- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടക്കു കിഴക്കൻ സംസ്ഥാനത്ത് ഇതേ പദവിയിലിരുന്നയാൾക്കതിരെ സുപ്രീംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു; സിവിൽ-ക്രിമിനൽ കേസുകളിൽ പരിരക്ഷയുള്ളത് രാഷ്ട്രപതിക്കും ഗവർണ്ണർക്കും മാത്രം; സ്വപ്‌നാ സുരേഷിന്റെ മൊഴിയിലുള്ള ഭരണഘടനാ പദവിക്കാരനെ ചോദ്യം ചെയ്യാനും പ്രതിയാക്കാനും തടസ്സങ്ങളൊന്നുമില്ലെന്ന് നിയമോപദേശം; കേന്ദ്ര ഏജൻസികൾ ഇനി എല്ലാം വേഗത്തിലാക്കും
തിരുവനന്തപുരം: സ്വർണ്ണ കടത്തിൽ കുടുങ്ങിയെ ഉന്നതനെ ചോദ്യം ചെയ്യാനും പ്രതിയാക്കാനും നിയമതടസമില്ലെന്ന് കേന്ദ്ര ഏജൻസികൾക്ക് നിയമോപദേശം കിട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വപ്‌നാ സുരേഷിന്റേയും സരിത്തിന്റേയും കോടതിയിലെ രഹസ്യ മൊഴിയെടുക്കൽ പുരോഗമിക്കുന്നത്.
ഭരണഘടനാ പദവിയിലുള്ളവർക്ക് ഭരണഘടനാപരമായി ചില പരിരക്ഷകളുണ്ടെങ്കിലും ക്രിമിനൽ കേസുകളിൽ ഇത് ബാധകമല്ല. വടക്കുകിഴക്കൻ സംസ്ഥാനത്ത് ഇതേ പദവിയിലിരുന്നയാൾക്കതിരെ കോടതിയലക്ഷ്യ കേസിൽ സുപ്രീംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അതുകൊണ്ട് തന്നെ കേരളത്തിലും നിയമ പ്രശ്‌നങ്ങൾ ഉണ്ടാകില്ല. രാഷ്ട്രപതിക്കും ഗവർണർമാർക്കും മാത്രമാണ് സിവിൽ, ക്രിമിനൽ കേസുകളിൽ നിന്ന് പരിരക്ഷയുള്ളത്. ഇവർക്കെതിരെ അറസ്റ്റോ പ്രോസിക്യൂഷനോ പാടില്ലെന്നാണ് നിയമം. എന്നാൽ കേരളത്തിലെ ഭരണ ഘടനാ പദവിയുള്ള ആൾക്കെതിരെ നീങ്ങുന്നതിന് മുമ്പ് അക്കാര്യം രാഷ്ട്രപതിയേയും ഗവർണ്ണറേയും അറിയിക്കും. മൊഴിയെടുക്കൽ തീർന്നാൽ ഉന്നതനെ ചോദ്യം ചെയ്യും.
ഭരണഘടനാ പദവിയുള്ള ഉന്നത നേതാവിന്റെ ഇരുപതിലേറെ വിദേശ യാത്രകൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നു. ഈ യാത്രകളിൽ ഭൂരിഭാഗവും യു. എ. ഇയിലേക്കായിരുന്നു. നാല് യാത്രകളിൽ സ്വർണക്കടത്തു കേസ് പ്രതി സ്വപ്നയും ഒപ്പമുണ്ടായിരുന്നു. പ്രത്യേക പരിരക്ഷയുള്ള ഇദ്ദേഹത്തിന്റെ ലഗേജുകൾ വിമാനത്താവളത്തിൽ ഗ്രീൻചാനലിലൂടെ, പരിശോധനയില്ലാതെ വിമാനത്തിലേക്ക് കയറ്റും. യു.എ.യിലും ഇതേ സൗകര്യം ഉപയോഗിച്ച് പരിശോധയില്ലാതെ ബാഗുകൾ പുറത്തെത്തിക്കും. സംസ്ഥാനത്ത് ഈ പരിരക്ഷയുള്ള ചുരുക്കം നേതാക്കളേയുള്ളൂ. ഈ സൗകര്യം ഉപയോഗിച്ച് ഡോളർ കടത്തിയെന്നാണ് സംശയം.
കടത്തിയ പണം ആരുടേതാണെന്നും അതിന്റെ ഉറവിടവും കേന്ദ്ര ഏജൻസികൾ അന്വേഷിക്കുകയാണ്. കസ്റ്റംസ് മുദ്രവച്ച കവറിൽ കോടതിയിൽ നൽകിയ മൊഴിയിലുള്ള വമ്പൻ സ്രാവുകളിലൊരാൾ ഈ ഉന്നതനാണ്. പലവട്ടം ചോദ്യം ചെയ്തിട്ടും ഈ ഉന്നതന്റെ വിവരങ്ങൾ സ്വപ്ന വെളിപ്പെടുത്തിയിരുന്നില്ല. സ്വപ്ന മായ്ചുകളഞ്ഞ വാട്‌സാപ് സന്ദേശങ്ങൾ സി-ഡാക്കിൽ വീണ്ടെടുത്തപ്പോഴാണ് ഉന്നതന്റെ പങ്ക് കണ്ടെത്തിയത്. ഈ നേതാവുമായുള്ള ഉറ്റബന്ധം ഉപയോഗിച്ചാണ് ഡോളർ കടത്തിയതെന്നാണ് സ്വപ്ന പിന്നീടുള്ള ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത് എന്ന് കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നു.
ഉന്നതന്റെ വിദേശ യാത്രകൾസ്വപ്നയ്‌ക്കൊപ്പം നാല് വിദേശയാത്രകൾപ്രവാസി സമ്മേളനങ്ങൾക്കും മലയാളി സംഘടനകളുടെ പരിപാടികൾക്കുമായി 20ലേറെ തവണ വിദേശത്ത് പോയി. ഭൂരിഭാഗവും യു.എ.ഇയിലേക്ക്. നാലു വർഷത്തിനിടെ യു.എ.ഇയിലേക്ക് 14 യാത്ര. സർക്കാരിന്റെ പരിപാടിക്കായി അഞ്ചുവട്ടം ദുബായിൽ എത്തി. ഈ പരിപാടികളിൽ പ്രവാസി വ്യവസായികളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തിരുന്നു. മിക്ക യാത്രകളും സർക്കാർ പണം ചെലവാക്കാത്ത സ്വകാര്യയാത്രകളായിരുന്നു. യാത്രാ, താമസ ചെലവുകൾ വഹിച്ചത് ആരാണെന്ന് കണ്ടെത്താനാണ് നീക്കം. യാത്രകളുടെ വിവരങ്ങൾ അറിയാൻ സ്റ്റാഫംഗങ്ങളെ ചോദ്യം ചെയ്യും-കേരള കൗമുദി പറയുന്നു.
ഭരണപക്ഷമൊന്നാകെ വെട്ടിലാകുന്ന മൊഴിയാണു സ്വപ്നയുടേത്. ഇതു ശരിവയ്ക്കാൻ അന്വേഷണ ഏജൻസികൾക്കു കഴിയുന്നപക്ഷം, സംസ്ഥാന രാഷ്ട്രീയത്തിൽ കൊടുങ്കാറ്റ് വരാനിരിക്കുന്നതേയുള്ളൂ. സ്വപ്‌നയും നേതാവും തമ്മിൽ ഒരുമിച്ച് വിദേശ യാത്ര നടത്തിയിട്ടുണ്ടെന്നാണ് സൂചന. യാത്ര രേഖകൾ പരിശോധിച്ച് ഇക്കാര്യം ഉറപ്പുവരുത്തും. ഇത് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് കേരള രാഷ്ട്രയത്തിൽ പൊട്ടിത്തെറികൾക്ക് വഴിവയ്ക്കും. പരിശോധനകളില്ലാതെ വിമാനത്തിലെത്താൻ കഴിയുമായിരുന്ന ഭരണഘടനാ പദവിയിലുള്ള ഈ നേതാവാണ് അന്വേഷണങ്ങളുടെ പുതിയ കേന്ദ്രം. ഇതിനു പുറമേ, ഭരണരംഗത്ത് അത്യുന്നത പദവിയിലുള്ള മറ്റു രണ്ടു പ്രമുഖ വ്യക്തികളുടെ പേരും സ്വപ്ന സുരേഷ് മജിസ്ട്രേറ്റിനു മുന്നിൽ നൽകിയ രഹസ്യമൊഴിയിലുണ്ടെന്നാണു ഭരണ, പ്രതിപക്ഷ നേതൃത്വങ്ങൾക്കു ലഭിച്ച വിവരം.
ഭരണഘടനാ പദവിയിലുള്ള വ്യക്തി സിപിഎമ്മുകാരനാണെന്നാണ് പുറത്തു വരുന്ന സൂചന. ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഇന്നലത്തെ വാർത്താസമ്മേളനത്തിൽ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയിലെ ഉന്നതൻ ഈശ്വരന്റെ പേരുള്ളയാളാണെന്നും എല്ലാം ഭഗവാന്റെ പര്യായപദങ്ങളാണെന്നുമാണ് പറഞ്ഞത്. ഇതെല്ലാം വിരൽ ചൂണ്ടുന്നത് നിയമസഭയിലേക്കാണ്. എന്നാൽ തനിക്കിതിൽ പങ്കില്ലെന്ന സൂചനകളാണ് സ്പീക്കർ ശ്രീരാമകൃഷ്ണൻ അടുപ്പക്കാർക്ക് നൽകുന്നത്. ഇത് വിശ്വസിച്ചാണ് സിപിഎമ്മും മുന്നോട്ട് പോകുന്നത്.
മറുനാടന് മലയാളി ബ്യൂറോ