- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബ്ദ സന്ദേശം റിക്കോർഡ് ചെയ്തത് വാഹനത്തിനുള്ളിൽ; മൂളൽ സ്ത്രീയുടേതും; അറസ്റ്റിലായ ശേഷമുള്ള സ്വപ്നാ സുരേഷിന്റെ വാഹന യാത്രയെല്ലാം പരിശോധിക്കും; ശബ്ദത്തിലെ വ്യക്തതയ്ക്ക് ശാസ്ത്രീയ പരിശോധന നടത്താൻ എൻഐഎ; മൂളലിന്റെ ഉടമയെ സാക്ഷിയാക്കി ആരോപണവിധേയനായ കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥനെതിരെ കേസ് എടുക്കാൻ നീക്കം; ശബ്ദ ചോർച്ചയിലെ കള്ളൻ കപ്പലിലോ?
കൊച്ചി: സ്വപ്‌നാ സുരേഷിന്റെ ശബ്ദ ചോർച്ചയ്ക്ക് പിന്നിൽ കേന്ദ്ര ഏജൻസിലെ പ്രമുഖനോ? ജയിലിൽ വച്ചല്ല ഈ ശബ്ദം റിക്കോർഡ് ചെയ്തതെന്ന് കേന്ദ്ര ഏജൻസികളും തയ്യാറെടുക്കുകയാണ്. അതിനിടെയാണ് സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശത്തിൽ കേൾക്കുന്ന മൂളൽ ആരുടേതെന്ന് വ്യക്തമാക്കാനുള്ള അന്വേഷണം. ശബ്ദം പുരുഷന്റേതോ സ്ത്രീയുടേതോ എന്നതിൽ അവ്യക്തതകളുണ്ട്. ഇത് മാറ്റാനാണ് നീക്കം.
ഇതിൽ വ്യക്തത വരുത്താൻ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി ശാസ്ത്രീയ പരിശോധനയ്ക്ക് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. ശബ്ദസന്ദേശം പുറത്തുവന്ന ഘട്ടത്തിൽ അതൊരു പുരുഷന്റെ മൂളലാണെന്നു സംശയിക്കപ്പെട്ടിരുന്നു. എന്നാൽ ജയിൽ ഡിഐജിക്കു സ്വപ്ന നൽകിയ മൊഴികളിലെ സൂചന മറ്റൊരു തരത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം പുതിയ തലത്തിലേക്ക് എത്തുന്നത്. കേന്ദ്ര ഏജൻസിയിലെ ഉദ്യോഗസ്ഥനെയാണ് സംശയം. നേരത്തെ ജയിലിനുള്ളിലെ ഗൂഢാലോചനയെന്നായിരുന്നു നിഗമനം. ഇതാണ് കേന്ദ്ര ഏജൻസികൾക്ക് പോലും തിരുത്തേണ്ടി വരുന്നത്.
കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വീണ്ടും സ്വപ്നയുടെ മൊഴിയെടുക്കും. കേന്ദ്ര ഏജൻസിക്കെതിരെ നൽകിയ മൊഴികളിൽ സ്വപ്ന ഉറച്ചു നിന്നാൽ ശബ്ദസന്ദേശത്തിലെ മൂളലിന്റെ ഉടമയെ സാക്ഷിയാക്കി ആരോപണവിധേയനായ കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയുമെന്നാണു പൊലീസിനു ലഭിച്ച നിയമോപദേശമെന്നാണ് മനോരമയുടെ റിപ്പോർട്ട്. അതീവ രഹസ്യമായാണ് അന്വേഷണം നീങ്ങുന്നത്. ചില സംശങ്ങൾ ക്രെംബ്രാഞ്ചിനുണ്ട്. ക്രൈംബ്രാഞ്ചിനു പുറമേ കേന്ദ്ര ഏജൻസികളും സ്വപ്നയെ കസ്റ്റഡിയിൽ വാങ്ങി മൊഴിയെടുക്കും. ഇതും നിർണ്ണായകമായി മാറും.
വാഹനത്തിനുള്ളിൽ വച്ചാണു ശബ്ദസന്ദേശം റിക്കോർഡ് ചെയ്തതെന്നു സംശയമുണ്ട്. അറസ്റ്റിലായതിനു ശേഷം കോടതിയിലേക്കും തെളിവെടുപ്പിനായും വൈദ്യപരിശോധനയ്ക്കും വനിതാ പൊലീസിന്റെ അകമ്പടിയോടെ പൊലീസ് വാഹനത്തിലാണു സ്വപ്നയെ കൊണ്ടുപോയിട്ടുള്ളത്. ശബ്ദം സ്വപ്നയുടേതാണെന്നു സ്ഥിരീകരിച്ചാൽ ഒപ്പമുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥരിലേക്കും അന്വേഷണം നീളും. സ്വപ്ന സുരേഷിന്റെ ശബ്ദരേഖയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സ്വപ്നയുടെ മൊഴിയെടുക്കാൻ എൻ.ഐ.എ കോടതിയുടെ അനുമതി കിട്ടി കഴിഞ്ഞു.
ശബ്ദരേഖാ ചോർച്ചയിൽ അന്വേഷണം നടത്തണമെന്ന് ജയിൽ മേധാവി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. ശബ്ദരേഖയിൽ മൊഴി മാറ്റാൻ ഇഡി സമ്മർദ്ദം ചെലുത്തുന്നുവെന്നടക്കം ഗുരുതര ആരോപണങ്ങൾ ഉള്ളതിനാൽ അന്വേഷണം നടത്തണമെന്ന് എൻഫോഴ്‌സമെന്റും ആവശ്യപ്പെട്ടിരുന്നു. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിനാണ് അന്വേഷണത്തിന്റെ ചുമതല. സൈബർ വിദഗ്ദ്ധർ അടക്കമുള്ള ഉദ്യോഗസ്ഥരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.
സ്വർണ്ണ കടത്ത് അന്വേഷണം ഉന്നതരിലേക്ക് എത്തുമെന്ന ആശങ്കയിൽ ചിലരുടെ വക്രബുദ്ധിയാണു സ്വപ്നാ സുരേഷിന്റെ ശബ്ദരേഖ പുറത്തുവിട്ടതിനു പിന്നിലെന്നാണ് കേന്ദ്ര ഏജൻസികളുടെ പ്രാഥമിക നിഗമനം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യമുള്ള രാഷ്ട്രീയ നേതാക്കളുടെ പേര് ചോദ്യം ചെയ്യലിനിടെ പറയാൻ വിസമ്മതിച്ചതിനാലാണ് അറസ്റ്റു ചെയ്തതെന്ന എം.ശിവശങ്കറിന്റെ തുറന്നു പറച്ചിലിനു തൊട്ടുപിന്നാലേയാണ് അതേ ആരോപണം ഉയർത്തി സ്വപ്ന സുരേഷിന്റെ പേരിൽ ശബ്ദരേഖ പുറത്തെത്തുന്നത്. ഇതും ഗൂഢാലോചനയാണെന്ന് ഇഡിയും കണക്കു കൂട്ടുന്നത്.
മുഖ്യമന്ത്രിയുടെ പേരു പറഞ്ഞാൽ മാപ്പു സാക്ഷിയാക്കാമെന്ന് അന്വേഷണ ഏജൻസി പറഞ്ഞെന്നാണ് സ്വപ്നയുടെ പേരിലുള്ള ശബ്ദരേഖയിലുള്ളത്. സമൂഹത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത തകർക്കാനുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഇഡി സംശയിക്കുന്നു. പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ 16നു സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇഡി കഥകൾ മെനയുന്നതായും രാഷ്ട്രീയ നേതാക്കളുടെ പേരു പറയാൻ നിർബന്ധിച്ചതായും ശിവശങ്കർ പറഞ്ഞത്. ഇതിന് പിന്നാലെയാണ് സ്വപ്നയുടെ ശബ്ദം പുറത്തു വന്നത്.
സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ശബ്ദസന്ദേശത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പറയാൻ അന്വേഷണ ഏജൻസി പ്രേരിപ്പിക്കുന്നതായി പറയുന്നത്. ജയിലിൽനിന്ന് ശബ്ദസന്ദേശം പുറത്തുപോയതെങ്ങനെയെന്ന ചോദ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെ സർക്കാർ അന്വേഷണം ആരംഭിച്ചു. ജയിലിൽനിന്നല്ല ശബ്ദം പുറത്തുപോയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് അധികൃതർ പറയുന്നു. ശബ്ദം ആരു റെക്കോർഡ് ചെയ്തു, എങ്ങനെ മാധ്യമങ്ങളിലെത്തി എന്നത് ചർച്ചയാകുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയാണ് പ്രതിപക്ഷ ആരോപണങ്ങൾ.
മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതരെ ചോദ്യം ചെയ്യാനിരിക്കേ ശബ്ദസന്ദേശം പുറത്തുവന്നത് ആസൂത്രിതമാണെന്ന ചിന്തയും ഇഡിക്കുണ്ട്. മുഖ്യമന്ത്രിയുടെ അഡീ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇഡി ഉടൻ ചോദ്യം ചെയ്യും. രണ്ട് ഉദ്യോഗസ്ഥർ കൂടി ഇഡിയുടെ നിരീക്ഷണത്തിലാണ്. ഇതിനിടെയാണ് സ്വപ്നയുടെ ഓഡിയോ പുറത്തു വന്നത്.
മറുനാടന് മലയാളി ബ്യൂറോ