കൊച്ചി: സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷും ലൈഫ് മിഷൻ കേസിൽ പ്രതിയായ യൂണിടാക് ബിൽഡേഴ്‌സ് എംഡി സന്തോഷ് ഈപ്പനും ഒരു വർഷം മുൻപു കൊച്ചി നഗരത്തിനു സമീപം ചേരാനല്ലൂർ പഞ്ചായത്തിൽ 10 ഏക്കർ സ്ഥലം വാങ്ങാൻ ശ്രമം നടത്തിയെന്ന് റിപ്പോർട്ട്. ഇതേ കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങളും ഈ ഇടപാടിന് പിന്നാലെയുണ്ട്.

76 ലക്ഷം രൂപയുടെ കൈമാറ്റം നടന്നതായും സൂചനയുണ്ട്. ഒരു ഉന്നത സ്ഥാപനത്തിൽ അന്ന് ഉയർന്ന പദവി വഹിച്ചിരുന്ന പത്തനംതിട്ട സ്വദേശിയാണ് തുക കൈപ്പറ്റിയത്. ഇതെല്ലാം കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നുണ്ട്. സന്തോഷ് ഇപ്പനും സ്വപ്‌നാ സുരേഷും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. ചേരാനല്ലൂരിലെ തണ്ണീർത്തട പ്രദേശങ്ങൾ സ്വപ്നയും സന്തോഷും സന്ദർശിച്ചതായി സ്ഥല ബ്രോക്കർമാർ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, ഭൂമി റജിസ്‌ട്രേഷൻ നടന്നതായി കണ്ടെത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഇഡി സന്തോഷ് ഈപ്പന്റെ മൊഴിയെടുക്കും.

സംസ്ഥാനത്തെ ഒരു ഉന്നതസ്ഥാപനത്തിനു വേണ്ടി ഭവനപദ്ധതിയും അനുബന്ധ ടൗൺഷിപ്പും നിർമ്മിക്കാനാണു സ്ഥലമെടുക്കുന്നതെന്നാണു ബ്രോക്കർമാരെ അറിയിച്ചത്. എന്നാൽ 3 കേന്ദ്ര ഏജൻസികൾ പല തവണ ചോദ്യം ചെയ്തിട്ടും സ്വപ്നയോ സന്തോഷോ ചേരാനല്ലൂരിലെ പദ്ധതിയെ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. ഇടപാടിനു ലൈഫ് മിഷനുമായി ബന്ധമില്ലെന്നാണു വിവരം.

അഞ്ചേക്കർ കരഭൂമി ലഭിച്ചാൽ ബാക്കി തണ്ണീർത്തടമായാലും നിർമ്മാണത്തിനു പരിസ്ഥിതി അനുമതി ലഭിക്കുമെന്നു സ്ഥലം സന്ദർശിച്ച യൂണിടാക് പ്രതിനിധികൾ ഉറപ്പു പറഞ്ഞതായാണ് അന്വേഷണ ഏജൻസികൾക്കു ലഭിച്ച വിവരം.