കൊച്ചി: സ്പീക്കർ ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറും തമ്മിലുണ്ടായിരുന്നത് ബിസിനസ് ബന്ധമോ? ഈ സംശയം ചർച്ചയാക്കുന്നതാണ് സ്വപ്‌നാ സുരേഷിന്റെ മൊഴി. ഒമാനിലെ മിഡിൽ ഈസ്റ്റ് കോളജിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും പ്രവാസിയായ ലഫീറും ബിസിനസ് പങ്കാളികളാണെന്നു ശിവശങ്കർ പറഞ്ഞിരുന്നു. മിഡിൽ ഈസ്റ്റ് കോളേജിലേക്കു നിയമിക്കപ്പെടാൻ ഞാൻ യോഗ്യയാണെന്നു ശിവശങ്കർ പറഞ്ഞത് സ്പീക്കർ സമ്മതിച്ചു. ശിവശങ്കറിന്റെയും ശ്രീരാമകൃഷ്ണന്റെയും നിർദേശപ്രകാരം കോളജിന്റെ ആവശ്യങ്ങൾക്കു ഞാൻ ഒമാനിൽ പോയി ചിലരെ കാണുകയും ചെയ്തിരുന്നുവെന്ന് സ്വപ്‌ന പറയുന്നു. ഇതെല്ലാം ശ്രീരാമകൃഷ്ണൻ നിഷേധിക്കുകയാണ്. എന്നാൽ ഈ വിഷയത്തിൽ ലാഫിറിനേയും ചോദ്യം ചെയ്തിട്ടുണ്ട്. ലാഫിർ എന്തു പറഞ്ഞുവെന്നത് ഇനിയും പുറത്തു വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഈ ഘട്ടത്തിൽ സംശയ നിഴലിൽ മാത്രമാണ് സ്പീക്കർ.

സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, എം. ശിവശങ്കർ, മന്ത്രിമാർ എന്നിവരുടെ പേരുകൾ സ്വപ്നയുടെ മൊഴിയിലുണ്ട്. എന്നാൽ ഒരിടത്തും മുഖ്യമന്ത്രിയുടെ പേര് പരാമർശിക്കുന്നില്ല. അതിനാൽ, 'സ്വപ്നയെ ഫോഴ്സ് ചെലുത്തി' മുഖ്യമന്ത്രിയുടെ പേരു പറയാൻ നിർബന്ധിച്ചെന്നു പറയുന്നത് വ്യാജമാണ്. തങ്ങൾ സ്വപ്നയെ ചോദ്യം ചെയ്ത ദിവസങ്ങളിൽ പൊലീസുകാരികളുടെ സാന്നിധ്യമില്ലായിരുന്നു എന്നു വ്യക്തമാക്കുന്ന തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, മുഖ്യമന്ത്രിയുടെ പേരു പറയാൻ തങ്ങൾ നിർബന്ധിച്ചെന്ന അവരുടെ മൊഴി വ്യാജമാണെന്നും അതിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണമെന്നുമാണ് ഇ.ഡിയുടെ ആവശ്യം. തങ്ങൾക്കെതിരായ ക്രൈംബ്രാഞ്ചിന്റെ എഫ്.ഐ.ആർ. റദ്ദാക്കണമെന്ന ഇ.ഡിയുടെ ഹർജി നാളെയാണു ഹൈക്കോടതി പരിഗണിക്കുന്നത്. സിബിഐ. അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതിയുടെ തീരുമാനം എതിരായാൽ സുപ്രീം കോടതിയെ സമീപിക്കാനാണ് അവർക്കു ലഭിച്ച നിയമോപദേശം.

ഇതിനിടെയാണ് സ്വപ്‌നയുടെ മൊഴിയും പൊതു സമൂഹത്തിൽ ചർച്ചയായത്. സന്ദീപിന്റെ 'കാർബൺ ഡോക്ടർ' എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തി സന്ദീപും സരിത്തുമായി അടുപ്പത്തിലായ സ്പീക്കർ സ്റ്റാർട്ടപ് മിഷൻ മുഖേന സ്ഥാപനത്തെ പ്രോത്സാഹിപ്പിക്കണമെന്നു ശിവശങ്കറിനോട് ആവശ്യപ്പെട്ടു. എങ്ങനെ സഹായിക്കാനാകുമെന്ന് ഇരുവരും ആലോചിച്ചു. സ്ഥാപനം സ്റ്റാർട്ടപ് മിഷനിൽ രജിസ്റ്റർ ചെയ്യാമെന്നും തുടക്കത്തിൽ കെഎസ്ആർടിസി ബസുകൾ സൗജന്യമായി ഡീ - കാർബണൈസ് (കരി നീക്കൽ) ചെയ്യുക വഴി സംസ്ഥാനമൊട്ടാകെ സർക്കാർ വാഹനങ്ങളുടെ കരാറിലേക്ക് എത്താമെന്നും തീരുമാനിച്ചു. ആദ്യം ഉദ്ഘാടനത്തിനു ക്ഷണിച്ചപ്പോൾ സൗജന്യമായി ഒന്നും ചെയ്യാറില്ലെന്നു പറഞ്ഞതിനെ തുടർന്ന് സന്ദീപും സരിത്തും കൂടി വിലകൂടിയ വാച്ച് സമ്മാനം നൽകിയാണു ക്ഷണിച്ചതെന്നും മൊഴിയിലുണ്ട്.

ഒരിക്കൽ സരിത്തുമായി പേട്ടയിലെ ഫ്‌ളാറ്റിലെത്താൻ സ്പീക്കർ ആവശ്യപ്പെട്ടു. അതനുസരിച്ച് ഞാൻ ഭർത്താവുമൊത്ത് സരിത്തിനെ കൂട്ടി പോയി. കോൺസൽ ജനറലിനു നൽകാനായി സ്പീക്കർ ഒരു ബാഗ് സരിത്തിനെ ഏൽപിച്ചു. ബാഗിനുള്ളിലെ പാക്കറ്റ് കോൺസൽ ജനറലിനെ ഏൽപിച്ചശേഷം സ്പീക്കറുടെ ഓർമയ്ക്കായി ബാഗ് ഞാൻ സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ബാഗിലുണ്ടായിരുന്ന പാക്കറ്റ് കറൻസിയാണെന്നു തോന്നുന്നുവെന്നു സരിത്ത് പിന്നീടു പറഞ്ഞു. രാഷ്ട്രീയ നേതാക്കൾക്ക് ഇത്രയും പണം എങ്ങനെ കിട്ടുന്നുവെന്നു ചർച്ച ചെയ്യുകയും ചെയ്തു.-ഇങ്ങനെ അതിഗൗരവമായ ആരോപണമാണ് സ്വപ്‌നയുടെ മൊഴി ഉയർത്തുന്നത്. സ്വർണ്ണ കടത്തിൽ സ്പീക്കറുടെ പങ്കിൽ ഇനിയും ചർച്ചയ്ക്കുള്ള തെളിവുകൾ പുറത്തു വന്നിട്ടില്ല. എന്നാൽ ഡോളർ കടത്തിൽ ശിവശങ്കറിനെ സംശയത്തിലാക്കുന്നതാണ് വെളിപ്പെടുത്തലുകൾ.

സർക്കാരിന്റെ വൻകിട പദ്ധതികൾ പലതും ടെൻഡർ പോലുമില്ലാതെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കു കിട്ടാൻ കാരണം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറും അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി. എം. രവീന്ദ്രനും ആണെന്നു സ്വപ്നയുടെ മൊഴി. ഇതിന് ഇരുവർക്കും ബെനാമി പേരുകളിൽ വൻ കോഴ കിട്ടുന്നുണ്ടെന്നും പുറത്തുവന്ന മൊഴിയിലുണ്ട്. ബാങ്ക് ലോക്കറിൽ കണ്ടെത്തിയ 1.08 കോടി രൂപ യുഎഇ കോൺസുലേറ്റിൽ നിന്നു തനിക്കു കിട്ടിയ കമ്മിഷൻ ആണെന്നു മുൻപു പറഞ്ഞതിൽ നിന്ന് ലൈഫ് പദ്ധതി കരാറുമായി ബന്ധപ്പെട്ടു ശിവശങ്കറിനു കിട്ടിയതാണെന്നു മാറ്റിപ്പറഞ്ഞത് വാട്‌സാപ് ചാറ്റുകൾ കാണിച്ചപ്പോൾ സത്യം പറയേണ്ടി വന്നതു കൊണ്ടാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. സ്വപ്ന നൽകിയ മൊഴി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), കോടതിക്കു കൈമാറിയിട്ടുണ്ട്.

ഇഡിയുടെ കസ്റ്റഡിയിലിരിക്കെ സുരക്ഷാ ചുമതലയിൽ എത്തിയ വനിതാ പൊലീസ്, വിഷമിക്കേണ്ടെന്നും സംരക്ഷിക്കാൻ ആളുകളുണ്ടെന്നും ഉടൻ ജയിൽ മോചിതയാകുമെന്നും പറഞ്ഞു. ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നതു ശ്രദ്ധിച്ചിരുന്നുവെന്നും മുഖ്യമന്ത്രിക്കും ശിവശങ്കറിനും എതിരെ മൊഴി നൽകരുതെന്നും പറഞ്ഞു. അടുത്ത ദിവസം ഡ്യൂട്ടിക്കു വന്നപ്പോൾ ആരോടോ തന്റെ കാര്യം പറഞ്ഞിട്ടുണ്ടെന്നും താൻ പറയുംപോലെ പറയണമെന്നും ഇക്കാര്യം സ്‌പെഷൽ ബ്രാഞ്ചിനു കേൾക്കണമെന്നും പറഞ്ഞു. തുടർന്ന് ഫോണിൽ ഇക്കാര്യം പറയിച്ചു. മറുതലയ്ക്കൽ ആരാണെന്നു മനസ്സിലായില്ല. കോൾ റെക്കോർഡ് ചെയ്യുന്നുണ്ടെന്നും അറിഞ്ഞില്ല. ക്രൈംബ്രാഞ്ചിനോടും മജിസ്‌ട്രേറ്റിനോടും ഇക്കാര്യം പറഞ്ഞിരുന്നുവെന്ന് സ്വപ്ന മൊഴി നൽകിയതായും ഇഡി രേഖകളിൽ പറയുന്നു.

അതിനിടെ മൊഴിയുടെ രൂപത്തിൽ എന്തു തോന്നിയവാസവും എഴുതിപ്പിടിപ്പിക്കാമെന്ന തരത്തിൽ അന്വേഷണ ഏജൻസികൾ തരം താഴുന്നതു ജനാധിപത്യ രാജ്യത്തിനു നല്ലതല്ലെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണനും പറയുന്നു. കള്ളക്കടത്തു കേസുകൾ സ്വന്തം പാർട്ടിയിൽ മുട്ടി നിൽക്കുമ്പോൾ അതിൽ നിന്നു ശ്രദ്ധ തിരിക്കാൻ സർക്കാരിനും മുഖ്യമന്ത്രിക്കും സ്പീക്കർക്കുമെതിരെ അപ്പം ചുട്ടെടുക്കുന്ന ലാഘവത്തിൽ മൊഴികൾ ഉണ്ടാക്കി വ്യക്തിഹത്യ നടത്താനുള്ള പുറപ്പാട് അംഗീകരിക്കില്ലെന്നും എല്ലാ തരത്തിലും നേരിടുമെന്നും അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ, അന്വേഷണ ഏജൻസികൾ കൊടുത്തതാണെന്ന മട്ടിൽ വ്യാജ പ്രചാരണങ്ങൾ പടച്ചുവിടുകയാണ്. ഒരു മാർഗത്തിലും കേരളത്തിൽ പ്രതിപക്ഷത്തിന് അംഗീകാരം ഇല്ലാതിരിക്കെ, തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ നുണകളുടെ പെരുമഴ ഉണ്ടാകുമെന്ന കാര്യത്തിൽ തർക്കമില്ല. അതിനെയൊക്കെ അതിജീവിച്ചാണ് ഇത്രയും കാലം പ്രസ്ഥാനം നിലനിന്നതെന്നും ഫേസ്‌ബുക് കുറിപ്പിൽ സ്പീക്കർ പറഞ്ഞു.

എന്നാൽ വാട്‌സാപ്പ് ചാറ്റുകളിൽ സത്യമുണ്ടെന്നാണ് ഇഡിയുടെ വാദം. അതുകൊണ്ടാണ് സ്വപ്‌നയുടെ മൊഴി ഗൗരവത്തോടെ എടുക്കുന്നത്. ഡിസംബർ 16-ന് അട്ടക്കുളങ്ങര വനിതാ ജയിലിൽ ചോദ്യംചെയ്തപ്പോൾ ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനോട് സ്വപ്ന പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്. തന്നെ തെറ്റായ ഉദേശ്യത്തോടെ പേട്ടയിലെ 'മരുതം' ഫ്‌ളാറ്റിലേക്ക് ക്ഷണിച്ച സ്പീക്കർ ഫ്‌ളാറ്റ് താന്റെതാണെന്നും മറ്റൊരാളുടെ പേരിൽ രജിസ്റ്റർ ചെയ്തതാണെന്നും പറഞ്ഞതായും മൊഴിയിലുണ്ട്. യു.എ.ഇ. കോൺസുലേറ്റിൽ നടന്ന ചടങ്ങിൽവച്ചാണ് സ്പീക്കറെ പരിചയപ്പെട്ടത്. അന്ന് മൊബൈൽ നമ്പർ വാങ്ങി. അതിന് ശേഷം തുടർച്ചായി വാട്സാപ്പ് സന്ദേശവും ഫോൺ വിളിയും തുടങ്ങി. പലതവണ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചു. ഒമാനിലെ മിഡിൽ ഈസ്റ്റ് കോളേജിൽ സ്പീക്കർക്ക് നിക്ഷേപമുള്ളതിനെക്കുറിച്ച് ശിവശങ്കർ പറഞ്ഞിരുന്നു. സ്വപനയ്ക്ക് കോളേജിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ചുമതല നൽകാമെന്ന നിർദ്ദേശം ശ്രീരാമകൃഷ്ണനും സമ്മതിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒമാൻ സന്ദർശിച്ചു. ഇതിനുശേഷം രണ്ടുതവണ ശ്രീരാമകൃഷ്ണൻ തന്നെ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചു. തന്റെ ഒളിസങ്കേതമാണ് ഇതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സരിത്തിനൊപ്പമാണ് അവിടെ പോയത്. ശ്രീരാമകൃഷ്ണന്റെ വ്യക്തിതാത്പര്യത്തോട് യോജിക്കാത്തതിനാൽ വാഗ്ദാനംചെയ്ത മിഡിൽ ഈസ്റ്റ് കോളേജിലെ ജോലി നഷ്ടപ്പെട്ടു. ഇതിന് ശേഷവും ശ്രീരാമകൃഷ്ണൻ അടുപ്പം തുടരാൻ ശ്രദ്ധിച്ചു. യു.എ.ഇ.യിലെ താത്പര്യങ്ങൾക്കായി കോൺസൽ ജനറലിന്റെ പിന്തുണ ആവശ്യമായിരുന്നതിനാലാണിത്-സ്വപ്‌നയുടെ മൊഴിയിൽ പറയുന്നു.