കോഴിക്കോട്: സ്വർണ്ണ കടത്തിലേയും ലഹരി കടത്തിലേയും അന്വേഷണം കേരളത്തിൽ സജീവമാക്കാൻ കേന്ദ്ര ഏജൻസികൾ. മന്ത്രി കെടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനേയും വിശദ ചോദ്യം ചെയ്യൽ നടന്നു. ഇതെല്ലാം പ്രതിരോധത്തിലാക്കിയത് സിപിഎമ്മിനേയും ഇടതു സർക്കാരിനേയും ആണ്. ജലീലിനേയും ബിനീഷിനേയും വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. ഇതിനിടെ മറ്റൊരു മന്ത്രി പുത്രനും സംശയ നിഴലിലാണെന്നാണ് റിപ്പോർട്ട്.

ലൈഫ് മിഷൻ പദ്ധതിയിൽ കമ്മിഷനായി പോയെന്നു കരുതുന്ന 4 കോടി രൂപയുടെ പങ്കു പറ്റിയവരിൽ സംസ്ഥാനത്തെ ഒരു മുതിർന്ന മന്ത്രിയുടെ മകനും ഉള്ളതായി കേന്ദ്ര അന്വേഷണ ഏജൻസികൾക്കു സൂചന ലഭിച്ചുവെന്നാണ് റിപ്പോർട്ട്. സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷും മന്ത്രിപുത്രനും തമ്മിലെ അടുത്ത സൗഹൃദം വ്യക്തമാക്കുന്ന ചിത്രങ്ങളടക്കമാണ് ലഭിച്ചത്. ഇത് കേന്ദ്ര ഏജൻസികൾ പരിശോധിക്കുകയാണ്. താമസിയാതെ ഈ മന്ത്രി പുത്രനേയും ചോദ്യം ചെയ്യും.

തലസ്ഥാനത്ത് പ്രമുഖ സിനിമാ താരങ്ങളുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ മുറിയിൽ വച്ചുള്ളതാണ് ചിത്രങ്ങളെന്നും വിവരം ലഭിച്ചു. ഇതു പരിശോധിക്കുകയാണെന്നും സ്വപ്നയുമായുള്ള ഇടപാടിനു കൂടുതൽ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് മന്ത്രിപുത്രനെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നുമാണു വിവരമെന്ന് റിപ്പോർട്ട് ചെയ്യുന്നത് മനോരമായണ്. ലൈഫ് മിഷൻ ഇടപാടിൽ കമ്മിഷനായി 4 കോടി രൂപ കൈമറിഞ്ഞതിൽ പ്രമുഖ പങ്ക് ഈ ആൾക്ക് ഉണ്ടെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. മന്ത്രി ആരെന്ന് വ്യക്തമാക്കുന്നുമില്ല.

മന്ത്രി ദുബായിൽ ഒരു യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനു മുൻപായിരുന്നത്രെ ഈ ഇടപാട്. സ്വപ്ന സുരേഷും മന്ത്രിപുത്രനും മറ്റൊരു ഇടനിലക്കാരനും ഹോട്ടൽ മുറിയിൽ ഉണ്ടായിരുന്നു. ആദ്യം ഇവർക്കു കൈമറിഞ്ഞ 2 കോടിയിൽ 30 ലക്ഷം ഈ മൂന്നാമനു നൽകാമെന്നായിരുന്നുവത്രെ വാഗ്ദാനം. ഇതു പക്ഷേ, മന്ത്രിപുത്രൻ ലംഘിച്ചതോടെയാണ് ചിത്രങ്ങൾ പുറത്തേക്കു പോയത്. ഇതിൽ ചിലത് അന്വേഷണ സംഘത്തിനും കിട്ടിയെന്നാണ് സൂചന.

ലൈഫ് മിഷൻ ഇടപാടിൽ യുണിടാക്കിന്റെയും റെഡ് ക്രസന്റിന്റെയും ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നത് മന്ത്രിപുത്രനാണെന്ന് അന്വേഷണ സംഘം കരുതുന്നു. കണ്ണൂരിൽ ഒരു പ്രമുഖ റിസോർട്ടിന്റെ ചെയർമാൻ കൂടിയാണ് ഇദ്ദേഹം. സ്വർണക്കടത്തു കേസിൽ അന്വേഷണ പരിധിയിലുള്ള യുഎഎഫ്എക്‌സ് എന്ന വീസ സ്റ്റാംപിങ് ഏജൻസിയുടെ ഡയറക്ടർക്കും ഈ റിസോർട്ടിൽ പങ്കാളിത്തമുണ്ടെന്നാണു വിലയിരുത്തൽ. ഏതായാലും കണ്ണൂരിലെ മന്ത്രിയിലേക്കാണ് മനോരമ വാർത്തയുടെ സൂചനകൾ പോകുന്നത്.

വീസ സ്റ്റാംപിങ് കരാർ യുഎഎഫ്എക്‌സിനു നേടിക്കൊടുത്തതിന്റെ കമ്മിഷൻ പണമാണ് ബാങ്ക് ലോക്കറിൽ നിന്നു കണ്ടെത്തിയതെന്നു സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. തിരുവനന്തപുരം സ്വർണക്കടത്തു കേസ് 3 കേന്ദ്ര ഏജൻസികളാണ് അന്വേഷിക്കുന്നത്. കസ്റ്റംസ്, എൻഐഎ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 3 ഏജൻസികളുടെയും പക്കൽ മന്ത്രിപുത്രന് സ്വപ്ന സുരേഷുമായുള്ള ബന്ധത്തിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരമെന്നും മനോരമ വാർത്തയിൽ പറയുന്നു.

നയതന്ത്ര സ്വർണക്കടത്തും മതഗ്രന്ഥങ്ങളടങ്ങിയ ബാഗേജ് കടത്തിയതുമായ സംഭവങ്ങളിലെ സമാനതകൾ മുൻനിർത്തിയാണു ജലീലിനെ ഇ.ഡി. ചോദ്യം ചെയ്തത്. പ്രേട്ടോക്കോൾ ഓഫീസറുടെ അനുമതിയില്ലാതെ നയതന്ത്ര പാഴ്സൽ സംവിധാനം ഉപയോഗിക്കുന്നതു കള്ളക്കടത്തായാണു പരിഗണിക്കുന്നത്. കോൺസുലേറ്റ് ജനറലിന്റെ പേരിലാണു പാഴ്സൽ എത്തിയത്. കസ്റ്റംസ് ക്ലിയറൻസ് ഏജന്റാണു പാഴ്സൽ സ്വീകരിക്കുന്നത്. അതിനായി 81,000 രൂപ അടയ്ക്കുകയും ചെയ്തു. അതിനു മുമ്പ് വന്ന പാഴ്സലുകൾക്കു 10,000 രൂപയിൽ താഴെയാണ് അടച്ചിരുന്നത്. ദുബായ് കോൺസുലേറ്റ് നേരിട്ടാണു മതഗ്രന്ഥങ്ങൾ നൽകിയതെന്നാണു മന്ത്രി ജലീൽ അവകാശപ്പെടുന്നത്. എന്നാൽ, കോൺസുലേറ്റ് ഇത്തരത്തിൽ ഒരുരാജ്യത്തും മതഗ്രന്ഥങ്ങൾ വിതരണം ചെയ്യാറില്ലെന്ന് അധികൃതർ എൻ.ഐ.എയോട് വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കിൽ അറ്റാഷെ ഇക്കാര്യത്തിൽ വ്യക്തിതാത്പര്യമെടുത്തോയെന്നും അന്വേഷിക്കുന്നു.

കഴിഞ്ഞ മാർച്ചിലെത്തിയ പാഴ്സലുകൾ ജൂൺ 18-നാണ് കോൺസുലേറ്റിന്റെ രണ്ട് വാഹനങ്ങളിൽ മന്ത്രി ജലീലിന്റെ വകുപ്പിനു കീഴിലുള്ള സി-ആപ്റ്റിൽ എത്തിച്ചത്. തുടർന്ന് സി-ആപ്റ്റിന്റെ അടച്ചുപൂട്ടിയ വാഹനത്തിൽ മലപ്പുറത്തേക്ക്. ഇടയ്ക്കു മൂവാറ്റുപുഴയിൽ ചില പായ്ക്കറ്റുകൾ ഇറക്കിയതായും സൂചനയുണ്ട്. ബംഗളുരുവിലേക്കും പായ്ക്കറ്റുകൾ കടത്തി. സി-ആപ്റ്റിന്റെ വാഹനത്തിൽ സർക്കാർ ഡ്രൈവറെ ഒഴിവാക്കി പുറത്തുനിന്നുള്ളയാളെ നിയോഗിച്ചത് എന്തിനെന്നും ഇ.ഡി. സംശയിക്കുന്നു. പാഴ്സലുകൾ വാഹനത്തിൽ അയച്ചശേഷം സി-ആപ്റ്റ് ഡയറക്ടറായിരുന്ന എം. അബദുൾ റഹ്മാനെ എൽ.ബി.എസ്. ഡയറക്ടറായി നിയമിച്ചതിനു പിന്നിലും ദുരൂഹതയുണ്ട്. കഴിഞ്ഞ ജൂലൈ 23-നാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. മതഗ്രന്ഥത്തിന്റെ പേരിൽ രാജ്യത്തു മുമ്പും ഇത്തരം കള്ളക്കടത്തുകൾ നടന്നിട്ടുണ്ട്. സ്വർണത്താളുകളുടെ രൂപത്തിലും ഗ്രന്ഥത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലും സ്വർണം കണ്ടെത്തിയിട്ടുണ്ടെന്നാണ് വിലിയുരത്തൽ. ഇതു തന്നെ സംസ്ഥാന സർക്കാരിന് തലവേദനായണ്.

ഇതിന് പുറമേയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനായ ബിനീഷിനേയും ഇഡി സംശയ മുനയിൽ നിർത്തുന്നത്. ഇതിന് പിന്നാലെയാണ് മറ്റൊരു മന്ത്രി പുത്രൻ കൂടി വിവാദത്തിലേക്ക വരുന്നത്.