തിരുവനന്തപുരം: ജയിലിൽ ഭീഷണിയെന്ന സ്വപ്നയുടെ നിലപാട് തന്ത്രമെന്ന് നിലപാടിലേക്ക് ജയിൽ വകുപ്പ് എത്തുനായി സൂചന. ജാമ്യം ലഭിക്കാനാണ് സ്വപ്ന ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നാണ് വിലയിരുത്തൽ.

സ്വപ്ന ആരോപിച്ചതുപോലുള്ള സന്ദർശകർ ജയിലിൽ എത്തിയിട്ടില്ലെന്ന് ജയിൽ വകുപ്പ് പറയുന്നു. ഇത് ഉറപ്പിക്കാൻ ജയിലിലെ സിസിടിവി ദൃശ്യങ്ങൾ വീണ്ടും പരിശോധിക്കും. ഇത് സംബന്ധിച്ച് കൂടുതൽ പരിശോധന നടത്താൻ ജയിൽ ഡിജിപി ഋഷിരാജ് സിങ്, ദക്ഷിണ മേഖലാ ജയിൽ ഡിഐജിയോട് നിർദേശിച്ചിട്ടുണ്ട്.

നേരത്തെ രണ്ട് കാര്യങ്ങളാണ് സ്വപ്ന സുരേഷ് കോടതിയിൽ പറഞ്ഞത്. ഒന്ന് ജയിലിൽ തനിക്ക് ഭീഷണിയുണ്ട്. മറ്റൊന്ന് പൊലീസുകാരെന്ന് സംശയിക്കുന്ന ചിലർ തന്നെ ജയലിൽ സന്ദർശിച്ച് ഉന്നതരുടെ പേര് പറയരുതെന്നും അന്വേഷണ ഏജൻസികളോട് സഹകരിക്കരുതെന്നും ആവശ്യപ്പെട്ടു. ജയിൽ വകുപ്പ് ഇക്കാര്യത്തിൽ അന്വേഷണം നടത്തിയിരുന്നു. ഉദ്യോഗസ്ഥരെന്ന് സംശയിക്കുന്ന ആളുകൾ ജയിലിലെത്തി സ്വപ്നയെ കണ്ടില്ലെന്നാണ് ജയിൽ വകുപ്പിന്റെ വിലയിരുത്തൽ. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു. പ്രാഥമികമായി ഒന്നും കണ്ടില്ല.

സ്വപ്നയുടെ വാദം തെറ്റാണെന്നാണ് ജയിൽ വകുപ്പ് പറയുന്നത്. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. സ്വപ്നയുടെ നിലപാട് തന്ത്രം എന്ന നിലക്കാണ് ജയിൽ വകുപ്പ് കാണുന്നത്. ജാമ്യം ലഭിക്കാനോ ജയിലിൽ താമസിക്കുന്നത് ഒഴിവാക്കാനോ ഉള്ള നീക്കമായാണ് ഇതിനെ കാണുന്നത്. പ്രാഥമിക പരിശോധനയിൽ അട്ടക്കുളങ്ങര ജയിലിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചതായി ജയിൽ വകുപ്പ് പറയുന്നില്ല.