കൊച്ചി: സ്വർണ്ണ കള്ളക്കടത്തിലെ യഥാർത്ഥ സൂത്രധാരൻ ആരാണ്? സരിത്താണ് എല്ലാത്തിനും പിന്നിലെന്ന ചർച്ച സജീവമാകുകയാണ്. വൈകാരിക അടുപ്പം ചൂഷണം ചെയ്താണു സ്വപ്നയെ സരിത്ത് കള്ളക്കടത്തിന് ഉപയോഗിച്ചതെന്നു കസ്റ്റംസ് പറയുന്നു. കോൺസുലേറ്റിൽ എല്ലാം നിയന്ത്രിച്ചിരുന്ന സ്വപ്നയുടെ സഹായമില്ലാതെ കടത്ത് എളുപ്പമല്ലെന്നു അറിഞ്ഞതോടെയാണു സ്വപ്നയെ സരിത് വീഴ്‌ത്തിയത്. ഇതോടെ കോടികളുടെ സ്വർണം കേരളത്തിലേക്ക് എത്തി. 21 തവണ നയതന്ത്ര ചാനൽവഴി സ്വർണം കടത്തിയതിൽ, ആദ്യതവണകളിൽ ലഭിച്ച ലാഭം അടുത്ത തവണ മുതൽമുടക്കുകയായിരുന്നു. കിട്ടിയതെല്ലാം ഉൾപ്പെടുത്തിയാണ് അവസാന കടത്ത് നടത്തിയത്. ഇത് പിടിച്ചതോടെ സമ്പാദ്യമെല്ലാം പോയെന്നും സ്വപ്ന മൊഴി നൽകി.

സ്വർണക്കടത്തിന് ഒത്താശ ചെയ്തതു ഒന്നാം പ്രതി പി.എസ്. സരിത്തിന്റെ നിർബന്ധത്തിനു വഴങ്ങിയെന്നു രണ്ടാം പ്രതി സ്വപ്ന സുരേഷ് മൊഴി നൽകിയിട്ടുണ്ട്. സരിത്തും സന്ദീപും റമീസും ചേർന്നാണു ഗൂഢാലോചന നടത്തിയതെന്നും പിന്നീടു തന്റെ സഹായം തേടുകയായിരുന്നെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. മനസില്ലാമനസോടെയാണു താൻ അതിനു കൂട്ടുനിന്നതെന്നാണ് വെളിപ്പെടുത്തൽ. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനു തന്നോടുള്ള അടുപ്പവും പ്രതികൾ മുതലെടുത്തു. യു.എ.ഇ. തനിക്കു മാതൃരാജ്യംപോലെയും കോൺസുൽ ജനറലും കുടുംബവും തനിക്കു ബന്ധുക്കളെപ്പോലെ വേണ്ടപ്പെട്ടവരുമാണ്. എന്നിട്ടും താൻ കൂട്ടുനിന്നതു സരിത്തിനുവേണ്ടിയാണെന്നും സ്വപ്ന പറയുന്നു. നയതന്ത്ര ചാനൽ സൗകര്യം ഉപയോഗപ്പെടുത്തി കേരളത്തിൽനിന്നു ഗൾഫിലേക്ക് ലഹരിവസ്തുക്കൾ കടത്തിയിട്ടുണ്ടെന്ന സംശയവും ഉയർന്നിട്ടുണ്ട്.

പല കാര്യങ്ങളും ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതു പണത്തോടുള്ള ആർത്തിയല്ലെന്നും സരിത്തുമായുള്ള ബന്ധമാണെന്നുമാണു സ്വപ്ന സമ്മതിച്ചു. തന്റെ ലോക്കറിൽനിന്നു പിടിച്ചെടുത്ത പണവും സ്വർണവും കള്ളക്കടത്തിലെ ലാഭമല്ലെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. സ്വർണക്കടത്ത് കേസിലെ പ്രതികളിൽ പലരും ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരാണെന്നും സ്വപ്ന സമ്മതിച്ചിട്ടുണ്ട്. ബംഗളുരുവിലെ റെയ്ഡിൽ പിടിയിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദും സ്വർണക്കടത്ത് കേസിലെ അഞ്ചാം പ്രതി കെ.ടി. റമീസുമായി അടുത്തബന്ധമാണുള്ളത്. സ്വപ്ന വിദേശത്തുവച്ചു റമീസുമായി പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

പ്രതികളുടെ എല്ലാവരുടെയും സ്വത്തു വിവരങ്ങൾ തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജില്ലാ രജിസ്ട്രാർമാർക്ക് കത്ത് നൽകിയിരുന്നു. പക്ഷേ, പലർക്കും കാര്യമായ സ്വത്ത് നാട്ടിലില്ല. സ്വത്തുക്കൾ മിക്കതും ബിനാമി പേരുകളിലാണെന്നാണു സംശയം.