തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിർബന്ധിക്കുന്നതായി സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റേതായി പുറത്തുവന്ന ശബ്ദസന്ദേശത്തിൽ സർക്കാരിന് വൻ തിരിച്ചടി വരുന്നു. മുഖ്യമന്ത്രിയുടെ പേരു പറയാൻ അന്വേഷണ ഏജൻസികൾ നിർബന്ധിക്കുന്നെന്ന ശബ്ദരേഖ പ്രചരിപ്പിച്ചതിൽ സിബിഐ അന്വേഷണത്തിന് ഇ.ഡി ശുപാർശ ചെയ്തു. തന്റെ ശബ്ദരേഖ ശിവശങ്കർ ആസൂത്രണം ചെയ്തതാണെന്നും കേന്ദ്ര ഏജൻസികളുടെ അന്വേഷണം വഴിതെറ്റിക്കാനും മുഖ്യമന്ത്രിയെ കുടുക്കാൻ ശ്രമിക്കുന്നെന്ന് വരുത്തിതീർക്കാനുമായിരുന്നു ലക്ഷ്യമെന്നും സ്വപ്ന തുറന്നുപറഞ്ഞതിനെത്തുടർന്നാണ് സിബിഐ അന്വേഷണത്തിന് വഴി തുറന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്ന് സ്വപ്ന തുറന്നുപറഞ്ഞിട്ടുള്ളത് സർക്കാരിന് വെള്ളിടിയായി മാറാനാണ് സാദ്ധ്യത. സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഇ.ഡി കൊച്ചി ജോയിന്റ് ഡയറക്ടർ ഡൽഹിയിലെ ആസ്ഥാനത്തേക്ക് കത്തുനൽകി.

മൂന്ന് പൊലീസുകാരാണ് ശബ്ദരേഖയ്ക്ക് പിന്നിലെന്നാണ് ഇ.ഡി കണ്ടെത്തിയത്. ഇവർക്കെതിരെ കേസെടുക്കണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടെങ്കിലും, സുരക്ഷാചുമതലയുള്ള പൊലീസുകാരുടെ മൊഴിയെടുത്ത് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ രണ്ട് കേസുകളെടുക്കുകയാണ് പൊലീസ് ചെയ്തത്. ഇവ പിന്നീട് ഹൈക്കോടതി റദ്ദാക്കി. പിന്നീട് ഇ.ഡിക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ഇത് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. പൊലീസ് ഹൈടെക് സെൽ അന്വേഷിച്ചിട്ടും ശബ്ദസന്ദേശത്തിലുണ്ടായിരുന്നത് സ്വപ്നയുടെ ശബ്ദമാണോയെന്ന് തിരിച്ചറിയാനായിട്ടില്ല.

പൊലീസ് അസോസിയേഷന്റെ എറണാകുളം ജില്ലാ ഭാരവാഹിയായ വനിതാ കോൺസ്റ്റബിളും പാലാരിവട്ടം സ്‌റ്റേഷനിലെ മറ്റൊരു വനിതാ കോൺസ്റ്റബിളുമായിരുന്നു സ്വപ്നയ്ക്ക് എസ്‌കോർട്ട് ഡ്യൂട്ടി പോയിരുന്നത്. ജില്ലാ ഭാരവാഹി തൃപ്പൂണിത്തുറ സ്‌റ്റേഷനിലായിരുന്നു. ഓഫീസേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന ഭാരവാഹിയാണ് ഫോണിൽ പറയാനുള്ള കാര്യങ്ങൾ എറണാകുളത്ത് എത്തിച്ചതെന്ന് ഇ.ഡി പറയുന്നു. സ്വപ്നയ്ക്ക് പൊലീസുകാരിയുടെ ഫോൺ നൽകി അതിൽ പുറത്തേക്ക് വിളിപ്പിച്ച് സന്ദേശം വായിപ്പിച്ച് റെക്കോഡ് ചെയ്യുകയായിരുന്നു. പിന്നീടിത് അന്വേഷണ ഏജൻസികൾക്കെതിരെ പ്രചരിപ്പിക്കുകയായിരുന്നു. ശബ്ദസന്ദേശം റെക്കാർഡ് ചെയ്തവർക്കും അതിന് ഒത്താശ ചെയ്തവർക്കുമെതിരെ സിബിഐ അന്വേഷണം വേണമെന്നാണ് ഇ.ഡിയുടെ ആവശ്യം. സ്വപ്നയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വിശദമായ തുടരന്വേഷണം നടത്താനാണ് ഇ.ഡി, സിബിഐയ്ക്ക് ശുപാർശ നൽകിയിട്ടുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം നൽകിയതായും മൊഴി കൃത്യമായി വായിച്ചു നോക്കാൻ സാവകാശം നൽകാതെ മൊഴിപ്പകർപ്പിൽ ഒപ്പിട്ടുവാങ്ങിയതായും സ്വപ്ന പറയുന്നതാണ് ശബ്ദരേഖ. ശിവശങ്കറിനൊപ്പം ദുബായിൽ പോയി മുഖ്യമന്ത്രിക്കു വേണ്ടി 'ഫിനാൻഷ്യൽ നെഗോസ്യേഷൻ' നടത്തിയെന്നു പറയാൻ അന്വേഷണ ഏജൻസികൾ സമ്മർദ്ദം ചെലുത്തിയെന്നും ശബ്ദരേഖയിലുണ്ടായിരുന്നു. ഇതെല്ലാം തന്നെക്കൊണ്ടു വ്യാജമായി പറയിപ്പിച്ചതാണെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രിക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് പറയിക്കാൻ കേന്ദ്രഏജൻസികൾ സമ്മർദ്ദം ചെലുത്തിയില്ലെന്നാണ് ഇപ്പോൾ സ്വപ്ന പറയുന്നത്.

സ്വപനയുടെ അമ്മയും മക്കളും ഉൾപ്പടെ അഞ്ചു ബന്ധുക്കളും കസ്റ്റംസ്, ഇഡി, വിജിലൻസ് ഉദ്യോഗസ്ഥരും ജയിൽ ഉദ്യോഗസ്ഥരുല്ലാതെ മറ്റാരും സ്വപനയെ റിമാൻഡ് കാലത്ത് കണ്ടിട്ടില്ലെന്നും ജയിൽ അധികൃതർ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾക്ക് കാമറാ ദൃശ്യങ്ങൾ തെളിവാണെന്നും അത് അന്വേഷണ ഉദ്യോഗസ്ഥർക്ക് പരിശോധിക്കാമെന്നുമാണ് ജയിൽ ഉദ്യോഗസ്ഥർ ഇ.ഡിയോട് വെളിപ്പെടുത്തിയത്. മറ്റൊരു തടവുകാരിക്കൊപ്പമാണ് സ്വപ്ന സെല്ലിലുണ്ടായിരുന്നത്. സെല്ലിനു മുന്നിൽ വനിതാ ഉദ്യോഗസ്ഥയെ ഡ്യൂട്ടിക്ക് നിയോഗച്ചിരുന്നു. വനിതാ ജയിലിന്റെ കവാടത്തിൽ സായുധ പൊലീസുകാരെയും നിയോഗിച്ചിരുന്നു. ജയിലിന് പുറത്തും അകത്തുമുള്ള ക്യാമറ 24 മണിക്കൂറും പ്രവർത്തിക്കുന്നതായിരുന്നു. അതിനാൽ പൊലീസുകാരെ ഉപയോഗിച്ചല്ലാതെ ഇങ്ങനെയാരു ശബ്ദ സന്ദേശം റെക്കോർഡ് ചെയ്യാനാവില്ലെന്നാണ് ഇ.ഡി പറയുന്നത്.

കൊഫെപോസ ചുമത്തപ്പെട്ട് ജയിലിൽ കഴിയവേ സ്വർണക്കടത്ത് പ്രതി സ്വപ്നാ സുരേഷിന്റെ ശബ്ദരേഖ ചോർന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണസംഘം അട്ടക്കുളങ്ങര ജയിലിലെത്തി സ്വപ്നയുടെ മൊഴിയെടുത്തിരുന്നു. ഡിവൈ.എസ്‌പി ബിജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വപ്നയുടെ മൊഴിയെടുത്തത്. മറ്റാരാളിന്റെ ഫോണിൽ സ്വപ്ന സംസാരിച്ചത് റെക്കാർഡ് ചെയ്ത്, അതിൽ കേന്ദ്രഏജൻസികൾക്കെതിരായ ഭാഗമാണ് പുറത്തുവിട്ടതെന്നാണ് കണ്ടെത്തൽ. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിക്കുന്നതായാണ് ഓൺലൈൻ ചാനൽ സ്വപ്ന സുരേഷിന്റേതായി പുറത്തുവിട്ട ശബ്ദരേഖയിലുള്ളത്.

അതേസമയം, ഒരു വനിതയടക്കം രണ്ട് പൊലീസ് സംഘടനകളിലെ രണ്ട് നേതാക്കളാണ് ശബ്ദരേഖ റെക്കാർഡ് ചെയ്യലിന് പിന്നിലെന്നാണ് കേന്ദ്ര രഹസ്യാന്വേഷണവിഭാഗം കണ്ടെത്തിയത്. കൊച്ചിയിൽ വച്ച് സുരക്ഷാ ചുമതലയുള്ള വനിതാ സിവിൽ പൊലീസ് ഓഫീസറുടെ ഫോണിൽ നിന്ന് വിളിച്ചാണ് സ്വപ്നയുടെ ശബ്ദം റെക്കാർഡ് ചെയ്തത്. തിരുവനന്തപുരത്തെ ഒരു ഉന്നതൻ തയ്യാറാക്കി നൽകിയ കാര്യങ്ങൾ സ്വപ്ന അതേപടി ഫോണിൽ പറയുകയായിരുന്നു.

പൊലീസ് സംഘടനയുടെ മുതിർന്ന നേതാവാണ് കൊച്ചിയിൽ വേണ്ട ഏർപ്പാടുകൾ ചെയ്തത്. സ്‌പെഷ്യൽ ഡ്യൂട്ടികൾ മാത്രം ചെയ്യുന്ന കൊച്ചിയിലെ വനിതാ നേതാവാണ് തിരക്കഥ സ്വപ്നയെ ഏൽപ്പിച്ചത്. തന്റെ ഫോണിൽ നിന്ന് വിളിച്ചാൽ കുടുങ്ങുമെന്നതിനാൽ മറ്രൊരു പൊലീസുകാരിയുടെ ഫോണിൽ നിന്ന് സ്‌പെഷ്യൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനെ വിളിക്കുകയായിരുന്നു. ഈ ഫോൺവിളിയിൽ നിന്നാണ് കേന്ദ്രഏജൻസികൾക്കെതിരായ ഭാഗം എഡിറ്റ് ചെയ്‌തെടുത്ത് പ്രചരിപ്പിച്ചത്.

ശബ്ദരേഖ പുറത്തുവിട്ടത് അന്വേഷണം അട്ടിമറിക്കാനാണെന്നും പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും കസ്റ്റംസും ഇ.ഡിയും സംശയിക്കുന്നു. സ്വർണക്കടത്ത് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരിലേക്കു നീങ്ങുന്ന സാഹചര്യത്തിൽ അന്വേഷണം വഴി തെറ്റിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ശബ്ദരേഖ പുറത്തുവിട്ടതെന്ന് ഇ.ഡി പറയുന്നു.