തിരുവനന്തപുരം: പിണറായിയുടെ കരുതലിന് ഒരു ഉദാഹരണം കൂടി. വ്യാജ ബിരുദധാരിയായ സ്വപ്ന സുരേഷിനെ പ്രതിമാസം 3.18 ലക്ഷം രൂപ ചെലവിൽ ജോലിക്കു വച്ച സ്‌പേസ് പാർക്ക് പദ്ധതിയിൽ മേധാവിക്കു ലഭിക്കുക പ്രതിമാസം 85,000 രൂപ മാത്രം! അതായത് ഇഷ്ടക്കാർക്ക് വേണ്ടി സംസ്ഥാന സർക്കാർ എന്തും ചെയ്യുമെന്നതിന് തെളിവാണ് ഈ കണക്ക്.

സ്വപ്നയെ കൊണ്ടുവന്ന പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിന്റെ കമ്മിഷൻ അടക്കമായിരുന്നു 3.18 ലക്ഷം കൊടുത്തത്. കമ്മീഷൻ തുക മാറ്റിവച്ചാൽ പോലും സ്വപ്നയ്ക്കു ശമ്പളമായി കിട്ടിയിരുന്നത് 1.12 ലക്ഷം രൂപയാണ്. അതായത് ഈ സ്ഥാപനത്തിലെ ഡയറക്ടറെക്കാൾ കൂടുതൽ ശമ്പളം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ ഐഎഎസ് നേരിട്ട് ഇടപെട്ടാണ് സ്വപ്‌നയ്ക്ക് ഭീമമായ തുക നൽകിയത്.

കഴിഞ്ഞ ദിവസമാണു സ്‌പേസ് പാർക്ക് പ്രോജക്ട് ഡയറക്ടറുടെ യോഗ്യതകളും ശമ്പളവും സർക്കാർ നിശ്ചയിച്ചത്. ബഹിരാകാശ മേഖലയിൽ സീനിയർ എക്‌സിക്യൂട്ടീവ് പദവിയിൽ 25 വർഷ പരിചയമുള്ളയാളെയാണു സ്‌പേസ് പാർക്ക് മേധാവിയായി നിയമിക്കുക. അതായത് രാജ്യം അറിയുന്ന വലിയ ശാസ്ത്രജ്ഞനെ. അത്തരമൊരാൾക്ക് വെറും 85,000 രൂപ നൽകുന്നിടത്താണ് സ്വപ്‌നയ്ക്ക് ഇത്രയേറെ വലിയ ശമ്പളം.

യോഗ്യതയൊന്നുമില്ലാതിരുന്ന സ്വപ്നയെ ഒരു ജൂനിയർ പോസ്റ്റിൽ ഡയറക്ടറുടെ ശമ്പളത്തിലും ഉയർന്ന തുകയ്ക്കു നിയമിച്ചതെങ്ങനെയെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. 65 ആണ് സ്‌പേസ് പാർക്ക് പ്രോജക്ട് ഡയറക്ടറുടെ പരമാവധി പ്രായം. ഐഎസ്ആർഒയിൽ നിന്നുള്ളവർക്കു മുൻഗണനയുണ്ട്. 2 വർഷത്തേക്കാണു നിയമനം.

നിലവിൽ ഐസിടി അക്കാദമിയുടെ സിഇഒയ്ക്ക് സ്‌പേസ് പാർക്ക് മേധാവി സ്ഥാനം അധികച്ചുമതലയായിട്ടാണു നൽകിയിരിക്കുന്നത്. പുതിയ മേധാവിയെ കണ്ടെത്താൻ ഐടി സെക്രട്ടറി, ധനസെക്രട്ടറി എന്നിവരുടെ കമ്മിറ്റിയും രൂപീകരിച്ചു. ഇവരാകും നിയമനം നടത്തുക.