തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിന്റെ ചട്ടപ്രകാരം തനിക്ക് ഇസ്തംബുളിലേക്കോ ഹൈദരാബാദിലേക്കോ സ്ഥലം മാറി പോകേണ്ടി വരുമെന്നു കള്ളം പറഞ്ഞാണു സ്വപ്‌ന സുരേഷ് പുതിയ ജോലിക്കായി എം. ശിവശങ്കറിന്റെ ശുപാർശയോടെ സ്‌പേസ് പാർക്ക് ഉദ്യോഗസ്ഥരെ സമീപിച്ചതെന്നു വ്യക്തമായി. ഇതിന് പിന്നിൽ ഗൂഢാലോചന വാദവും സജീവമാണ്. അച്ഛനു സുഖമില്ലാത്തതിനാൽ തിരുവനന്തപുരത്തു തന്നെ നിൽക്കേണ്ടതുണ്ടെന്നാണ് പറഞ്ഞത്. സ്വർണക്കടത്ത് സംഘത്തിൽപ്പെട്ടവർ ഇന്ത്യയുടെ നിർണായക ബഹിരാകാശ രഹസ്യങ്ങളും ചോർത്തിയെടുത്ത് വിദേശരാജ്യങ്ങൾക്കു വിറ്റതായി സംശയമുണ്ടെന്ന അഭ്യൂഹങ്ങൾക്കിയാണ് പുതിയ റിപ്പോർട്ടുകളുമെത്തുന്നത്..

കഴിഞ്ഞ വർഷം ഓഗസ്റ്റ് 12നാണ് സാമ്പത്തിക ക്രമക്കേടിനു കോൺസുലേറ്റിൽ നിന്നു പുറത്താകുന്നതിനു മുന്നോടിയായി സ്വപ്‌ന നോട്ടിസ് കാലാവധിയിൽ പ്രവേശിച്ചത്. ഇതേ സമയത്താണ് സ്‌പേസ് പാർക്ക് അധികൃതരുടെ അടുത്തു ജോലി തേടിച്ചെന്നത്. ലൈഫ് മിഷൻ ധാരണാപത്രം ഒപ്പിട്ട് കൃത്യം ഒരു മാസം തികയുമ്പോഴായിരുന്നു ഇത്. പുറത്താക്കപ്പെട്ട സ്വപ്‌നയ്ക്കു കോൺസുലേറ്റ് നൽകിയ ഗുഡ് സർവീസ് സർട്ടിഫിക്കറ്റും ഇതിനായി ഉപയോഗിച്ചു. എല്ലാത്തിനും പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നാണ് സൂചന. ഒരു കോൺസുലേറ്റിൽ ജോലി ചെയ്യുന്നവരെ മറ്റൊരിടത്തേക്ക് മാറ്റില്ല. എന്നിട്ടും സ്വപ്‌ന സ്ഥലം മാറ്റത്തെ കുറിച്ച് പറഞ്ഞത് സ്‌പെയ്‌സ് പാർക്കിൽ ജോലിക്ക് വേണ്ടിയാണോ എന്നതാണ് ഉയരുന്ന ചോദ്യം.

സ്വർണക്കടത്ത് സംഘത്തിൽപ്പെട്ടവർ ഇന്ത്യയുടെ നിർണായക ബഹിരാകാശ രഹസ്യങ്ങളും ചോർത്തിയെടുത്ത് വിദേശരാജ്യങ്ങൾക്കു വിറ്റതായി സൂചനയുണ്ടെന്ന വാർത്തകൾ നേരത്തെ ചർച്ചയായിരുന്നു. സസ്‌പെൻഷനിലുള്ള എം ശിവശങ്കറും സ്വപ്നാ സുരേഷും ബംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്ത് നിരന്തരം സന്ദർശനം നടത്തിയത് ഗൂഢോദ്ദേശത്തോടുകൂടിയാണെന്ന് എൻഐഎ കണ്ടെത്തിയെന്നായിരുന്നു വാർത്ത. ഇന്ത്യയുടെ സൂപ്പർ രഹസ്യാന്വേഷണ ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിങും (റോ) കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും ഇതു സംബന്ധിച്ചു കണ്ടെത്തിയ വിവരങ്ങൾ എൻഐഎയ്ക്ക് കൈമാറി. എൻഐഎയുടെ ഒരു പുതിയ അഞ്ചംഗസംഘം അന്വേഷണത്തിനായി ദുബായിലും എത്തിയിരുന്നു.

ഒരു എസ്‌പിയടക്കം രണ്ടംഗ എൻഐഎ സംഘം സ്വർണക്കടത്തു കേസിലെ മൂന്നാം പ്രതി ഫാരിസ് ഫൈസൽ, റബിൻസ്-റജിൻസ് സഹോദരന്മാർ, അലവി എന്നിവരെ ചോദ്യം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഫൈസൽ ഫരീദിനെ ചോദ്യം ചെയ്തുവെന്നാണ് സൂചന. ബംഗളൂരുവിലെ നിരന്തര സന്ദർശനങ്ങൾക്കിടെ ഇരുവരും ഐഎസ്ആർഒയിലെ ചില പ്രമുഖ ശാസ്ത്രജ്ഞരുമായി ബിഇഎൽ റോഡിലെ ഒരു നക്ഷത്ര ഹോട്ടലിൽ നിരന്തരം കൂടിക്കാഴ്ചകൾ നടത്തിയതായി രഹസ്യാന്വേഷണ ഏജൻസികൾക്കു തെളിവ് ലഭിച്ചിട്ടുണ്ട്. 2019 ഓഗസ്റ്റിൽ സ്‌പേസ് പാർക്ക് പദ്ധതിക്ക് ശിവശങ്കറും ഐഎസ്ആർഒയ്ക്ക് വേണ്ടി എസ് സോമനാഥും തമ്മിൽ ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇതേത്തുടർന്നാണ് പത്താംക്ലാസുകാരിയായ സ്വപ്നയെ സ്‌പേസ്പാർക്ക് കൺസൾട്ടന്റായി രണ്ടര ലക്ഷത്തോളം രൂപ പ്രതിമാസ ശമ്പളത്തിൽ നിയമിച്ചത്.

ഇതിനു പിന്നാലെ ബംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്തേയ്ക്ക് നടത്തിയ സന്ദർശനങ്ങൾക്കിടെ ബഹിരാകാശ രഹസ്യങ്ങൾ ചോർന്നുവെന്നാണ് എൻഐഎയ്ക്കും റോയ്ക്കും കേന്ദ്ര ഇന്റലിജൻസ് ഏജൻസിക്കും തെളിവുകൾ ലഭിച്ചതെന്നറിയുന്നു. വിവിധ ബഹിരാകാശ പ്രതിരോധ ഗവേഷണ രേഖകൾ ചോർന്നുവെന്ന് അനുമാനിക്കുന്ന തെളിവുകളുമായാണ് എൻഐഎയുടെ അന്വേഷണം. ഐഎസ്ആർഒ ആസ്ഥാനം സ്ഥിതിചെയ്യുന്ന ബംഗളൂരുവിലെ അന്തരീക്ഷ ഭവനു സമീപത്ത് ബിഇഎൽ റോഡിലുള്ള ഒരു നക്ഷത്ര ഹോട്ടലിലാണ് ശിവശങ്കറും സ്വപ്നയും സ്ഥിരമായി താമസിച്ചിരുന്നത്. ഇവിടെ ഐഎസ്ആർഒയിലെ ചില ശാസ്ത്രജ്ഞരും വിദേശ ശാസ്ത്രജ്ഞരും ഇന്ത്യയിലെ ചില വിദേശ എംബസികളിലെ സൈനിക അറ്റാഷേമാരും ചർച്ചകൾ നടത്തിയതിന്റെ തെളിവുകളും കിട്ടിയിട്ടുണ്ടെന്നാണ് സൂചന.

യു.എ.ഇ. കോൺസുലേറ്റിലെ മുൻ ജീവനക്കാരിയായിരുന്ന സ്വപ്നാ സുരേഷ് തിരുവനന്തപുരത്തെത്തുന്നത് ട്രാവൽ ഏജൻസിയിൽ ജീവനക്കാരിയായിട്ടാണ്. നെയ്യാറ്റിൻകര സ്വദേശിയായ സ്വപ്നയുടെ അച്ഛന് വിദേശത്ത് ജോലിയായതിനാൽ വളർന്നതും പഠിച്ചതും അബുദാബിയിലായിരുന്നു. അറബിയും ഇംഗ്‌ളീഷും നന്നായി അറിയാവുന്നത് സ്വപ്നയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചു. 2010-ന് ശേഷമാണ് കേരളത്തിലേക്ക് മടങ്ങിയെത്തുന്നത്. തിരുവനന്തപുരത്ത് ട്രാവൽ ഏജൻസിയിലെ ജോലിക്കുശേഷമാണ് എയർ ഇന്ത്യാ സാറ്റ്‌സിൽ പരിശീലനവിഭാഗത്തിൽ ജോലി ലഭിക്കുന്നത്. ദുബായ് കോൺസുലേറ്റിൽ ജോലി ലഭിച്ചതോടെയാണ് ഉന്നതരുമായി സ്വപ്നയ്ക്ക് അടുത്തബന്ധമുണ്ടാകുന്നത്. കോൺസൽ ജനറലിന്റെ സെക്രട്ടറിയായി ജോലി ചെയ്യവേ കോൺസുലേറ്റിന്റെ പ്രധാന കാര്യങ്ങളിലെല്ലാം ഇടപെട്ടിരുന്നത് സ്വപ്നയായിരുന്നു. അക്കാലത്താണ് വ്യവസായികളും രാഷട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരുമായി സ്വപ്ന കൂടുതൽ അടുത്ത സൗഹൃദം സൃഷ്ടിക്കുന്നത്. പിടിയിലായ സരിത്തുമായുള്ള ബന്ധം തുടങ്ങുന്നത് അവിടെ ജോലി ചെയ്തിരുന്നകാലത്താണ്.

ഓഡിറ്റിൽ കൃത്രിമം കണ്ടെത്തിയതോടെയാണ് രണ്ടുപേർക്കും കോൺസുലേറ്റിൽനിന്ന് പുറത്തുപോകേണ്ടിവന്നതെന്ന് അന്വേഷണോദ്യോഗസ്ഥർ പറയുന്നു. എന്നാൽ സ്വാധീനം ഉപയോഗിച്ച് സർക്കാർ സംവിധാനത്തിൽ മികച്ച ജോലി ഉറപ്പാക്കാൻ സ്വപ്നയ്ക്ക് കഴിഞ്ഞു. ഐ.ടി. വകുപ്പിൽ ഉന്നത തസ്തികയിൽ ജോലി ചെയ്യുമ്പോഴും യു.എ.ഇ. കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുമായുള്ള സൗഹൃദം നിലനിർത്താനും കഴിഞ്ഞു. സ്വപ്നാ സുരേഷിനെ യു.എ.ഇ. കോൺസുലേറ്റിൽനിന്ന് ഒഴിവാക്കിയെങ്കിലും മികച്ച ഉദ്യോഗസ്ഥയെന്ന സർട്ടിഫിക്കറ്റ് നൽകി. 2016 ഒക്ടോബർ ഏഴുമുതൽ 2019 ഓഗസ്റ്റ് 31 യു.എ.ഇ. കോൺസൽ ജനറൽ ഓഫീസിലെ സെക്രട്ടറിയായിരുന്നെന്നും ഈ കാലയളവിൽ സ്വപ്നയുടെ സേവനം മികച്ചതായിരുന്നെന്നും കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സബി ഒപ്പിട്ട സർട്ടിഫിക്കറ്റിലുണ്ട്. അഞ്ചുസംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന കോൺസുലേറ്റിന്റെ ഏക നാഷണൽ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു സ്വപ്ന. തിരുവനന്തപുരത്തെ 50 ജീവനക്കാരിൽ മികച്ച ജീവനക്കാരിയാണെന്നും സർട്ടിഫിക്കറ്റിലുണ്ട്.

കോൺസുലേറ്റിന്റെ ഈ സർട്ടിഫിക്കറ്റാണ് സ്പേസ് പാർക്ക് ഉൾപ്പടെയുള്ളവയിൽ ജോലിക്കായുള്ള ബയോഡേറ്റയിൽ അവർ നൽകിയത്. മഹാരാഷ്ട്രയിലെ ബാബാ സാഹേബ് അംബേദ്കർ സാങ്കേതിക സർവകലാശാലയിൽനിന്ന് ബി.കോം.ബിരുദം നേടിയെന്നും സർട്ടിഫിക്കറ്റുണ്ട്. ഇതു വ്യാജമാണെന്നാണ് സൂചന. കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ കീഴിലെ പദ്ധതിയായ സ്പേസ് പാർക്കിലേക്ക് കോൺക്ലേവിന്റെ ഭാഗമായാണ് അഡ്‌മിനിസ്‌ട്രേഷൻ ആൻഡ് ഓപ്പറേഷൻസ് മാനേജരായി സ്വപ്നയെത്തിയത്. കെ.എസ്‌ഐ.ടി.ഐ.എല്ലിന്റെ കൺസൾട്ടന്റായ പ്രൈസ് വാട്ടർ കൂപ്പേഴ്‌സ് (പി.ഡബ്ല്യു.സി.) ആണ് സ്വപ്നയെ ഇതിന്റെ ഭാഗമാക്കിയത്. കോൺക്ലേവ് നടത്തിപ്പിന് ഒരാളെ ആവശ്യപ്പെട്ടിരുന്നു.

സാങ്കേതികവൈദഗ്ധ്യമുള്ള ആളെയായിരുന്നില്ല വേണ്ടത്. അതിനാൽ പി.ഡബ്ല്യു.സി. അവരുമായി കരാറുള്ള വിഷൻ ടെക്‌നോളജീസിനെ നിയമനം ഏൽപ്പിച്ചു. കെ.എസ്‌ഐ.ടി.ഐ.എൽ. അഭിമുഖം നടത്തി സ്വപ്നയെ ഒരുവർഷത്തെ കരാറിൽ നിയമിച്ചു. ഇതിന് ശിവശങ്കറിന്റെ സഹായവും കിട്ടി.