കൊച്ചി: കേരളത്തിൽ സ്വർണ്ണ കടത്തിനെ നിയന്ത്രിച്ചത് പല സംഘങ്ങളാണ്. പലതരത്തിൽ അവർ സ്വർണം കേരളത്തിലെത്തിച്ചു. കൊറോണയിൽ വിമാനങ്ങൾ പറക്കുന്നതിന് വിലക്ക് വന്നതോടെ പലരും കടത്ത് ഉപേക്ഷിച്ചു. ഈ സമയത്താണ് സ്വപ്‌നാ സുരേഷിന്റെ സംഘം കരുത്ത് കാട്ടി തുടങ്ങിയത്. നയതന്ത്ര പരിവേഷത്തിൽ അവർ സ്വർണം കിലോ കണക്കിന് കേരളത്തിലെത്തിച്ചു. മലബാറിലേക്കും ഈ സംഘത്തിന്റെ സ്വാധീനമെത്തി. ഇതോടെ ഒറ്റുകാരും. കോവിഡ് ലോക്ഡൗൺ കാലത്തു യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്‌സലിന്റെ മറവിൽ 15 തവണ സ്വർണം കടത്താനുള്ള ആസൂത്രണം പൂർത്തിയാക്കിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.

ഇതിനായി കേരളത്തിലും പുറത്തും വൻതോതിൽ പണം സ്വരൂപിച്ചു ദുബായിലെത്തിച്ചതായും വിവരം ലഭിച്ചു. കൂടുതൽ പേരെ പങ്കാളികളാക്കിയതാണു വിവരങ്ങൾ ചോരാൻ ഇടയാക്കിയതെന്നാണു ചില പ്രതികളുടെ മൊഴി. ലോക്ഡൗണിൽ തന്റെ പേരിൽ അയച്ച രണ്ടാമത്തെ സ്വർണപാഴ്‌സൽ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ആരോ ഒറ്റിയതെന്നു ദുബായിലുള്ള മൂന്നാം പ്രതി ഫൈസൽ ഫരീദ് മൊഴി നൽകി. സ്വർണ്ണ കടത്തിലെ കുത്തകക്കാരായി സ്വപ്‌നാ സുരേഷും സംഘവും മാറുന്നതായിരുന്നു ഇതിന് കാരണം. പ്രതികളായ കെ.ടി. റമീസ്, റബിൻസ്, ഹമീദ് എന്നിവരുടെ നേതൃത്വത്തിൽ കോവിഡ് ലോക്ഡൗണിനു മുൻപു 19 തവണ സ്വർണം കടത്തിയതിന്റെ തെളിവുകൾ എൻഐഎയും കസ്റ്റംസും ശേഖരിച്ചു.

അവസാന 2 തവണ മാത്രമാണു തന്റെ പേരിലയച്ച പാഴ്‌സലിൽ സ്വർണം കടത്തിയതെന്നാണു ഫൈസലിന്റെ നിലപാട്. യുഎഇ പൗരന്മാരായ ദാവൂദ്, ഹാഷിം എന്നിവരുടെ പേരിലും പ്രതികൾ നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയിട്ടുണ്ട്. ദാവൂദിന്റെ പേരിൽ 14 തവണയും ഹാഷിമിന്റെ പേരിൽ ഒരു തവണയും കടത്തി. ഇതിനു പുറമേ ബംഗാൾ സ്വദേശി മുഹമ്മദിന്റെ പേരിൽ 4 തവണ കൊണ്ടുവന്നുവെന്നാണ് മൊഴി. ഇതോടെ കാര്യങ്ങൾ സ്വപ്‌നയുടെ നിയന്ത്രണത്തിൽ എത്തി. തിരുവനന്തപുരത്ത് തന്നെയുള്ള മറ്റൊരു കടത്തു സംഘം നിരാശരായി. അവർ നടത്തിയ നീക്കമാണ് സ്വപ്നയെ കുരുക്കിയതെന്നും സൂചനയുണ്ട്. ഇതോടെ സ്വപ്‌നയുടെ കടത്തിന്റെ വിവരങ്ങൾ കസ്റ്റംസിന് കിട്ടി. കടത്തിന് വേണ്ടി നിക്ഷേപകരെ സ്വാധീനിക്കാൻ തയ്യാറാക്കിയ വീഡിയോയും നിർണ്ണായക തെളിവായി.

ഈ വീഡിയോ കണ്ടതോടെയാണ് സ്വർണ്ണ കടത്തിൽ സ്വപ്‌ന നിയന്ത്രണം ഏറ്റെടുക്കുന്നതിന്റെ സൂചന മറു വിഭാഗത്തിന് കിട്ടിയത്. ഇങ്ങനെ പോയാൽ മൊത്തം കടത്തും സ്വപ്‌ന നടത്തുമെന്ന് അവർ കരുതി. ഇതാണ് നയതന്ത്ര ബാഗിലെ കടത്തിനെ പുറംലോകത്ത് എത്തിച്ചത്. ഒറ്റി കൊടുത്ത സംഘത്തിനും വമ്പൻ ബന്ധങ്ങലുണ്ടെന്നാണ് സൂചന. ഇവരും പല ഘട്ടത്തിലും സ്വപ്‌നയുമായി സഹകരിച്ചിട്ടുണ്ട്. പിന്നീട് സ്വർണ്ണ കടത്തിൽ സ്വപ്‌ന സ്വന്തം വഴി കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരത്തിനു പുറമേ ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങൾ വഴിയും ഇത്തരത്തിൽ സ്വർണം കടത്താൻ തുടങ്ങി.

എന്നാൽ തിരുവനന്തപുരം വഴി കടത്താൻ ദുബായിലെ റാക്കറ്റ് കൂടുതൽ താൽപര്യപ്പെട്ടതായും അന്വേഷണത്തിൽ വ്യക്തമായി. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലും വിമാനത്താവളത്തിലും സ്വപ്ന, സരിത് എന്നിവർക്കുള്ള സ്വാധീനമാണ് ഇതിനു കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇവരെ കയറൂരി വിട്ടാൽ മൊത്തം കച്ചവടവും ഇവർ സ്വന്തമാക്കുമെന്ന് മറു സംഘം കരുതിയിടത്താണ് കസ്റ്റംസിന് വിശ്വസനീയ വിവരം കിട്ടിയതെന്നാണ് സൂചന. ഇതിന് പിന്നിൽ രാഷ്ട്രീയ ഉദ്ദേശവും ഉണ്ടെന്ന സംശയം വ്യാപകമാണ്. ഒറ്റുകാർക്കും സ്വപ്‌നയുടെ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള സ്വാധീനത്തെ കുറിച്ച് അറിയാമായിരുന്നു.

സ്വർണക്കടത്തിൽ എൻ.ഐ.എ.യുടെ അന്വേഷണം വീണ്ടും സ്വപ്നയിലേക്ക് നീളുന്നതായാണ് സൂചന. കേസിൽ പ്രതിയായ ഫൈസൽ ഫരീദിനെ ദുബായിൽ ചോദ്യംചെയ്തതിൽനിന്ന് കാര്യമായ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നാണു അറിയുന്നത്. സ്വപ്നയുടെയും സന്ദീപിന്റെയും നേതൃത്വത്തിലായിരുന്നു സ്വർണക്കടത്ത് ആസൂത്രണം ചെയ്തതെന്നാണ് ഫൈസൽ നൽകിയ മൊഴി. യു.എ.ഇ. കോൺസുലേറ്റുമായുള്ള ഇടപാടുകളിലും തനിക്കു പങ്കില്ലെന്ന ഫൈസലിന്റെ മൊഴി തെറ്റാണെന്നു സ്ഥാപിക്കാനുള്ള തെളിവുകൾ എൻ.ഐ.എ.യ്ക്കു കണ്ടെത്താനായിട്ടുമില്ല.

സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽനിന്ന് എൻ.ഐ.എ. വിവരങ്ങൾ തേടിയത് സ്വപ്ന തന്നെയാണ് ആസൂത്രണമെന്ന സ്ഥിരീകരണത്തിനു വേണ്ടിക്കൂടിയാണ്. അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസർ എൻ.ഐ.എ. ഓഫീസിലെത്തി കൈമാറിയ വിവരങ്ങൾ കേസന്വേഷണത്തിൽ നിർണായകമാകും. ശിവശങ്കറിൽനിന്നു കിട്ടിയ വിവരങ്ങൾ വിലയിരുത്തിയ സംഘത്തിനുമുന്നിൽ ചില സംശയങ്ങൾ ബാക്കിയുണ്ട്. ശിവശങ്കർ ഇല്ലാത്ത സമയത്തും സ്വപ്ന സെക്രട്ടേറിയറ്റിലെത്തിയെന്ന വിവരമാണ് ഇതിൽ പ്രധാനമായി അന്വേഷിക്കുന്നത്.

അതിനിടെ, കേസിലെ പ്രതികളായ റമീസ്, സന്ദീപ് എന്നിവരെ വീണ്ടും കസ്റ്റഡിയിൽ ചോദ്യംചെയ്‌തേക്കും. റിമാൻഡിൽ കഴിയുന്ന ഇവരിൽനിന്ന് കസ്റ്റംസും ഇ.ഡി.യും എടുത്ത മൊഴികളും എൻ.ഐ.എ. പരിശോധിക്കുന്നുണ്ട്.