സംസ്ഥാനത്തെ സെക്രട്ടേറിയേറ്റിൽ പുതിയ മുഖ്യമന്ത്രിയും മന്ത്രിമാരും വന്നുചേർന്നിട്ട് രണ്ടാഴ്ച കഴിഞ്ഞു. വകുപ്പു മാറ്റവും ഉദ്യോഗസ്ഥ ക്രമീകരണവും ചെയ്തുവരുന്നതിനിടയിൽ സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥരെ വിളിച്ചുചേർത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ചില കാര്യങ്ങൾ പറഞ്ഞു. ഉദ്യോഗസ്ഥർക്കു നൽകിയ താക്കീതെന്നും നിർദ്ദേശമെന്നും ഉപദേശമെന്നും തുടങ്ങി പലവിധ വ്യാഖ്യാനങ്ങളും അവയ്ക്കുണ്ടായി. നവകേരളം സൃഷ്ടിക്കാനായി നടത്തുന്ന ഭരണ പരിഷ്‌ക്കാരങ്ങളുടെ തുടക്കമായി ഇതിനെ പുകഴ്‌ത്തി പറഞ്ഞവരുമുണ്ട്.

ഉദ്യോഗസ്ഥർ ഏതുതരത്തിൽ ജോലി ചെയ്യണമെന്നു തുടക്കത്തിൽതന്നെ പറഞ്ഞുകൊടുത്തതും അനുസരണയുള്ള ഉദ്യോഗസ്ഥകൂട്ടത്തെ രൂപപ്പെടുത്തുന്നതും നല്ലതുതന്നെ. ഇവിടെ നിലനിൽക്കുന്നത് ഡെമോക്രസിയാണ്; ബ്യൂറോക്രസിയല്ല എന്ന ന്യായീകരണവുമാകാം. പാർലമെന്ററി ഭരണ സംവിധാനത്തിൽ സർക്കാരിന്റെ തലവൻ മുഖ്യമന്ത്രിയാണ്. സാങ്കേതികമായി സംസ്ഥാനത്തിന്റെ തലവൻ ഗവർണറും. ഭരണഘടനയ്ക്കും നിയമത്തിനുമപ്പുറമുള്ള രാഷ്ട്രീയ നേതൃത്വമാണ് സർക്കാർ ഭരണത്തിനു ചുക്കാൻ പിടിക്കുന്നതെന്ന് ലളിതമായി പറയാം. ഭൂരിപക്ഷരാഷ്ട്രീയ കക്ഷിയോ മുന്നണിയോ ഭരണം നടത്തുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന ലക്ഷ്യമാകയാൽ സർക്കാർ നയത്തെ ജനങ്ങളുടെ അഭിപ്രായമായി വ്യാഖ്യാനിക്കുകയുമാകാം. തുല്യതാ ചിഹ്‌നത്തിന്റെ ഒരുവശത്ത് ജനാധിപത്യവും മറുവശത്ത് ജനങ്ങളും കൃത്യമായ സ്ഥാനങ്ങളിലിരിക്കുമ്പോൾ സർക്കാർ നയം ജനങ്ങൾക്ക് പ്രയോജനമായിത്തീരുകയും ചെയ്യും.

ചായ കുടിച്ചും ഊണുകഴിച്ചും സമയം കളയാനുള്ളതല്ല സെക്രട്ടേറിയേറ്റ് എന്ന് മുഖ്യമന്ത്രി പറഞ്ഞതിൽ ആവേശം കൊള്ളുന്നവരുമുണ്ടാകാം. എന്നാൽ രാഷ്ട്രീയ മാറ്റം നടന്നുകഴിയുമ്പോൾ സർക്കാർ നയങ്ങളിലുണ്ടാകുന്ന മാറ്റത്തിന്റെ ഭാഗമായി മുഖ്യമന്ത്രി തന്നെ തന്റെ പ്രസംഗത്തെ വ്യാഖ്യാനിച്ചത് ശരിയായില്ല. കാരണം കേരളാ നിയമസഭ പാസാക്കിയ നിയമമാണ് അദ്ദേഹം മറ്റൊരു രീതിയിൽ പറഞ്ഞത്. 2012 ലെ കേരള സംസ്ഥാന സേവനാവകാശ നിയമം സർക്കാർ ഉദ്യോഗസ്ഥർ ജോലിയിൽ കാര്യക്ഷമത കാണിക്കണമെന്ന സദുദ്ദേശ്യത്തോടെ നിലവിൽ വന്നതാണ്.

സേവനാവകാശ നിയമം മറച്ചുവച്ചുകൊണ്ട് ഏതോ പുതിയ കാര്യങ്ങൾ ആദ്യമായി പറയുകയാണെന്ന ഭാവത്തോടെയാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തു പാസാക്കിയതാണെങ്കിലും പുതിയ സർക്കാർ വന്നാലും നിയമത്തിൽ വ്യത്യാസം വരുന്നില്ല. അത് എല്ലാവർക്കുമറിയാം. പിന്നെന്തേ സേവനാവാകാശ നിയമത്തെക്കുറിച്ച് പറയാൻ മുഖ്യമന്ത്രി സങ്കോചം.

നിശ്ചിത സമയ പരിധിക്കുള്ളിൽ പൊതുജനങ്ങൾക്ക് സേവനം പ്രധാനം ചെയ്യുന്നതിനും അതുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങളുമാണ് കേരള സംസ്ഥാന സേവനാവകാശ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. സർക്കാർ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും മറ്റ് നിയമാധിഷ്ഠിതമായ സ്ഥാപനങ്ങളും പ്രസ്തുത നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്. സേവനാവകാശ നിയമത്തിന്റെ വ്യവസ്ഥയനുസരിച്ച് പിഴശിക്ഷ ചുമത്തപ്പെടാവുന്ന രണ്ടു സാഹചര്യങ്ങളാണുള്ളത്. 1. ന്യായമായ കാരണങ്ങളില്ലാതെ സേവനം നൽകാതിരിക്കുക, 2. സേവനം നിശ്ചിത സമയപരിധിക്കകം നൽകാതിരിക്കുക.

ന്യായമായ കാരണങ്ങളില്ലാതെ സേവനം നൽകാതിരുന്നാൽ നിയുക്ത ഓഫീസർക്കെതിരെ 500 രൂപാ മുതൽ 5000 രൂപാവരെ പിഴ ചുമത്താവുന്നതാണ്. സേവനം നൽകാൻ വൈകിയത് ന്യായമായ കാരണങ്ങളില്ലാതെയാണെങ്കിൽ വൈകിയ ഓരോ ദിവസത്തിനും ആ ഓഫീസർക്കെതിരെ 250 രൂപാനിരക്കിൽ പരമാവധി 5000 രൂപ വരെ പിഴ ചുമത്താം. അതിനു പുറമെ സർവീസ് നിയമങ്ങളുനുസരിച്ചുള്ള നടപടികളുമാകാം.

ഇത്തരത്തിൽ, സേവനം ജനങ്ങളുടെ അവകാശവും ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വവുമാക്കി ഭദ്രമായ രീതിയിൽ നിലനിൽക്കുന്ന നിയമമാണ് വളച്ചുകെട്ടിയ ഭാഷയിൽ മുഖ്യമന്ത്രി വിശദീകരിച്ചത്. ഇതിനു പകരം സേവനാവകാശ നിയമം കൃത്യമായും പഴുതില്ലാതെയും നടപ്പിലാക്കുമെന്ന ഒറ്റ വാചകം മുഖ്യമന്ത്രി പറഞ്ഞിരുന്നുവെങ്കിൽ നിയമത്തെ ബഹുമാനിക്കുന്ന ഭരണാധിപനായും വിമർശനത്തിനിട നൽകാതെ നയം വ്യക്തമാക്കുന്ന നേതാവായും പ്രശംസിക്കപ്പെട്ടേനേ.

പുതിയ നിയമങ്ങൾ നിർമ്മിക്കുകയും നിലവിലെനിയമങ്ങൾ പരിഷ്‌ക്കരിക്കുകയും പൊതു താൽപര്യ പ്രകാരം പെരുമാറുകയും നിയമ സഭയെ ബഹുമാനിക്കുകയും ചെയ്യുക എന്നത് കൃത്യമായി നിർവചിക്കപ്പെട്ടിട്ടുള്ള ജോലിയും സേവനവുമാണ് സാമാജികരിൽ ഉണ്ടാകേണ്ടത്. സാമാജികരിൽ നിന്നു തെരഞ്ഞെടുക്കപ്പെടുന്ന മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും കടമകൾ പലതാണ്. നിർമ്മിക്കപ്പെട്ടിരിക്കുന്ന നിയമങ്ങളുടെ നീതിനിർവഹണവും പരിരക്ഷയും ഇവരിൽ അർപ്പിക്കപ്പെട്ടിരിക്കുന്ന വലിയ ചുമതലകളാണ്. അതുകൊണ്ടുതന്നെ സവിശേഷമായ വസ്തുതകളെക്കുറിച്ച് അഭിപ്രായവും നിർദ്ദേശവും നൽകുമ്പോൾ നിലവിൽ പ്രസ്തുത വിഷയത്തെ സംബന്ധിച്ച് നിയമമുണ്ടെങ്കിൽ അതാണ് ആദ്യം പറയേണ്ടത്. നിയമ ലംഘനം നടത്തരുതെന്നാണ് കർക്കശ ഭാഷയിൽ നിർദ്ദേശിക്കേണ്ടത്. നിയമലംഘനത്തിന്റെ ശിക്ഷ ഓർമ്മപ്പെടുത്തുകയും വേണം. ശിക്ഷക്കു പ്രാധാന്യമുള്ളതുകൊണ്ടാണ് നിയമങ്ങളെ ശിക്ഷാ നിയമങ്ങളെന്ന് അടിവരയിട്ടു പറയുന്നത്. നിയമ വാഴ്ചയുള്ള സമൂഹത്തിൽ അതിന്റെ ഉപരിയായി നിൽക്കുന്ന ഉദ്യോഗസ്ഥർക്കു പകരം അതിനു വിധേയരായി നിൽക്കുന്ന ഉദ്യോഗസ്ഥരായി മാറണമെന്ന മുന്നറിയിപ്പെങ്കിലും മുഖ്യമന്ത്രി നൽകണമായിരുന്നു.

സർക്കാർ നയങ്ങളെ മാറ്റം വരുത്താൻ മന്ത്രി സഭക്ക് അധികാരമുണ്ട്. കോടതി പോലും ഇടപെടില്ല. എന്നാൽ നിയമം ഭേദഗതി ചെയ്യാൻ മന്ത്രിസഭയ്ക്കല്ല നിയമസഭയ്ക്കാണ് അധികാരം. നിയമസഭയിൽ അവതരിപ്പിക്കപ്പെടുന്ന ബില്ലുകളാണ് നിയമമായി മാറുന്നത്. ഉദാത്തമായ ലക്ഷ്യത്തോടെയും സാധാരണ ജനങ്ങൾക്ക് ലളിതമായ രീതിയിൽ സേവനം ലഭിക്കണമെന്നുള്ള സദുദ്ദേശ്യത്തോടെ നിർമ്മിക്കപ്പെട്ടിരിക്കുന്ന നിയമം ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തായതുകൊണ്ട് ഉറക്കെ പറഞ്ഞില്ലെങ്കിലും അതു നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. പിതാവുള്ളപ്പോൾ പിതൃശൂന്യനെന്ന് പറയുന്നത് ജനാധിപത്യ മര്യാദയാണോ എന്ന് പരിശോധിക്കേണ്ടതും ഉത്തരം നൽകേണ്ടതും ജനങ്ങളാണ് എന്നുമാത്രമേ ഇക്കാര്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കാനുള്ളു.

ഉദ്യോഗസ്ഥരോടു നടത്തിയ നിർദ്ദേശങ്ങളുടെ ഉദ്ദേശ ശുദ്ധിയിൽ സംശയിക്കയല്ല ഇനി പറയുന്ന കാര്യങ്ങളിൽ. അലസരായും കഥപറഞ്ഞും പ്രവർത്തിസമയം ചെലവഴിക്കുന്ന സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ എത്ര ശതമാനമുണ്ടാകാം. ഭൂരിപക്ഷവും ഫയലിനു പിന്നിൽ കസേരയിൽ അമർന്നിരുന്ന് ജോലിചെയ്യാൻ ശ്രമിക്കുന്നവരാണ് എന്ന നല്ല ചിന്തയിൽ വിഷയത്തെ സമീപിക്കുന്നതാണ് പ്രായോഗികം. കാരണം മന്ത്രിയിൽ നിന്നു തുടങ്ങി അഡീഷണൽ ചീഫ് സെക്രട്ടറിയിലൂടെ സെക്രട്ടറി, സ്‌പെഷ്യൽ സെക്രട്ടറി, അഡീ. സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, അണ്ടർ സെക്രട്ടറി, സെക്ഷൻ ഓഫീസർ, അസിസ്റ്റന്റ് തുടങ്ങി വളരെ നീണ്ട ഉദ്യോഗസ്ഥ വഴികളിലൂടെ അവരുടെ മേശപ്പുറത്തുകൂടി ഒരു ഫയൽ നീങ്ങി വരുന്നതിനുള്ള കാലതാമസം മാറ്റുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. ഇഭരണം ( ഇഗവേൺസ്) നടപ്പിലാക്കുക എന്ന ഒറ്റമൂലിയുണ്ടെന്ന് പറയുമ്പോൾ താഴെ നിന്നു മുകളിൽ മന്ത്രിയുടെ അരികിലേക്കും അവിടെ നിന്നു താഴേക്കും വീണ്ടും മുകളിലേക്കുമുള്ള ഫയലിന്റെ സഞ്ചാരം ഒഴിവാക്കുക എന്നതുമാത്രമാണ് കാലതാമസം മാറ്റാനുള്ള ഏക പരിഹാരം.

സെക്രട്ടേറിയറ്റിനു പുറത്തുള്ള സർക്കാർ ഓഫീസുകളിലാണ് കൂടുതൽ പരിഷ്‌ക്കരണവും സുതാര്യതയും വേണ്ടതെന്ന കാഴ്ചപ്പാടാണ് സാധാരണക്കാർക്കുള്ളത്. വില്ലേജ് ഓഫീസടക്കമുള്ള സാധാരണക്കാർ നിത്യേന കയറിയിറങ്ങുന്ന ഓഫീസുകളും പ്രാഥമികാരോഗ്യകേന്ദ്രങ്ങളും നൽകുന്ന സേവനം പരിശോധിക്കാൻ സർക്കാർ തയാറാകണം. ഉദ്യോഗസ്ഥ ഭരണമല്ല, ജനാധിപത്യ ഭരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ പുതിയ മുഖ്യമന്ത്രിയുടെ വാക്കുകൾ ആഹഌദം പകരുന്നതാണ്. പക്ഷേ, ജനാധിപത്യത്തിലെ ഏകാധിപതിയാകാൻ ശ്രമിക്കരുതെന്നുമാത്രം.

(തിരുവനന്തപുരം ഡി.സി.സി. ജനറൽ സെക്രട്ടറിയാണ് സ്വപ്‌നാ ജോർജ്)