സ്വർണം ഒളിപ്പിച്ചിരുന്നത്. പിന്നീടു സ്വപ്ന സുരേഷിന്റെ നിർദേശപ്രകാരം അളവു വർധിപ്പിക്കാൻ റമീസ് നിർബന്ധിതനായി. ഇങ്ങനെയാണ് ഒന്നിലധികം കള്ളക്കടത്തു സംഘങ്ങളെ ഒരുമിപ്പിച്ചു സ്വർണം കടത്താൻ തീരുമാനിച്ചത്. ഇങ്ങനെ ഒരുമിപ്പിച്ച 4 സംഘങ്ങൾക്കു വേണ്ടി കടത്തിയ 30 കിലോഗ്രാം സ്വർണമാണു 2020 ജൂലൈ ഒന്നിനു കസ്റ്റംസ് പിടികൂടിയത്. കൂടുതൽ സംഘങ്ങളെ കള്ളക്കടത്തിൽ പങ്കാളികളാക്കിയതോടെയാണ് യുഎഇ കോൺസുലേറ്റ് കേന്ദ്രീകരിച്ചു നടത്തിയ നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തിന്റെ വിവരം ചോർന്നതെന്നാണു റമീസിന്റെ മൊഴി.
നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തുകൾ ഏകോപിപ്പിച്ചതു കെ.ടി. റമീസായെിരുന്നു. സ്വർണക്കടത്തുകാർക്കും സ്വപ്ന, സരിത്, സന്ദീപ് എന്നിവർക്കുമിടയിലുള്ള ഏക കോൺടാക്ട് പോയിന്റാണു റമീസെന്നും സ്വർണക്കടത്തു കേസിലെ കാരണം കാണിക്കൽ നോട്ടിസിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പറയുന്നു. കള്ളക്കടത്തു കാര്യങ്ങൾ ചർച്ച ചെയ്യാൻ റമീസ് സ്വന്തം ഫോൺ ഉപയോഗിച്ചില്ല. സുഹൃത്തായ എം.എം. പ്രശാന്തിന്റെ ഫോണും പ്രശാന്ത് വഴി സംഘടിപ്പിച്ച സിം കാർഡുമാണുപയോഗിച്ചത്. എ.എം. ജലാൽ, പി. മുഹമ്മദ് ഷാഫി, എടക്കണ്ടൻ സെയ്തലവി, പി.ടി. അബ്ദു എന്നിവരെ സ്വർണക്കടത്തു നിക്ഷേപകരെന്ന നിലയിൽ സംഘത്തിലേക്കെത്തിച്ചതു റമീസാണ്. ഇവർ, പിന്നീടു മറ്റുള്ളവരെയും സംഘത്തിലെത്തിക്കുകയായിരുന്നു.
സ്വർണം അടങ്ങിയ പാഴ്‌സലുകളിൽ ആറാമത്തേതു സംശയം തോന്നി ദുബായ് കസ്റ്റംസ് മടക്കിയിരുന്നു. തുടർന്ന്, പി. മുഹമ്മദ് ഷാഫി, മുഹമ്മദ് ഷമീർ, മുഹമ്മദ് അസ്ലം, യുഎഇ പൗരനായ ദാവൂദ് മഹമ്മദ് അൽ ഹർബി എന്നയാളുമായി റമീസ് ചർച്ച നടത്തിയിട്ടുണ്ട്. യുഎഇ പൗരൻ പാഴ്‌സൽ ഏൽപിച്ചാൽ, ദുബായ് കസ്റ്റംസിന്റെ കർശന പരിശോധന ഒഴിവാക്കാമെന്നു സംഘം വിലയിരുത്തി. തുടർന്ന്, യുഎഇ പൗരനായ ദാവൂദ് മഹമ്മദ് അൽ ഹർബി എന്നയാളാണ് 6 മുതൽ 17 വരെയുള്ള പാഴ്‌സലുകൾ അയച്ചത്. ഇതിനിയാൾക്കു കള്ളക്കടത്തു സംഘം പ്രതിഫലം നൽകിയിട്ടുണ്ട്.
പ്രോട്ടോക്കോൾ നിബന്ധനകൾ ലംഘിച്ച് യുഎഇ കോൺസുലേറ്റ് മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബിയും മുഖ്യമന്ത്രി പിണറായി വിജയനുമായി പലതവണ കൂടിക്കാഴ്ച നടത്തിയെന്നു നോട്ടിസിൽ പറയുന്നു. 'കോൺസൽ ജനറലിന്റെയും മുഖ്യമന്ത്രിയുടെയും വീടുകളിൽ നടന്ന ഈ കൂടിക്കാഴ്ചകളിൽ സ്വപ്നയും ശിവശങ്കറും പങ്കെടുത്തിരുന്നു.' കസ്റ്റംസ് തടഞ്ഞുവച്ച പാഴ്‌സൽ വിട്ടുകിട്ടുന്നതിനായി എയർ കാർഗോ കോംപ്ലക്‌സ് കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറെ വിളിക്കാൻ സ്വപ്ന ജൂലൈ ഒന്നിനു ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സരിത്തിന്റെ സുഹൃത്ത് അയച്ച ഡോർ സ്റ്റോപ്പറുകളും സ്പീക്കറുകളുമടങ്ങിയ പാഴ്‌സൽ തടഞ്ഞുവച്ചതായി ജൂലൈ നാലിനു സ്വപ്ന ശിവശങ്കറിനോടു പറഞ്ഞിട്ടുണ്ട്. സ്വപ്നയുമായും കോൺസൽ ജനറലുമായും അടുത്ത ബന്ധം പുലർത്തിയെന്നു മൊഴികളിൽ നിന്നു വ്യക്തമായതിനാൽ, സ്വർണക്കടത്തിനെ പറ്റി അറിഞ്ഞിരുന്നില്ലെന്ന ശിവശങ്കറിന്റെ മൊഴി വിശ്വസനീയമല്ലെന്നും കസ്റ്റംസ് പറയുന്നു.
പൂവാർ സഹകരണ ബാങ്ക്, മുട്ടത്തറ സഹകരണ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവിടങ്ങളിലായി സ്വപ്നയ്ക്കു 44.67 ലക്ഷംരൂപയുടെ സ്ഥിരനിക്ഷേപമുണ്ട്. ഇതെല്ലാം സ്വർണക്കടത്തിൽ നിന്നു ലഭിച്ച പ്രതിഫലമെന്ന നിലയിൽ കണ്ടുകെട്ടലിനു വിധേയമാണ്. സരിത്തിൽ നിന്നു സ്വർണമടങ്ങിയ പാഴ്‌സലുകൾ ഏറ്റുവാങ്ങിയതു സന്ദീപാണ്. പാഴ്‌സലുകളിലുണ്ടായിരുന്ന വാട്ടർ പ്യൂരിഫയർ, സ്പീക്കറുകൾ, ഇലക്ട്രിക് മോട്ടറുകൾ, മൈക്രോവേവ് അവൻ തുടങ്ങിയ സാധനങ്ങൾ സന്ദീപിന്റെ വീട്ടുവളപ്പിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. റമീസിനും റമീസ് പരിചയപ്പെടുത്തിയവർക്കും സ്വർണം കൈമാറിയതു സന്ദീപാണ്.-കസ്റ്റംസ് കുറ്റാരോപണത്തിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ