തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖയിൽ അന്വേഷണം വേണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇക്കാര്യം ആവശ്യപ്പെട്ട് ഇഡി ജയിൽ ഡിജിപിക്ക് കത്ത് നൽകി. ശബ്ദരേഖ ചോർന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഇഡി കത്തിൽ ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര ഏജൻസിയെ വിമർശിക്കുന്ന ശബ്ദരേഖ സ്വപ്നയുടെ ശബ്ദമാണെന്ന് ഉറപ്പിക്കാനാവുന്നില്ലെന്നാണ് ജയിൽ ഡിഐജിയുടെ റിപ്പോർട്ടിൽ പറയുന്നത്. ഉറവിടം കണ്ടെത്തണമെന്ന ജയിൽ വകുപ്പിന്റെ ആവശ്യത്തിൽ അന്വേഷണം തുടങ്ങാൻ പൊലീസും തയാറായിട്ടില്ല. തന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന് മാത്രമാണ് സ്വപ്നയുടെ മൊഴി. പ്രാഥമിക അന്വേഷണം നടത്തിയശേഷം ജയിൽ ഡിഐജി പറഞ്ഞത് ശബ്ദം സ്വപ്നയുടേത് തന്നെയെന്നാണ്. എന്നാൽ അദ്ദേഹം ജയിൽ മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നതു ശബ്ദം സ്വപ്നയുടേതാണെന്ന് ഉറപ്പിച്ചിട്ടില്ലെന്നാണ്.

എപ്പോൾ, ആരോട് പറഞ്ഞെന്ന് ഉറപ്പിക്കാൻ സാധിക്കാത്തതിനാൽ പൊലീസ് അന്വേഷണത്തിലൂടെയെ സ്ഥിരീകരിക്കാനാവൂ എന്നും പറയുന്നു. ജയിൽ വകുപ്പ് കയ്യൊഴിഞ്ഞതോടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പൊലീസും തയാറായിട്ടില്ല. വ്യാജ ശബ്ദരേഖയെന്ന് സ്വപ്നയോ ജയിൽ വകുപ്പോ പറയാത്തതിനാൽ പുറത്തായതിൽ കുറ്റകൃത്യമില്ല. അതിനാൽ എജിയുടെ നിയമോപദേശം ലഭിച്ചാൽ മാത്രം നടപടിയെയെന്ന് പറഞ്ഞ് പൊലീസും കൈ മലർത്തുകയാണ്.

ശബ്ദത്തിൽ അന്വേഷണം കൂടിയേ തീരുവെന്നാണ് ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്റെ നിലപാട്. എന്നാൽ അന്വേഷണം വേണ്ടെന്ന് പൊലീസും പറയുന്നു. അതിനിടെ ഓഡിയോയുടെ നിജസ്ഥിതി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. എം. ശിവശങ്കറിനൊപ്പം 'ഒക്ടോബറിൽ യുഎഇയിൽ പോയി സിഎമ്മിനു വേണ്ടി ഫിനാൻഷ്യൽ നെഗോസ്യേഷൻസ് ചെയ്തിട്ടുണ്ട്' എന്ന് ഏറ്റുപറയാൻ നിർദ്ദേശം ലഭിച്ചെന്നാണു ശബ്ദസന്ദേശത്തിലുള്ളത്.

ശബ്ദ സന്ദേശത്തിലെ 3 പരാമർശങ്ങളുടെ ചുവടുപിടിച്ചാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം. 'ഇന്ന് എന്റെ വക്കീൽ പറഞ്ഞത്...' എന്ന് സ്വപ്ന പറയുന്നുണ്ട്. ഇതിനൊപ്പം 'അവർ ഒരു കാരണവശാലും ആറാം തീയതി മുതലുള്ള സ്റ്റേറ്റ്മെന്റ്സ് വായിക്കാൻ തന്നില്ല.' എന്നും വിശദീകരിക്കുന്നു. 'ചുമ്മാ പെട്ടെന്നു പെട്ടെന്നു സ്‌ക്രോൾ ചെയ്തിട്ട് എന്റെ അടുത്ത് ഒപ്പിടാൻ പറഞ്ഞു.' എന്നാണ് കുറ്റപ്പെടുത്തൽ. അതുകൊണ്ട് തന്നെ സ്വപ്ന തന്റെ വക്കീലിനോടു സംസാരിച്ച അതേ ദിവസമായിരുന്നു ഈ സംഭാഷണം എന്ന് കേന്ദ്ര ഏജൻസികൾ വിലയിരുത്തുന്നു. മാസം വ്യക്തമല്ലെങ്കിലും ആറാം തീയതിയുൾപ്പെടെ മൊഴി രേഖപ്പെടുത്തിയ ഏജൻസിയെക്കുറിച്ചാണു പരാമർശം. മൊഴി കടലാസില്ല, കംപ്യൂട്ടറിലാണു കാണിച്ചതെന്ന സൂചനയും ഇതിലുണ്ട്.

എന്നാൽ സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തുവന്ന സംഭവത്തിൽ അന്വേഷണത്തിന് സാധ്യതയില്ലെന്ന് പൊലീസിന്റെ വിലയിരുത്തുന്നു. നിയമലംഘനം നടന്നിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം. അന്വേഷണത്തിന് സാധ്യതയുണ്ടോയെന്ന് നിയമോപദേശം തേടും. ശബ്ദരേഖ വ്യാജമല്ലാത്തതിനാൽ കുറ്റകൃത്യമായി കണക്കാക്കാനാകില്ലെന്നാണ് പൊലീസിന്റെ നിലപാട്. സ്വപ്നയുടെ ശബ്ദരേഖ എങ്ങനെയാണ് വെബ്‌പോർട്ടലിന് ലഭിച്ചത്, ഇത് റെക്കോഡ് ചെയ്ത വ്യക്തി, തീയതി, സ്ഥലം ഇക്കാര്യങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ജയിൽ ഡിജിപി ഋഷിരാജ് സിങ്, പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കത്ത് നൽകിയത്. എന്നാൽ ഇക്കാര്യത്തിൽ അന്വേഷണത്തിന് സാധ്യത കുറവാണെന്ന വിലയിരുത്തലിലാണ് പൊലീസ്.

ശബ്ദരേഖ വ്യാജമല്ലെന്നും ഇതിലെ പരാമർശങ്ങൾ കുറ്റകൃത്യ സ്വഭാവമുള്ളതല്ലെന്നും അതിനാൽ തന്നെ ഇക്കാര്യത്തിൽ നിയമലംഘനമില്ല എന്ന വിലയിരുത്തലിലാണ് പൊലീസ്. കുറ്റകൃത്യം എന്ന നിലയിൽ ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ പരിമിതികളുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. എന്നാൽ ഇക്കാര്യത്തിൽ വിശദമായ നിയമോപദേശം തേടും. അതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ ഒരു തീരുമാനത്തിലേക്ക് പൊലീസ് പോകുക. ഇതിനിടെയാണ് കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങിയത്.

അതിനിടെ ഈ ശബ്ദത്തെ സിപിഎം രാഷ്ട്രീയ പ്രചരണത്തിനും ഉപയോഗിക്കുന്നുണ്ട്. കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത ചോദ്യം ചെയ്യാനാണ് ഇത്. അതുകൊണ്ട് തന്നെ വ്യക്തമായ അന്വേഷണം നടത്താനാണ് തീരുമാനം. കസ്റ്റംസ്, എൻഐഎ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയിൽ ഏത് ഏജൻസിയാണ് ആവശ്യപ്പെട്ടതെന്നോ ആരോടാണു സ്വപ്ന ഇതു പറയുന്നതെന്നോ സന്ദേശത്തിൽ വ്യക്തമല്ല. ഇക്കാര്യങ്ങളാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്.

സംസാര രീതിയനുസരിച്ച് വളരെ അടുപ്പവും വിശ്വാസവുമുള്ള ഒരാളോടാണു പറയുന്നതെന്ന നിഗമനത്തിലാണ് രഹസ്യാന്വേഷണ ഏജൻസികൾ. സ്വപ്ന സംസാരിക്കുമ്പോൾ ഇടയ്ക്കു മൂളുന്ന പുരുഷ ശബ്ദം വ്യക്തമായി കേൾക്കാം. നേരിട്ടു സംസാരിക്കുമ്പോൾ റെക്കോർഡ് ചെയ്തതാണെന്നാണു നിഗമനം. കൊഫെപോസ തടവുകാരിയായി തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ എത്തുന്നതിനു മുൻപുള്ള സന്ദേശമാണിതെന്ന് ജയിൽ വകുപ്പ് പറയുന്നു.

എറണാകുളം ജില്ലാ ജയിലിൽ വച്ചോ റിമാൻഡ് നീട്ടാൻ കോടതിയിൽ ഹാജരാക്കിയപ്പോഴോ സ്വപ്നയെ നേരിൽ കണ്ടു സംസാരിച്ച ആരോ റെക്കോർഡ് ചെയ്തു സൂക്ഷിച്ചതാണെന്നാണ് നിഗമനം. ജയിൽ രേഖകൾ പ്രകാരം അടുത്ത ബന്ധുക്കൾക്കു പുറമേ കസ്റ്റംസ്, ഇഡി, ലൈഫ് മിഷൻ കേസ് അന്വേഷിക്കുന്ന സംസ്ഥാന വിജിലൻസ്, വ്യാജബിരുദക്കേസ് അന്വേഷിക്കുന്ന ലോക്കൽ പൊലീസ് എന്നിവർ മാത്രമാണു സ്വപ്നയോടു നേരിൽ സംസാരിച്ചിട്ടുള്ളത്. ഇതിൽ ആരുടെയെങ്കിലും കൈയിൽ നിന്ന് സംഭാഷണം ചോരാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.