- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്ന സുരേഷിനെ ജയിലിൽ ഭീഷണിപ്പെടുത്തിയവർക്കെതിരെ കേസ് എടുക്കണം; ഫോർട്ട് സർക്കിൾ ഇൻസ്പെക്ടറോട് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്ത് ആഴത്തിലുള്ള അന്വേഷണം നടത്താൻ കോടതി ഉത്തരവ്
തിരുവനന്തപുരം : സ്വർണ്ണക്കടത്ത് , ഡോളർ കടത്ത് , റിവേഴ്‌സ് ഹവാല , ഭവനരഹിതർക്കുള്ള ലൈഫ് മിഷൻ കെട്ടിട നിർമ്മാണത്തിലെ അഴിമതി എന്നീ കേസുകളിൽ രഹസ്യമൊഴി നൽകി മാപ്പു സാക്ഷിയാകാൻ പോകുന്ന സ്വപ്ന സുരേഷിനെ തലസ്ഥാനത്തെ അട്ടക്കുളങ്ങര വനിതാ ജയിലിൽ ഭീഷണിപ്പെടുത്തിയവർക്കെതിരെ കേസ് എടുക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു.
സ്വർണ്ണക്കടത്ത് , ഡോളർ കടത്ത് , ലൈഫ്മിഷൻ അഴിമതി എന്നീ കേസുകളിൽ ഉൾപ്പെട്ട ഉന്നത അധികാരസ്ഥാനത്തുള്ളവരെ മൊഴിയിൽ നിന്നൊഴിവാക്കി വ്യാജ തെളിവു നൽകാൻ സ്വപ്നയെ ഭീഷണിപ്പെടുത്തിയവർക്കെതിരെ ജാമ്യമില്ലാ കേസ് രജിസ്റ്റർ ചെയ്ത് ഉന്നത ഗൂഢാലോചനയടക്കം അന്വേഷിക്കാൻ മജിസ്‌ട്രേട്ട് എ. അനീസ ഉത്തരവിട്ടു. തിരുവനന്തപുരം സിറ്റി ഫോർട്ട് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോടാണ് കോടതി ജാമ്യമില്ലാ കേസെടുക്കാൻ ഉത്തരവിട്ടത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഗൂഢാലോചന , ജയിലിൽ കുറ്റകരമായി പ്രവേശിക്കൽ , വ്യാജ തെളിവു നൽകാൻ ഭീഷണിപ്പെടുത്തൽ , വധ ഭീഷണി , പ്രേരണ എന്നീ കുറ്റങ്ങൾക്കൊപ്പം സ്ത്രീക്കെതിരായി അതിക്രമം നടത്തിയതിന് കേരള പൊലീസ് ആക്റ്റിലെ വകുപ്പ് 119 പ്രകാരവും കേസെടുക്കാൻ കോടതി ഉത്തരവിട്ടു. രാജ്യസുരക്ഷയെയും രാജ്യ സമ്പദ് വ്യവസ്ഥയെയും ബാധിക്കുന്ന സ്വർണ്ണക്കള്ളക്കടത്തും ഡോളർ കടത്തും റിവേഴ്സ് ഹവാലയും ഉൾപ്പെട്ട കേസിൽ സംസ്ഥാന മന്ത്രിസഭയിലെ ഉന്നതരും സിനിമാ സൂപ്പർ താരവുമുൾപ്പെടെയുള്ള വമ്പൻ സ്രാവുകൾ ഉൾപ്പെട്ടതിനാൽ രാജ്യത്തിന്റെ വിശാല പൊതു താൽപര്യാർത്ഥം അഡ്വ. നെയ്യാറ്റിൻകര. പി. നാഗരാജ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.
സംഭവം സംബന്ധിച്ച് ഡി ജി പി ക്കും ഫോർട്ട് സർക്കിൾ ഇൻസ്‌പെക്ടർക്കും പരാതി നൽകിയിട്ടും എൽ ഡി എഫ് സർക്കാരിന്റെ സ്വാധീനത്താൽ കേസെടുക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്നും നാഗരാജ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലൈഫ്മിഷൻ അഴിമതി കേസന്വേഷണ വ്യാജേന സ്വപ്നയിൽ നിന്ന് മൊഴിയെടുക്കാനെന്ന പേരിൽ സ്വപ്നയെ കണ്ട സംസ്ഥാന വിജിലൻസ് പൊലീസുദ്യോഗസ്ഥരെയും ഇടതു പൊലീസ് യൂണിയൻ ഭാരവാഹികളെയും അടക്കം സ്വപ്നയെ കാണിച്ച് തിരിച്ചറിയിച്ച് ചോദ്യം ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അട്ടക്കുളങ്ങര വനിതാ ജയിലിനകത്തും പുറത്തും സ്ഥാപിച്ചിട്ടുള്ള സി സി റ്റി വി ഫൂട്ടേജ് , ഡി വി ആർ (ഡിജിറ്റൽ വീഡിയോ റെക്കോർഡർ) ഹാർഡ് ഡിസ്‌ക് എന്നിവ പിടിച്ചെടുത്ത് കോടതി മുഖേന ഫോറൻസിക് പരിശോധന നടത്തണം. പ്രതികൾ കൃത്യ സ്ഥലത്തേക്ക് വന്ന വാഹനങ്ങൾ , ഉപയോഗിച്ച ഫോണുകൾ എന്നിവ പിടിച്ചെടുക്കണം. ജയിലിലേക്ക് വന്ന ഇൻകമിങ് , ഔട്ട് ഗോയിങ് കോളുകൾ എന്നിവയുടെ സി. ഡി. ആർ (കാൾ ഡീറ്റെൽസ് റെക്കോഡ്) സർവ്വീസ് പ്രൊവൈഡേഴ്സിൽ നിന്നും ശേഖരിച്ച് അന്വേഷണം നടത്തണം എന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വപ്നയെ ഭീഷണിപ്പെടുത്തിയ പ്രതികളെക്കൊണ്ട് ജയിലിൽ കുറ്റകരമായി പ്രവേശിപ്പിക്കൽ ,ഉന്നതരെ ഒഴിവാക്കി കള്ള തെളിവ് നൽകാൻ ഭീഷണിപ്പെടുത്തൽ , വധഭീഷണി ഉയർത്തുന്ന കുറ്റകരമായ ഭയപ്പെടുത്തൽ , സ്ത്രീക്കെതിരായ അതിക്രമം , പ്രേരണ എന്നീ കുറ്റകൃത്യങ്ങൾ ചെയ്യിക്കാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തവരും കൃത്യത്തിന് പ്രതികളെ പ്രചോദിപ്പിച്ചവരും സഹായിച്ചവരും കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവർത്തിച്ച് കൂട്ടായ്മ കൃത്യത്തിലുൾപ്പെട്ടവരുമായ മറ്റു പ്രതികൾക്കെതിരെയും കേസെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്..