കൊച്ചി : ക്രൈംബ്രാഞ്ച് എഫ് ഐ ആറിലെ തീയതികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) ഉദ്യോഗസ്ഥർരെ രക്ഷിക്കുമോ? എഫ് ഐ ആറും മറ്റൊരു കോടതി ഉത്തരവും പരിശോധിച്ചാൽ ക്രൈംബ്രാഞ്ചിന്റെ കേസിൽ അസ്വാഭാവികതകളുണ്ടെന്ന് വ്യക്തം. ഈ എഫ് ഐ ആറും ഈ കോടതി ഉത്തരവും മറുനാടന് ലഭിച്ചു. ഇഡി സ്വപ്‌നാ സുരേഷിനെ കസ്റ്റഡിയിൽ ചോദ്യംചെയ്തപ്പോൾ സംസ്ഥാന പൊലീസിലെ വനിതാ ഓഫീസറുടെ സാന്നിധ്യം ഇല്ലായിരുന്നെന്നുവെന്ന് വ്യക്തമാക്കുന്ന വിശദാംശങ്ങളാണ് ഇത്.

ഇതോടെ ക്രൈംബ്രാഞ്ച് കേസിൽ ഇഡിക്ക് പ്രതീക്ഷയും കൂടുകയാണ്. ഹൈക്കോടതിയിൽ നിന്ന് നീതി കിട്ടിയില്ലെങ്കിൽ അവർ കേസുമായി സുപ്രീംകോടതിയെ ഉടൻ സമീപിക്കും. മുമ്പ് പല കേസിലും ഹൈക്കോടതിയുടെ പ്രാഥമിക വിധിയും നിരീക്ഷണവും ഇഡിക്ക് എതിരായിരുന്നു. പിന്നീട് അത് മാറി. ലൈഫ് മിഷനിൽ സിബിഐ അന്വേഷണത്തിൽ ഉൾപ്പെടെ അത് വ്യക്തമായിരുന്നു. ഈ സാഹചര്യത്തിൽ ജസ്റ്റീസ് അരുണിന്റെ ബഞ്ചിലെ വിധി സസൂക്ഷ്മം നിരീക്ഷിക്കുകയാണ് കേന്ദ്ര ഏജൻസി. വ്യക്തമായ തെളിവുകൾ ഹൈക്കോടതിയിൽ ഇഡി സമർപ്പിച്ചിട്ടുണ്ട്. വിധി നോക്കിയ ശേഷമാകും അടുത്ത നടപടി. ഏതായാലും ഡോളർ കടത്തിലും അന്വേഷണം കടുപ്പിക്കാനാണ് ഇഡിയുടെ തീരുമാനം.

ഇ.ഡി. ഉദ്യോഗസ്ഥൻ ചോദിച്ച ചോദ്യങ്ങളിൽ കൂടുതലും 'സ്വപ്നയെ ഫോഴ്‌സ് ചെയ്തു മുഖ്യമന്ത്രിയുടെ പേരു പറയിക്കുന്ന തരത്തിൽ' ഉള്ളതായിരുന്നുവെന്നാണു സ്വപ്നയുടെ ബോഡി ഗാർഡായി ഡ്യൂട്ടിചെയ്ത വനിതാ പൊലീസുകാർ ക്രൈംബ്രാഞ്ചിനു മൊഴി നൽകിയത്. ഈ മൊഴിയാണ് ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസിലന് കാരണം. എന്നാൽ ഇത് തെറ്റാണെന്ന് ഇഡി രേഖകളിലൂടെ സമർത്ഥിക്കുന്നു. ഓഗസ്റ്റ് 12, 13 തീയതികളിലാണ് ഇ.ഡി. സ്വപ്നയെ കസ്റ്റഡിയിൽ ചോദ്യം ചെയ്തത്. കസ്റ്റഡികാലാവധിക്കു ശേഷം സ്വപ്നയെ കോടതിയിൽ ഹാജരാക്കിയത് ഓഗസ്റ്റ് 14-നാണ്. അന്നാണു ചോദ്യം ചെയ്യലിൽ വനിതാ പൊലീസുകാരുടെ സാന്നിധ്യം കോടതി നിർദ്ദേശിച്ചത്. അതിന് ശേഷം ഇഡി ചോദ്യം ചെയ്തിട്ടേ ഇല്ല. എഫ് ഐ ആറും കോടതി വിധിയും പരിശോധിച്ചാൽ ഇത് വ്യക്തമാണ്.

ഓഗസ്റ്റ് 13ന് സ്വപ്‌നാ സുരേഷിനെ ചോദ്യം ചെയ്തിരുന്നു. അതിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറിയെ കുറിച്ച് മൊഴി നൽകി. 2018ലെ പ്രളയ സഹായം തേടിയുള്ള ഗൾഫ് യാത്രയെ കുറിച്ചും പറയുന്നു-ഇതേ ഉത്തരവിലാണ് സ്വപ്‌നയ്ക്ക് ചോദ്യം ചെയ്യുമ്പോൾ വനിതാ ഉദ്യോഗസ്ഥരെ അനുവദിച്ച് കോടതി ഉത്തരവിട്ടത്. എന്നാൽ അതിന് ശേഷം സ്വപ്നയെ ചോദ്യം ചെയ്തില്ലെന്നാണ് ഇഡി ഹൈക്കോടതിയെ അറിയിക്കുന്നത്. ആദ്യത്തേത് സ്വപ്ന സുരേഷിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ കോടതിയുടെ വീണ്ടും കസ്റ്റഡി നീട്ടി കൊണ്ടുള്ള ഉത്തരവാണ്. ആ സമയത്താണ് സ്വപ്ന കോടതിയിൽ പറഞ്ഞത് - തന്നെ ചോദ്യം ചെയ്യുമ്പോൾ സ്ത്രീസാന്നിധ്യം ഇല്ല - എന്നുള്ളത്. അതീ ഓർഡറിൽ ഉണ്ട്.

ഇതിനൊപ്പം ക്രൈംബ്രാഞ്ച് ED ക്ക് എതിരെ ഫയൽ ചെയ്ത എഫ്.ഐ.ആർ. ന്റെ കോപ്പിയും അതിന്റെ കൂട്ടത്തിൽ ഉള്ള രേഖയും ആണ്(FIS) ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഇതിൽ പൊലീസുകാർ കൊടുത്ത മൊഴിയുടെ സാരാംശം ഉണ്ട്. അതിന്റെ ബേസിൽ ആണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് വായിച്ചാൽ പൊലീസുകാർ പറയുന്ന കഥ എന്താണെന്ന് വ്യക്തമായി അറിയാം. മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചു എന്നതടക്കമുള്ള കഥകൾ. ഇതിൽ നിന്ന് തന്നെ കേന്ദ്ര ഏജൻസിയ്‌ക്കെതിരായ നീക്കം ഗൂഢാലോചനയാണെന്ന് കേന്ദ്ര ഏജൻസിയും വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ സുപ്രീംകോടതിയിൽ പോയും നീതിയുറപ്പാക്കാനാണ് തീരുമാനം.

ഇ.ഡി. ഉദ്യോഗസ്ഥർ അർധരാത്രിവരെ ചോദ്യം ചെയ്യുകയാണെന്നും അതിനിടെ മാനസികമായും വാക്കുകൊണ്ടും പീഡിപ്പിക്കുകയാണെന്നും സ്വപ്ന കോടതിയിൽ പരാതിപ്പെട്ടിരുന്നു. തുടർന്നാണു കസ്റ്റഡിയിൽ ചോദ്യം ചെയ്യുമ്പോൾ വനിതാ ഓഫീസറുടെ സാന്നിധ്യം ഉറപ്പാക്കാൻ കോടതി ഉത്തരവിട്ടത്. എന്നാൽ 14 ശേഷം ചോദ്യം ചെയ്യലുണ്ടായില്ല. 16 വരെ കസ്റ്റഡി നീട്ടിനൽകി. ഓഗസ്റ്റ് 8, 10, 12, 14, 16 തീയതികളിലാണു തങ്ങൾ അഞ്ചുപേർ മാറിമാറി ഡ്യൂട്ടി ചെയ്തതെന്നാണു സിവിൽ പൊലീസ് ഓഫീസർ സിജി വിജയൻ ക്രൈംബ്രാഞ്ചിനു നൽകിയ മൊഴി. എന്നാൽ ഇത് ശരിയല്ലെന്നാണ് ഇഡി പറയുന്നത്.

രേഖകൾ പരിശോധിച്ചതിൽ നിന്നു പൊലീസുകാരികളുടെ മൊഴി വ്യാജമാണെന്നും അതിനുപിന്നിൽ ഗൂഢാലോചന ഉണ്ടെന്നുമാണ് ഇ.ഡിയുടെ വാദം. സ്വപ്നയെ ചോദ്യം ചെയ്യുമ്പോൾ വനിതാ പൊലീസുകാർ ഉണ്ടായിരുന്നില്ലെന്നു വ്യക്തമാക്കുന്ന രേഖകളാണ് ഇ.ഡി. ഇന്നലെ ഹൈക്കോടതിക്കു കൈമാറിയത്. സെക്ഷൻ 164, 108 പ്രകാരം സ്വപ്ന നൽകിയ രണ്ടു സുപ്രധാന മൊഴിയിലെ വിവരങ്ങൾ കസ്റ്റംസ് നേരത്തെ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. അവയിലാണു മുഖ്യമന്ത്രിയുടെ പേരുള്ളതെന്നിരിക്കെ മുഖ്യമന്ത്രിയുടെ പേരു പറയാൻ തങ്ങൾ നിർബന്ധിച്ചെന്ന ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇ.ഡി. ഹൈക്കോടതിയെ അറിയിച്ചു.

സ്വപ്ന ഇ.ഡിക്കു നൽകിയ മൊഴിയിലൊന്നും മുഖ്യമന്ത്രിയുടെ പേരില്ല. കൂടുതൽ കള്ളത്തെളിവ് ഉണ്ടാക്കാനാണു ക്രൈംബ്രാഞ്ചിന്റെ ശ്രമം. അതിനാണു ശബ്ദരേഖ ചോർന്ന സംഭവത്തിൽ സ്വപ്നയെ ചോദ്യംചെയ്ത പൊലീസ് ഓഫീസറെയും സുരക്ഷാഡ്യൂട്ടിക്കാരെയും വീണ്ടും ചോദ്യചെയ്യുന്നത് എന്നും ആരോപിക്കുന്നു. അതിനിടെ ക്രൈംബ്രാഞ്ച് കേസിൽ അന്വേഷണം സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. വീണ്ടും ഹർജി പരിഗണിക്കുന്ന 30 വരെ ഇ.ഡി. ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടാകരുതെന്നു ജസ്റ്റിസ് വി.ജി. അരുൺ നിർദ്ദേശിച്ചു. പ്രതികളുടെ രഹസ്യമൊഴി ഹർജിയിൽ ഉൾപ്പെടുത്തിയ ഇ.ഡി. ഉദ്യോഗസ്ഥന്റെ നടപടി ഉചിതമാണോയെന്നു കോടതി ചോദിച്ചു.