തിരുവനന്തപുരം: റിവേഴ്‌സ് ഹാവലയിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന് പങ്കുണ്ടെന്ന നിഗമനത്തിലേക്ക് കേന്ദ്ര ഏജൻസികൾ. സ്വപ്‌നാ സുരേഷിന്റെ മൊഴിയിൽ ഇതിന്റെ വ്യക്തമായ സൂചനകളുണ്ട്. ശിവശങ്കറുമായി ചേർന്ന് മസ്‌കറ്റിൽ ഐ.ടി കമ്പനി തുടങ്ങാൻ പദ്ധതിയിട്ടിരുന്നെന്ന് സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ഐ.എ.എസിൽ നിന്ന് സ്വയംവിരമിക്കാനും ശിവശങ്കർ തയ്യാറെടുത്തതായാണ് സൂചന. ഇതിനൊപ്പം സ്വപ്‌നയുടെ ഓരോ വെളിപ്പെടുത്തലും ഇഡി പരിശോധിക്കുകയാണ്. ഇപ്പോൾ നടക്കുന്ന ചോദ്യം ചെയ്യലും നിർണ്ണായകമാകും.

കസ്റ്റംസിനാണ് റിവേഴ്‌സ് ഹവാലയിലെ മൊഴികൾ സ്വപ്‌ന നൽകിയത്. കോടതിയിൽ രഹസ്യ മൊഴിയും നൽകി. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് ഇഡി ചോദ്യം ചെയ്യുന്നത്. അതിനിടെ, പേട്ടയിലെ ഫ്‌ളാറ്റിൽ കൂടിക്കണ്ട ശേഷം സ്വപ്നയ്ക്ക് പണമടങ്ങിയ ബാഗ് കൈമാറിയ ഉന്നതനു പുറമെ, മറ്റൊരു ഉന്നതൻ ഔദ്യോഗിക വസതിയിൽ വച്ച് ഡോളറടങ്ങിയ രണ്ട് സ്യൂട്ട്കേസ് കൈമാറിയെന്നും വിവരമുണ്ട്. സ്വപ്നയും കോൺസുലേറ്റിലെ രണ്ട് ഉന്നതരുമെത്തിയാണ് ഈ ബാഗുകൾ സ്വീകരിച്ചതെന്നും യു.എ.ഇയിലെത്തിച്ച് ഉന്നതന്റെ ഉറ്റബന്ധുവിന് കൈമാറിയെന്നും സ്വപ്ന വെളിപ്പെടുത്തിയതായാണ് സൂചന. ഇതെല്ലാം എത്രത്തോളം ശരിയാണെന്ന് ഇഡി പരിശോധിക്കുകയാണ്. പ്രാഥമിക തെളിവു കിട്ടിയാൽ എല്ലാവരേയും ചോദ്യം ചെയ്യും. അതിന് ശേഷമേ സ്വപ്‌നയുടെ വെളിപ്പെടുത്തലുകളിൽ അന്തിമ തീരുമാനം എടുക്കൂ.

അര ഡസൻ ഉന്നതരുടെ വിദേശത്തെ സാമ്പത്തികയിടപാടുകളും നിക്ഷേപങ്ങളും സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. ഷാർജയിൽ അന്താരാഷ്ട്ര സർവകലാശാല സ്ഥാപിക്കാനൊരുങ്ങിയ ഉന്നതന്റെ പങ്കും വെളിപ്പെടുത്തിയിട്ടുണ്ട്. കോൺസുലേറ്റിലെ പണമിടപാട് സ്ഥാപനത്തിലൂടെയും തിരുവനന്തപുരത്തെയും കൊച്ചിയിലെയും വിദേശനാണ്യവിനിമയ ഏജൻസികളിലൂടെയും ബാങ്കുകൾ വഴിയുമാണ് അനധികൃതമായി ഡോളർ സംഭരിച്ചത്. സർക്കാരിന്റെ വൻകിട പദ്ധതികളുടെ മറവിൽ തട്ടിയെടുത്ത കോഴപ്പണമാണോ വിദേശത്തേക്ക് കടത്തിയതെന്ന് പ്രത്യേകം അന്വേഷിക്കും. ശിവശങ്കറിന്റെ അറിവ് ഇതിനെല്ലാം ഉണ്ടായിരുന്നുവെന്നാണ് നിഗമനം.

100 കോടിയിലേറെ രൂപ ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നാണ് സംശയം. കടത്തിയത് ആരുടെയൊക്കെ പണം എന്ന് കണ്ടെത്താനാണ് ശ്രമം. പണത്തിന്റെ സ്രോതസും നിർണ്ണായകമാണ്. ഇത്രയുമധികം പണം എങ്ങനെ ഡോളറാക്കി എന്നതിലും വ്യക്തത വരുത്തണം. വിദേശത്ത് ആർക്കൊക്കെ പണം കൈമാറി എന്നതും പരിശോധിക്കും. ഈ പണം എവിടെയെല്ലാം നിക്ഷേപിച്ചുവെന്നത് കണ്ടെത്തിയാൽ മാത്രമേ ഇഡിക്ക് ഈ കേസിൽ മുന്നോട്ട് പോകാനാകൂ. വിദേശത്ത് എന്തൊക്കെ സംരംഭങ്ങളുണ്ടാക്കിയെന്നതിലും അന്വേഷണം നടക്കും. ഇതിൽ മൊഴികളും അതിനിർണ്ണായകമാണ്.

റിവേഴ്‌സ് ഹവാലയുടെ വിവരങ്ങൾ കസ്റ്റംസിനോട് വെളിപ്പെടുത്തിയ സ്വപ്നയെയും സരിത്തിനെയും ഇന്നലെ മുതൽ ഇ.ഡി ജയിലിൽ ചോദ്യം ചെയ്യുന്നുണ്ട്. മൂന്ന് ദിവസത്തേക്കാണ് ചോദ്യംചെയ്യൽ.ചില മന്ത്രിമാരും ഭരണഘടനാ പദവിയിലുള്ള ഉന്നതരുമടക്കമുള്ളവർക്കെതിരെയാണ് സ്വപ്നയുടെ വെളിപ്പെടുത്തലുകൾ. അതുകൊണ്ട് തന്നെ ഗൗരവത്തോടെയാണ് മൊഴി എടുക്കൽ.

കസ്റ്റംസ് അന്വേഷിക്കുന്നത് നിയമവിരുദ്ധമായി ഡോളർ വിദേശത്തേക്ക് കടത്തിയതാണെങ്കിൽ കള്ളപ്പണ, ബിനാമി ഇടപാടുകളാണ് ഇ.ഡിയുടെ അന്വേഷണത്തിൽ നിറയുന്നത്. ഉന്നതരുടെ വീടുകളിലെത്തിയാണ് പണം സ്വീകരിച്ചതെന്നാണ് സ്വപ്നയുടെ മൊഴി സാധൂകരിക്കുന്ന തെളിവുകൾ കണ്ടെത്താൻ ശ്രമിക്കും. ഇതേക്കുറിച്ചുള്ള അന്വേഷണത്തിൽ ടവർ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളും നിർണായകമാവും.