തിരുവനന്തപുരം: സ്പീക്കർ ശ്രീരാമകൃഷ്ണനതിരെ സ്വപ്‌നാ സുരേഷ് അതിഗുരുതരമായ വെളിപ്പെടുത്തൽ നടത്തിയെന്ന് റിപ്പോർട്ട്. ദി ന്യൂ സൺഡേ എക്സ്‌പ്രസിലാണ് ഈ റിപ്പോർട്ടുള്ളത്. മോശം ഉദേശത്തോടെ സ്പീക്കർ തന്നെ ഫ്‌ളാറ്റിലേക്ക് വളിപ്പിച്ചിട്ടുണ്ടെന്നാണ് വാർത്ത. ഇതോടെ സ്വർണ്ണ കടത്ത് കേസിലെ ആരോപണങ്ങൾ പുതിയ തലത്തിലേക്ക് കടക്കുകയാണ്. ഒന്നും താൻ ആർക്കും വെറുതെ ചെയ്യില്ലെന്ന് സ്പീക്കർ പറഞ്ഞതായും പത്രം റിപ്പോർട്ട ചെയ്യുന്നു.

ഹൈക്കോടതിയിൽ ഇഡി സമർപ്പിച്ച രേഖകളിലാണ് ഇതുള്ളതെന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു. പേട്ടയിലെ ഫ്‌ളാറ്റിലേക്ക് വിളിപ്പിച്ചുവെന്നാണ് പറയുന്നത്. ഈ ഫ്‌ളാറ്റ് സ്പീക്കറുടേതാണെന്നും എന്നാൽ അത് മറ്റൊരാളുടേതാണെന്നും സ്വപ്‌ന പറയുന്നു. ഇഡി ഡെപ്യൂട്ടി ഡയറക്ടർക്ക് ഡിസംബർ 18നാണ് ഈ മൊഴി നൽകിയതെന്നാണ് വാർത്ത. അട്ടക്കുളങ്ങരയിലെ വനിതാ ജയിലിൽ വച്ചായിരുന്നു മൊഴി നൽകൽ. സ്പീക്കറുടെ ദുരദേശത്തോട് അനുകൂലമായി പ്രതികരിച്ചില്ലെന്നും മൊഴിയിലുണ്ട്. പേട്ടയിലെ മരുതം അപ്പാർട്ട്‌മെന്റിലെ ഫ്‌ളാറ്റ് സ്പീക്കറുടേതാണെന്ന് കരുതുന്നതായും അവർ പറഞ്ഞു. ഇഡിക്കെതിരെ സംസ്ഥാന സർക്കാർ നിയമ നടപടികൾ എടുക്കുമ്പോഴാണ് ഈ വിവരം പുറത്തു വരുന്നത്.

സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ കൂടുതൽ കുരുക്കിലാക്കി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിപ്പകർപ്പു നേരത്തെ പുറത്തു വന്നതിനു തൊട്ടുപിന്നാലെ സ്വർണക്കടത്തു കേസിലെ മറ്റൊരു പ്രതിയായ സരിത്തിന്റെ മൊഴി പകർപ്പും പുറത്ത്. സ്പീക്കർ യുഎഇ കോൺസുൽ ജനറലിന് വൻതുക നൽകിയെന്നാണ് സരിത്ത് മൊഴി നൽകിയത്. ലോക കേരള സഭയുടെ ലോഗോയുള്ള ബാഗിൽ 10 കെട്ട് നോട്ടുനൽകി. ബാഗ് തനിക്കും സ്വപ്നയ്ക്കും നൽകിയത് തിരുവനന്തപുരത്ത് ഫ്‌ളാറ്റിൽ വച്ചെന്നും സരിത്ത് പറഞ്ഞു. ഔദ്യോഗിക വസതിയിലേക്ക് സ്പീക്കർ മടങ്ങിയത് സ്വപ്നയുടെ കാറിലെന്നും സരിത്ത് മൊഴി നൽകി. ബാഗ് കൈമാറിയത് വിമാനത്താവളത്തിന് എതിർവശമുള്ള മരുതം റോയൽ അപാർട്‌മെന്റിൽ വച്ചായിരുന്നുവെന്നും സരിത്ത് മൊഴിയിൽ പറയുന്നു. ഇതിന് കരുത്ത് പകരുന്നതാണ് ഇംഗ്ലീഷ് പത്രത്തിലെ റിപ്പോർട്ട്.

സ്പീക്കർക്ക് ഒമാനിലെ മിഡിൽ ഈസ്റ്റ് കോളജിൽ നിക്ഷേപമുണ്ടെന്നും ഷാർജയിൽ ഇതേ കോളജിന്റെ ശാഖ തുടങ്ങാൻ പദ്ധതിയിട്ടിരുന്നതായും സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു. അന്വേഷണ സംഘത്തിനെതിരെ ക്രൈംബ്രാഞ്ച് എടുത്തിട്ടുള്ള കേസിന്റെ എഫ്‌ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയിൽ നൽകിയ ഹർജിക്കൊപ്പം സമർപ്പിച്ച മൊഴിയുടെ പകർപ്പാണ് പുറത്തു നേരത്തെ ചർച്ചയായത്. സ്വപ്ന സുരേഷിന്റെ വാട്‌സാപ് ചാറ്റുകളെ കേന്ദ്രീകരിച്ചു നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വപ്ന പി. ശ്രീരാമകൃഷ്ണന് എതിരായുള്ള വിവരങ്ങൾ നൽകിയിരിക്കുന്നത്.

ലഫീർ എന്ന വ്യക്തിയെ പരാമർശിച്ച് ഒരു വാട്‌സാപ് ചാറ്റ് സ്വപ്ന മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന് അയച്ചിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടി നൽകുമ്പോഴാണ് സ്പീക്കറുടെ പേര് സ്വപ്ന വെളിപ്പെടുത്തുന്നത്.