കൊച്ചി: സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയിൽ കസ്റ്റംസ് ഇന്നലെ മുദ്രവച്ച കവറിൽ നൽകിയ സ്വപ്നയുടെ മൊഴിയിലെ വിശദാംശങ്ങളിൽ സി.എം. രവീന്ദ്രൻ ഉൾപ്പെടെ മൂന്ന് ഉന്നതരുടെ പേരുകളുണ്ടെന്നു സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ രവീന്ദ്രനെ ഉടൻ കസ്റ്റഡിയിലെടുക്കാൻ കസ്റ്റംസ് നീക്കം തുടങ്ങി.

രവീന്ദ്രന്റെ വീടും പരിസരവും കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്. എം. ശിവശങ്കറിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കവെയാണ് നിർണായകവിവരങ്ങൾ കോടതിക്കു കസ്റ്റംസ് കൈമാറിയത്. ഇത് മനസ്സിലാക്കിയാണ് രവീന്ദ്രനെതിരെ അന്വേഷണ ഏജൻസികൾ എല്ലാം നിലപാട് മറുക്കുന്നത്. കേസുകളിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമത്തെ പ്രമുഖൻ കൂടി കുടുങ്ങുമെന്നാണ് ഉറപ്പാകുന്നത്. സ്വപ്‌നയുടെ മൊഴികളിലുള്ള മറ്റ് രണ്ടു പേരുടെ വിവരങ്ങൾ ഇനിയും പുറത്തു വന്നിട്ടില്ല. സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖരാണ് ഇവരെന്നാണ് സൂചന.

ശിവശങ്കറിനു പുറമേ ചില ഉന്നതരും തന്നെ സഹായിച്ചിട്ടുണ്ടെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. ഈ സാഹചര്യത്തിൽ കൂടുതൽ അന്വേഷണം അനിവാര്യമാണെന്നു കോടതിയെ കസ്റ്റംസ് അറിയിച്ചിട്ടുണ്ട്. മൊഴിയിൽ പറയുന്ന മൂന്ന് ഉന്നതർക്കു സ്വർണക്കടത്തുമായി ബന്ധമുണ്ടോ എന്ന കാര്യം സ്വപ്ന കസ്റ്റംസിനോടു വെളിപ്പെടുത്തിയതായാണ് സൂചന.

സ്വർണക്കടത്തിനു പുറമേ വിദേശത്തേക്കു ഡോളർ കടത്തിയതിലും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനു പങ്കാളിത്തമുണ്ടെന്നു സ്വപ്ന സുരേഷ് മൊഴി നൽകിയതായി കസ്റ്റംസ് കോടതിയെ അറിയിച്ചു. യുഎഇ കോൺസുലേറ്റിലെ സാമ്പത്തിക വിഭാഗം മുൻ മേധാവി ഖാലിദ് അലി ഷൗക്രി 2019 ഓഗസ്റ്റിൽ 1.90 കോടി രൂപയുടെ ഡോളർ ഒമാനിലേക്കു കടത്തിയെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിനെത്തുടർന്നാണു കസ്റ്റംസ് കേസ് രജിസ്റ്റർ ചെയ്തത്.

ശിവശങ്കറിനെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന കസ്റ്റംസിന്റെ അപേക്ഷയിൽ കോടതി ഇന്നു വിധി പറയും. കസ്റ്റംസിന്റെ കസ്റ്റഡി അപേക്ഷയെ ശിവശങ്കറിനെ അഭിഭാഷകൻ എതിർത്തതോടെയാണു കേസ് ഇന്നത്തേക്കു മാറ്റിയത്. അതിനിടെ, ശിവശങ്കറിന്റെ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകരാണ് ഹാജരാകുന്നത്. ശിവശങ്കറിനുവേണ്ടി അഡ്വ. ജയ്ദീപ് ഗുപ്തയും ഇ.ഡിക്കുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ സൂര്യപ്രകാശ് വി. രാജുവും എത്തും.

സ്വർണക്കടത്തിൽ കൂടുതൽ വിദേശപൗരന്മാർക്കും ഡോളർ കടത്തിൽ ഒന്നിലധികം ഉന്നതർക്കുമുള്ള പങ്കാളിത്തം വെളിപ്പെടുത്തുന്ന സ്വപ്ന സുരേഷിന്റെ മൊഴികളാണ് അന്വേഷണ സംഘം മുദ്രവച്ച കവറിൽ സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ സമർപ്പിച്ചത്. സ്വപ്നയുടെ മൊഴികളെ വളരെ ആശങ്കയോടെയാണു കാണുന്നതെന്നു കോടതി ഉത്തരവിൽ പരാമർശിച്ചു. ദേശദ്രോഹക്കുറ്റം ആരോപിക്കപ്പെടുന്ന സ്വർണക്കടത്തിൽ കോൺസുലേറ്റിനു പുറത്തുള്ള കൂടുതൽ വിദേശികൾ പങ്കാളികളാണെന്ന വെളിപ്പെടുത്തൽ അതീവഗൗരവ സ്വഭാവമുള്ളതാണ്. ഡോളർ കടത്ത് അന്വേഷണം എം.ശിവശങ്കറിൽ ഒതുങ്ങില്ലെന്ന സൂചനയാണ് അന്വേഷണ സംഘം നൽകുന്നത്.

സ്വപ്നയുടെ മൊഴികളിൽ പരാമർശിക്കുന്ന ഉന്നതരുടെയും വിദേശികളുടെയും പേരുകൾ ഈ ഘട്ടത്തിൽ പുറത്തുവരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി ഈ പേരുകൾ ഒഴിവാക്കിയാണു കോടതിയുടെ ഉത്തരവു പുറത്തുവന്നത്. നവംബർ 27 നു സ്വപ്ന കസ്റ്റംസിനോടു നടത്തിയ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ സ്വപ്ന, സരിത് എന്നിവരുടെ കസ്റ്റഡി 3 ദിവസം കൂടി എറണാകുളം അഡീ. സി.ജെ.എം കോടതി അനുവദിച്ചു. മൊഴി വിലയിരുത്തിയ ശേഷം എൻഐഎയും സ്വപ്നയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. നവംബർ 28, 29 തീയതികളിൽ രേഖപ്പെടുത്തിയ കൂട്ടുപ്രതി പി.എസ്. സരിത്തിന്റെ രഹസ്യമൊഴിയും സ്വപ്നയുടെ മൊഴി സാധൂകരിക്കുന്നവയാണ്. ഇതും മുദ്രവച്ച കവറിൽ കോടതിക്കു കൈമാറിയിട്ടുണ്ട്.

5 ദിവസം കസ്റ്റഡിയിൽ ഉണ്ടായിട്ടും സ്വപ്നയുടെ 27 ലെ മൊഴികളെ കുറിച്ചു ചോദിച്ചില്ലെന്നാണു ശിവശങ്കറിന്റെ വാദം. അന്വേഷണ സംഘം കണ്ടെത്തിയതായി പറയുന്നത് ഐ പാഡിലുപയോഗിക്കുന്ന സിം കാർഡാണെന്നും ഇതുപയോഗിച്ചു ശിവശങ്കർ ആരെയും വിളിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. അതിനിടെ കോടതിയോടു മാത്രമായി ചില കാര്യങ്ങൾ ബോധിപ്പിക്കാനുണ്ടെന്നു സ്വപ്നയും സരിത്തും അറിയിച്ചു. എപ്പോഴും ചുറ്റും പൊലീസുകാരുള്ളതിനാൽ പലകാര്യങ്ങളും തുറന്നുപറയാൻ കഴിയാത്ത അവസ്ഥയുണ്ടെന്നും പ്രതികൾ ബോധിപ്പിച്ചു. പറയാനുള്ളതു മുഴുവൻ എഴുതി അഭിഭാഷകൻ വഴി കൈമാറാൻ കോടതി നിർദ്ദേശിച്ചു.

ഇതിനായി അഭിഭാഷകനെ കാണാൻ ഇരുവർക്കും കൂടുതൽ സമയം അനുവദിച്ചു. സ്വപ്ന സുരേഷുമായി സംസാരിക്കണമെന്ന അഭിഭാഷകൻ ജോ പോളിന്റെ അപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതിയും അനുവദിച്ചു. കസ്റ്റംസിന്റെ കസ്റ്റഡി അവസാനിക്കുന്ന വ്യാഴാഴ്ച ഉച്ചയ്ക്കു 2.30 നു പ്രതിക്ക് അഭിഭാഷകനുമായി വീണ്ടും സംസാരിക്കാം. ഇങ്ങനെ തയ്യാറാക്കുന്ന കത്തും കേസിൽ അതിനിർണ്ണായകമാകും.